കാസർകോട്: ഐസിസിൽ ചേരുന്നതിന് നാടുവിട്ടവരെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവരാതിരിക്കുകയും തീവ്രവാദ താവളങ്ങൾ അമേരിക്കയുടെ അക്രമങ്ങളിൽ തകരുകയും ചെയ്തതോടെ മലബാറിലെ ഐസിസ് യുഗം അവസാനിച്ചു എന്ന കണക്കുകൂട്ടൽ പിഴയ്ക്കുന്നു. വടക്കൻ കേരളം ഐസിസ് ഭീകരരുടെ താവളമാകുന്നതായാണ് ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. കാസർകോട് ജില്ലയിൽ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യാപകമായി നടക്കുന്നതായാണ് വിവരം.
കണ്ണൂർ ജില്ലയിൽ നിന്നും കാണാതായവരും ഐസിസ് കേന്ദ്രങ്ങളിലെത്തിയതായ സൂചനകളുണ്ടായിരുന്നു. എക്‌സ്‌പോസ് കേരള, ഗോൾഡ് ദീനാർ, മെസേജ് കേരള എന്നീ മൂന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചാണ് തീവ്രവാദസ്വഭാവമുള്ള സന്ദേശങ്ങൾ കൈമാറി ഐസിസ് സംഘം ആളുകളെ വലവീശി പിടിക്കുന്നതെന്ന വിവരമാണ് പുറത്തുവന്നത്. തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കാനും ആളുകളെ റിക്രൂട്ട് ചെയ്യാനും സാമൂഹ്യമാദ്ധ്യമങ്ങൾ വ്യാപകമായി ഉപയോഗിക്കുകയാണെന്നും പറയുന്നു. ഇക്കാര്യങ്ങൾ എൻ.ഐ.എ നിരീക്ഷിക്കുന്നുണ്ട്.
ശ്രീലങ്കയിൽ ഭീകരാക്രമണം നടക്കുകയും അതിന്റെ പിന്നാലെ കാസർകോട് കുഡ്‌ലു സ്വദേശി അഹമ്മദ് അരാഫത്ത്, വിദ്യാനഗർ നായന്മാർമൂലയിലെ അബൂബക്കർ സിദ്ദിഖ് എന്നിവരുടെ വീടുകൾ റെയ്ഡ് നടത്തുകയും ചെയ്തതോടെയാണ് വടക്കൻ കേരളം ഐസിസ് ഭീകരരുടെ കേന്ദ്രമായി മാറുന്നത് കണ്ടെത്തിയത്. തൃക്കരിപ്പൂർ ഉടുംബുന്തലയിൽ നിന്നും ഐസിസിൽ ചേരുകയും മലയാളികളെ റിക്രൂട്ട് ചെയ്തു ഐസിസ് ഭീകരനായി വളരുകയും ചെയ്ത മുഹമ്മദ് റാഷിദ് അബ്ദുള്ളയുടെ നേതൃത്വത്തിൽ തന്നെയാണ് കാസർകോട്, കണ്ണൂർ, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചു റിക്രൂട്ട്മെന്റ് നടക്കുന്നതെന്നാണ് വിവരം. ഇയാളുടെ ഭാര്യ സോണിയ എറണാകുളം ജില്ലയിൽ നിന്നും ആളുകളെ ഐസിസിൽ എത്തിക്കുന്ന ദൗത്യം ഏറ്റെടുത്തിട്ടുണ്ടെന്നും പറയുന്നു.
2016ൽ കേരളത്തിൽ നിന്നും ഐസിസിൽ ചേരാൻ അഫ്ഗാനിസ്ഥാനിൽ എത്തിയ 21 അംഗ സംഘത്തിൽ അഞ്ചു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ച ഇവരുടെ വീഡിയോ ദൃശ്യങ്ങൾ ഐസിസ് ഭീകരർ തന്നെ പ്രചരിപ്പിച്ചിരുന്നു. 'കേരളത്തിൽ നിന്നുള്ള രക്തസാക്ഷികൾ' എന്ന പേരിലാണ് മരിച്ചവരുടെ വീഡിയോ ദൃശ്യം പ്രചരിപ്പിച്ചത്. മൂന്ന് മിനിട്ട് ദൈർഘ്യമുള്ള വീഡിയോ ദൃശ്യത്തിൽ മരിച്ചു കിടക്കുന്നവരുടെയും ജീവിച്ചിരിക്കുന്നവരുടെയും ചിത്രങ്ങൾ ഉണ്ടായിരുന്നു. 'ടെലിഗ്രാം' മാദ്ധ്യമത്തിലൂടെയാണ് ഇതിന്റെ പ്രചാരം. എന്നാൽ മറ്റുള്ളവരെ കുറിച്ച് അടുത്തകാലത്തായി യാതൊരു വിവരങ്ങളും പുറത്തുവരുന്നില്ല.
മുഹമ്മദ് റാഷിദിന്റെ നിർദേശ പ്രകാരം പടന്നയിൽ നിന്നും സംഘത്തെ കൊണ്ടുപോയ അഷ്ഫാഖ് മജീദ്, പൊതുപ്രവർത്തകനായ ബി.സി.എ റഹ്മാന് ടെലിഗ്രാം സന്ദേശം അയച്ചാണ് മരണവിവരം നാട്ടിൽ അറിയിച്ചിരുന്നത്. ദേശീയ അന്വേഷണ ഏജൻസിക്കും ഐസിസ് ക്യാമ്പിലെ വിവരങ്ങൾ അറിയാൻ തുടർച്ചയായി ലഭിച്ചുകൊണ്ടിരുന്ന സന്ദേശം സഹായമായിരുന്നു.