കൂത്തുപറമ്പ്: നിർമ്മലഗിരിക്കടുത്ത മൂന്നാം പീടികയിൽ യുവാവിനെ ഹണി ട്രാപ്പിൽപ്പെടുത്തി സ്വർണവും പണവും തട്ടിയ കേസിലെ മുഖ്യ പ്രതിയെ പൊലീസ് ചോദ്യം ചെയ്തു. റിമാൻഡിലായി
രുന്ന ധർമ്മടം പാലയട്ടെ എം.കെ.റനീഷിനെയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തത്. ഹണി ട്രാപ്പ് സംഘം കൂടുതൽ പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്ന സൂചനയെ തുടർന്നാണിത്. സബ് ജയിലിൽ റിമാൻഡിലായിരുന്ന റനീഷിനെ കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ അനുമതിയോടെയാണ് ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയത്.
കഴിഞ്ഞ മാസം 22 നാണ് തലശ്ശേരി ടെമ്പിൾ ഗേറ്റ് സ്വദേശിയായ യുവാവിനെ മൂന്നംഗ സംഘം ഹണി ട്രാപ്പിനിരയാക്കുന്നത്. കൂത്തുപറമ്പിനടുത്ത മൂന്നാംപീടികയിലെ വാടക ക്വാർട്ടേഴ്‌സിൽ എത്തിച്ച സംഘം ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും കൈക്കലാക്കുകയായിരുന്നു. ഒന്നര ലക്ഷം രൂപ നൽകിയില്ലെങ്കിൽ യുവതിക്കൊപ്പം നിർത്തി നഗ്‌ന ഫോട്ടോ എടുത്ത് നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ സംഘം കൈയിലുണ്ടായിരുന്ന 4800 രൂപയും ഒന്നര പവൻ തൂക്കം വരുന്ന സ്വർണ മോതിരവും എ ടി എം.കാർഡുകളും കൈക്കലാക്കിയെന്നാണ് കേസ്. തലശ്ശേരിക്കടുത്ത പുന്നോലിലെ എ.പി.ഹൗസിൽ ഷഹനാസ്, പാലയാട് രജീഷ് നിവാസിൽ എം.കെ.റിനീഷ് എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതുന്ന മറ്റൊരു സ്ത്രീയെപ്പറ്റിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾ മറ്റ് സ്ഥലങ്ങളിലും സമാന രീതിയിലുള്ള തട്ടിപ്പുകൾ നടത്തിയതായും സൂചനയുണ്ട്.