കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ ഡെപ്യൂട്ടി മേയർ പി.കെ രാഗേഷുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സി.പി.എം നീക്കം തുടങ്ങി. ഡെപ്യൂട്ടി മേയറെ കൂട്ട് പിടിച്ച് ഭരണമാറ്റത്തിനുള്ള അണിയറ നീക്കങ്ങൾ യു.ഡി.എഫ് തുടങ്ങിയതോടെയാണ് ഇടപെടൽ. ഡപ്യൂട്ടി മേയറെ മെരുക്കുന്നതിന്റെ ആദ്യപടിയായി പി.കെ രാഗേഷിന് പുതിയ കാർ വാങ്ങാൻ കൗൺസിൽ തീരുമാനിച്ചു.
മേയർക്കും ഡെപ്യൂട്ടി മേയർക്കും പുതിയ കാർ വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമായിരുന്നു രാഗേഷിനെ സി.പി.എമ്മുമായി കൂടുതൽ അകലാൻ ഇടയാക്കിയത്. മേയർക്കു മാത്രം കാർ വാങ്ങിയ സംഭവത്തിൽ പ്രതിഷേധിച്ച് രാഗേഷ് കൗൺസിൽ യോഗം ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. ഈ പ്രതിസന്ധി തീർക്കാനാണ് ഒരു കാർ കൂടി വാങ്ങുന്നത്. മേയർക്ക് വാങ്ങിയ ഇന്നോവ ക്രിസ്റ്റ തന്നെയാണ് ഡെപ്യൂട്ടി മേയർക്കും വാങ്ങുന്നത്. പി.കെ. രാഗേഷുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ ചർച്ച നടത്തിയതോടെയാണ് ഭരണം പിടിച്ചെടുക്കാൻ യു.ഡി.എഫ് നീക്കം നടത്തുന്നതായി അഭ്യൂഹം പടർന്നത്. നിലവിൽ ഭരണസമിതിയുടെ കാലാവധി തീരാൻ ഒരു വർഷത്തിലധികം ഉണ്ട്.