കണ്ണൂർ: ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതി ആഗസ്റ്റിൽ പൂർത്തിയാകും. കൊച്ചി – മംഗളൂരു പൈപ്പ് ലൈൻ പദ്ധതിയുടെ പ്രവൃത്തി അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. കോഴിക്കോട് ചാലിയാർ, ഇരുവഴിഞ്ഞി, കുറ്റ്യാടി, മലപ്പുറത്ത് ഭാരതപ്പുഴ, കാസർകോട് ചന്ദ്രഗിരി പുഴകൾക്കടിയിലൂടെയുള്ള പൈപ്പിടലാണ് ഇപ്പോൾ പുരോഗമിച്ചു വരുന്നത്. 444 കിലോമീറ്റർ ദൂരമുള്ള പൈപ്പിടലിന്റെ പ്രവൃത്തി ഭൂരിഭാഗവും പൂർത്തിയായി. 96 കിലോമീറ്റർ ദൂരത്തിലുള്ള കൊച്ചി–കൂറ്റനാട് ലൈനിൽ പ്രവൃത്തി പൂർത്തിയായി സുരക്ഷാ പരിശോധന നടന്നുവരികയാണ്. ഒരു മാസത്തിനകം ഈ ലൈനിൽ വാതകം നിറയ്ക്കും. പ്രാദേശിക വിതരണത്തിനുള്ള പൈപ്പിടൽ ആരംഭിക്കാത്തതിനാൽ വീട്, വാഹനങ്ങൾ എന്നിവയ്‌ക്കുള്ള വാതക വിതരണം വൈകും. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ , അദാനി ഗ്രൂപ്പ് എന്നിവയാണ് ഇതിനുള്ള നടപടി കൈക്കൊള്ളേണ്ടത്.
കണ്ണൂർ, കാസർകോട് ജില്ലകളിൽ പൈപ്പിടൽ പുരോഗമിക്കുന്നു
കണ്ണൂർ, കാസർകോട് ജില്ലകളിൽ പൈപ്പിടൽ അവസാനഘട്ടത്തിലാണ്. ഗെയിൽ പദ്ധതിക്കായി കൂടുതലും ജനവാസമില്ലാത്ത സ്ഥലങ്ങൾ എടുക്കുന്നതിനാൽ വിളകൾക്കുള്ള നഷ്ടപരിഹാരമാണ് ആദ്യം നൽകുന്നത്. കൊച്ചി- മംഗളുരു പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി. പദ്ധതിക്കായി കേരളത്തിലും കർണ്ണാടകയിലുമായി 438 കിലോമീറ്റർ ഭൂമിയാണ് ഏറ്റെടുത്തത്. കേരളത്തിൽ 403 കിലോമീറ്ററും കർണ്ണാടകയിൽ 35 കിലോമീറ്ററുമാണ് ഏറ്റെടുത്തിട്ടുള്ളത്. എറണാകുളം 16 കിലോമീറ്റർ, തൃശൂർ 72 കിലോമീറ്റർ, പാലക്കാട് 13 കിലോമീറ്റർ, മലപ്പുറം 58 കിലോമീറ്റർ, കോഴിക്കോട് 80 കിലോമീറ്റർ, കണ്ണൂർ 83 കിലോമീറ്റർ, കാസർഗോഡ് 81 കിലോമീറ്റർ എന്നിങ്ങനെയാണ് ഭൂമി ഏറ്റെടുത്തിട്ടുള്ളത്. 438 കിലോമീറ്ററിൽ 369 കിലോമീറ്റർ ഭൂമിയും സമനിരപ്പാക്കി 20 മീറ്റർ വീതിയിൽ പൈപ്പ് സ്ഥാപിക്കുന്നതിനാണ് ഭൂമി ഏറ്റെടുത്തത്. ഇതിൽ 10 മീറ്റർ മാത്രമേ പൈപ്പിടാൻ ഉപയോഗിക്കുന്നുള്ളു. ബാക്കിവരുന്ന 10 മീറ്റർ ഭൂമി പ്രവൃത്തി പൂർത്തിയായശേഷം തിരിച്ചു നൽകും. ഇത് ഭൂവുടമയ്‌ക്ക് വിനിയോഗിക്കാം. അതുപോലെ പൈപ്പ് ലൈൻ പാകിയ ശേഷം മണ്ണിട്ടുനികത്തിയ ഭൂമിയിൽ വാഴ, നെല്ല് എന്നിവയടക്കമുള്ള ഇടക്കാലവിളകൾ കൃഷി ചെയ്യാനാവും. വായുവിനേക്കാൾ ഭാരംകുറഞ്ഞ മീഥേയ്ൻ ആണ് പ്രകൃതിവാതകത്തിലെ മുഖ്യഘടകം.തനിയെ തീപിടിക്കുകയില്ല. അതിനാൽ എൽ.പി.ജി പോലെ അപകടകാരിയല്ല പ്രകൃതിവാതകമെന്ന് ഗെയിൽ അധികൃതർ പറയുന്നു.
കണ്ണൂരിൽ അഞ്ച് വാൾവ് സ്റ്റേഷനുകൾ:
പൊതുആവശ്യങ്ങൾക്ക് പ്രകൃതി വാതകം നൽകുന്നതിന് ജില്ലയിൽ എരുവട്ടി, കൂടാളി, കുറുമാത്തൂർ, പരിയാരം,ആലപ്പടമ്പ് എന്നിവിടങ്ങളിൽ അഞ്ച് വാൾവ് സ്‌റ്റേഷനുകൾ സ്ഥാപിക്കും. എല്ലാ കൺട്രോൾ സ്‌റ്റേഷനുകളിലും പ്രാദേശിക വിതരണത്തിനുള്ള പോയിന്റുകളും ഉണ്ടാവും. എറണാകുളത്തിന് ഇപ്പുറം, പൈപ്പ് ലൈൻ കടന്നുപോകുന്ന ഏഴ് ജില്ലകൾ കൂടാതെ വയനാട്, മാഹി എന്നിവകൂടി സിറ്റിഗ്യാസ് പദ്ധതിയിൽ ഉൾപ്പെടുത്താൻ പെട്രോളിയം റഗുലേറ്ററി ബോഡി തീരുമാനിച്ചിട്ടുണ്ട്.