കാസർകോട്: പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാലും കൃപേഷും അംഗങ്ങളായിരുന്ന വാദ്യകലാസംഘത്തിന്റെ ഓഫീസ് സി.പി.എം പ്രവർത്തകർ അടിച്ചുതകർത്ത് തീയിട്ടു നശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് കല്യോട്ട് സംഘടിപ്പിച്ച സി.പി.എം പ്രതിഷേധ യോഗം കഴിഞ്ഞു തിരിച്ചുപോയവരാണ് യൂത്ത് കോൺഗ്രസ് നിയന്ത്രണത്തിലുള്ള വാദ്യകലാസംഘം ഓഫീസ് അടിച്ചുതകർക്കുകയും കത്തിക്കുകയും ചെയ്തത്. കല്യോട്ട് ടൗണിൽ സ്ഥാപിച്ചിരുന്ന കോൺഗ്രസ് പ്രവർത്തകൻ ശശിയുടെ സ്മാരക സ്തൂപവും ഇവർ അടിച്ചുതകർത്തു.
കൊല്ലപ്പെട്ട യുവാക്കളുടെ കുഴിമാടത്തിനടുത്തേക്ക് പോയി ഒരുവിഭാഗം അതിക്രമത്തിനു ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. കൃപേഷിന്റെ അച്ഛനെ സി.പി.എം പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഇരുപത്തിയഞ്ചോളം വരുന്ന സംഘമാണ് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛൻ കൃഷ്ണന്റെ വീടിനടുത്തെത്തി ഭീഷണിപ്പെടുത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങളിൽ ബേക്കൽ പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ്, ഡിവൈ.എസ്.പി ടി.എൻ. സജീവൻ എന്നിവർ അക്രമമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു.
സംഘർഷവുമായി ബന്ധപ്പെട്ട് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്ത എട്ടു പേരെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ എ. ചന്ദ്രൻ (48), വിജിത്ത് (20), ആനന്ദകൃഷ്ണൻ (22), സനൽ കുമാർ (24), ഗിരീഷ് (23), ഗോപകുമാർ (25), സതീശൻ (30), വിവേക് (28) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.