കൂത്തുപറമ്പ്: കോളയാട് പഞ്ചായത്തിലെ പെരുവ ആദിവാസി കോളനിയിലേക്കുള്ള നടപ്പാലം അപകടാവസ്ഥയിൽ. രണ്ട് തൂണുകളിലൊന്ന് തകർന്നതോടെ ഏത് സമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ് പാലം. കാലവർഷം ആരംഭിക്കുന്നതോടെ ചന്ത്രോത്ത്, ആക്കംമൂല കോളനിയിലെ നൂറോളം കുടുംബങ്ങൾക്ക് പുറം ലോകവുമായുള്ള ബന്ധം അന്യമാകും.
24 വർഷം മുൻപാണ് കണ്ണവം പുഴയിൽ നടപ്പാലം നിർമ്മിച്ചത്. വാഹനയാത്ര അസാദ്ധ്യമായ പാലത്തിലൂടെയാണ് കോളനിക്കാർ പുറം ലോകത്ത് എത്തിയിരുന്നത്. ഒരാഴ്ച്ച മുൻപാണ് നടപ്പാലത്തിന്റെ പ്രധാന തൂണുകളിലൊന്ന് തകർന്നത്. ഇതോടെ വനത്തിലുള്ളിൽ ഒറ്റപ്പെട്ടു പോകുമോയെന്നാണ് ആശങ്ക.
ഒരു കിലോമീറ്റർ അകലെയുള്ള കടൽ കണ്ടം പാലത്തിലൂടെയാണ് കോളനിയിലേക്ക് വാഹനങ്ങൾ എത്തിയിരുന്നത്. എന്നാൽ ഏതാനും വർഷങ്ങളായി ഈ പാലം അപകടാവസ്ഥയിലായതോടെ വാഹനയാത്ര നിർത്തി. പുഴയിൽ വെള്ളമില്ലാത്തപ്പോഴേ വാഹനങ്ങൾക്ക് ഇതുവഴി വരുന്നുള്ളു.
കഴിഞ്ഞ വർഷത്തെ പ്രളയത്തെ അതിജീവിച്ചെങ്കിലും തൂണിനടിയിലെ മണ്ണ് കുത്തിയൊലിച്ചതാണ് നടപ്പാലത്തെ തകർത്തത്. കാലവർഷം ആരംഭിക്കാനിരിക്കെ വെള്ളത്തിന്റെ കുത്തൊഴുക്കിൽ പാലം പൂർണ്ണമായും തകരുമോ എന്നാണ് ഇപ്പോഴത്തെ ആശങ്ക. പെരുവ പോസ്റ്റ് ഓഫീസിന് സമീപത്തായി പുതിയ പാലം നിർമ്മിച്ചാലേ യാത്രാക്ലേശത്തിന് പരിഹാരമാകൂ. കോളനിവാസികൾ ഇത് സംബന്ധിച്ച് പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലൻ, സ്ഥലം എം.എൽ.എയായ മന്ത്രി ഇ.പി ജയരാജൻ, ജില്ലാ കളക്ടർ എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്.