നീലേശ്വരം: വെള്ളരിക്കുണ്ട് ആസ്ഥാനമായി താലൂക്ക് നിലവിൽ വന്ന് വർഷങ്ങൾ കഴിഞ്ഞെങ്കിലും ബസ് സർവീസ് കുറവെന്ന് യാത്രക്കാർ. നീലേശ്വരം ബസ് സ്റ്റാൻഡിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. വൈകുന്നേരങ്ങളിലാണ് യാത്രാക്ലേശം കൂടുതൽ.

രാത്രി 8.20നാണ് വെള്ളരിക്കുണ്ട് - കൊന്നക്കാട് ഭാഗത്തേക്ക് അവസാന ട്രിപ്പ് പുറപ്പെടുന്നത്. മംഗലാപുരം, കണ്ണൂർ ഭാഗങ്ങളിൽ നിണ് ആശുപത്രികളിലും മറ്റും പോയി തിരിച്ചുവരുന്നവർക്ക് രാത്രികാലങ്ങളിൽ ബസ് സർവീസില്ലാത്തതിനാൽ പിന്നെ ടാക്സി പിടിച്ച് പോവേണ്ട സ്ഥിതിയാണുള്ളത്. നീലേശ്വരത്ത് നിന്ന് 7.30 ന് വെള്ളരിക്കുണ്ട് വഴി കൊന്നക്കാടേക്ക് കെ.എസ്.ആർ.ടി.സി ബസ് അനുവദിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. നിലവിൽ എളേരിത്തട്ടിൽ അവസാനിക്കുന്ന വിധത്തിൽ 7.40 ന് നീലേശ്വരത്ത് നിന്ന് പുറപ്പെടുന്ന കെ.എസ്.ആർ ടി.സി പുങ്ങംചാൽ - മാലോം വഴി കൊന്നക്കാടേക്ക് ദീർഘിപ്പിച്ചാലും യാത്രാക്ലേശം ഒരു പരിധി വരെ പരിഹരിക്കാൻ കഴിയുമെന്ന് യാത്രക്കാർ പറയുന്നു.

ഉച്ചയ്ക്ക് 2.20ന് ശേഷം 4 മണിക്ക് മാത്രമാണ് വെള്ളരിക്കുണ്ടിലേക്ക് നീലേശ്വരം ബസ് സ്റ്റാൻഡിൽ നിന്നും ഒരു ബസുള്ളത്. ഇതിനിടയിൽ 2.50 ന് ഒരു സൂപ്പർ ഫാസ്റ്റ് ബസ് സർവീസുണ്ടെങ്കിലും അതിന് സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്ത ചാർജാണെന്ന് യാത്രക്കാർ പറയുന്നു.

നീലേശ്വരം നഗരസഭയുടെ കിഴക്കെ അതിർത്തിയായ പാലാത്തടം കാമ്പസ് മുതലുള്ള സാധാരണക്കാർക്ക് വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനത്തേക്ക് ഓഫീസ് ആവശ്യത്തിന് എത്തണമെങ്കിൽ ഒരു ദിവസം മെനക്കെടേണ്ടി വരുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.