nameeb-horse
നമീബ് മരുഭൂമിയിലെ കാട്ടുകുതിരകൾ

ആഫ്രിക്കയിലെ നമീബ് മരുഭൂമിയിലെ കാട്ടുകുതിരകളുടെ ശരീരം കണ്ടാലറിയാം അവയുടെ ദാരിദ്ര്യം. എന്നാൽ, ഇതുകണ്ട് ഇവരുടെ കരുത്തിനെ കുറിച്ച് സംശയം തോന്നിയാൽ തെറ്റി. ഒരു തുള്ളി വെള്ളംപോലും കുടിക്കാതെ 30 കിലോമീറ്റർ ഓടാൻ ഇവയ്ക്കാവും. മാത്രമല്ല, ശൈത്യകാലത്ത് 72 കിലോമീറ്റർ വരെ ഇവർ കുതിക്കും. ഇങ്ങനെ എപ്പോഴും തങ്ങളുടെ കരുത്ത് കാട്ടാൻ ഒരുക്കമാണവർ.
തണുപ്പൻ പുൽമേടുകളിലാണ് സാധാരണ കുതിരകളുടെ വാസസ്ഥലമെങ്കിലും മരുഭൂമിയിലെ ജീവിതം തന്നെയാണ് ഇവയെ ഇങ്ങനെയാക്കിയത്. പണ്ടെങ്ങോ വഴിതെറ്റി മരുഭൂമിയിലെത്തിയ കുതിരകളാണിവയെന്നാണ് പറയുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാംശതകത്തിലാണിവ എത്തിയതെന്നും കരുതുന്നു. ഒന്നാംലോക മഹായുദ്ധകാലത്ത് ഈ പ്രദേശത്ത് തമ്പടിച്ചിരുന്ന ജർമ്മൻ പട്ടാള സംഘത്തിൽ നിന്ന് ഒഴിഞ്ഞുപോയതാകാമെന്നാണ് മറ്റൊരു സംശയം.

പ്രദേശത്തെ വജ്ര ഖനികളിലേക്കെത്തിച്ച കുതിരകളുടെ പിൻമുറക്കാരാകാം ഇവയെന്ന വാദവുമുണ്ട്.

എന്നാൽ, മരുഭൂമിയിലെ ഉണക്കപ്പുല്ലും ഖനി ബാക്കിയാക്കിയ ചെറു തടാകങ്ങളിലെ വെള്ളംകുടിച്ചും ജീവിച്ച കുതിരകളുടെ ചാണകം വളമാക്കി പ്രദേശത്തെ പുല്ലുകളുടെ ആരോഗ്യം മെച്ചപ്പെട്ടു. മരുഭൂമിയുടെ പത്തിലൊന്ന് ഭാഗം ഹരിതാഭമായി മാറാനും ഈ കുതിരകളുടെ വാസം സഹായിച്ചുവെന്നാണ് പറയുന്നത്. ഇന്ന് കുതിരകളെ കൃത്യമായി സംരക്ഷിക്കാനായി നമീബിയ സർക്കാർ ശ്രമം നടത്തുന്നുണ്ട്. കുതിരകളെ പിടിക്കുന്നതും വേട്ടയാടുന്നതും ശിക്ഷാർഹമാണ്. പുതിയ കുളങ്ങളും ഇവയ്ക്കായി നിർമ്മിച്ചു.