കാഞ്ഞങ്ങാട്: തുടക്കത്തിൽ അതിവേഗം പുരോഗമിച്ച പള്ളിക്കര റെയിൽവേ മേൽപാലം പണി മന്ദഗതിയിൽ. തിരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങിയതോടെയാണ് പള്ളിക്കര മേൽപ്പാലം പണി ഇഴഞ്ഞുനീങ്ങാൻ തുടങ്ങിയത്. നിരന്തര സമരങ്ങൾക്കൊടുവിലാണ് പള്ളിക്കര മേൽപ്പാലം പണി ആരംഭിച്ചത്. പണി തുടങ്ങിയ അന്നുമുതൽ എം പിയും മറ്റ് ജനപ്രതിനിധികളുമടക്കം പള്ളിക്കരയിൽ നിത്യ സന്ദർശകരായിരുന്നു. മാസം ആറു കഴിഞ്ഞിട്ടും സർവീസ് റോഡിന്റെ പണി വരെ പൂർത്തികരിച്ചിട്ടില്ല. റെയിൽവേ ഗേറ്റിന് പടിഞ്ഞാറുഭാഗത്തെ സർവീസ് റോഡിന്റെ പണി ഏറെക്കുറെ പൂർത്തികരിച്ചിട്ടുണ്ടെങ്കിലും, കിഴക്കുവശം ചിറ്റക്കാവിനു സമീപം വരെയുള്ളയിടത്ത് മന്ദഗതിയിലാണ് പണി നിങ്ങുന്നത്. ഇരു വശത്തുമുള്ള രണ്ടു തൂണുകളുടെ പണി മാത്രമാണ് ഏറെക്കുറെ പുർത്തികരിച്ചത്. അടുത്ത മാസം മഴയെത്തുന്നതോടെ പണി പൂർണമായും മന്ദീഭവിക്കാനാണ് സാധ്യത.
ദേശീയപാതയിൽ 64.43 കോടി രൂപ ചെലവിലാണ് മേൽപ്പാലം നിർമിക്കുന്നത്. 45 മീറ്ററിൽ നാലുവരി മേൽപാലമാണ് നിർമിക്കുന്നതെങ്കിലും ആറുവരിക്ക് സമാനമായി ഇത് വികസിപ്പിക്കാനാവും. 780 മീറ്റർ മേല്പാലവും 700 മീറ്റർ അനുബന്ധ റോഡും വരും. മൊത്തം ചെലവായ 64.43 കോടി രൂപയിൽ 52.68 കോടി രൂപ പാലം നിർമാണ ചെലവാണ്. എറണാകുളം പെരുമ്പാവൂരിലെ ഇ.കെ.കെ ഇഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ് നിർമാണ കരാർ. മുംബൈക്കും കൊച്ചിക്കുമിടയിൽ നീലേശ്വരം പള്ളിക്കരയിൽ മാത്രമാണ് മേൽപ്പാലം പൂർത്തീയാകാനുള്ളത് കരാറെടുത്തവർ 2018 ഒക്ടോബർ 30 നാണ് പാലം പണി ഔദ്യോഗികമായി ആരംഭിച്ചത്. നിർമ്മാണം ആരംഭിച്ചാൽ 260 ദിവസത്തിനകം പാലം പണി പൂർത്തീകരിക്കുമെന്നായിരുന്നു അന്ന് അധികൃതർ ഉറപ്പുനൽകിയത്. എന്നാൽ ഇന്നത്തെ നിലയിൽ പാലം പണി പൂർത്തിയാകാൻ പിന്നെയും മാസങ്ങൾ വേണ്ടി വന്നേക്കും..