പഴയങ്ങാടി: സുനാമി കോളനികളിൽ ശുദ്ധജലക്ഷാമം രൂക്ഷമായതോടെ നാട്ടുകാർ മാടായിപ്പാറയിൽ ശുദ്ധജല വിതരണ വാഹനം തടഞ്ഞു. മുട്ടം ഏരിപ്രം സുനാമി കോളനിയിലെ 40 ഓളം കുടുംബങ്ങളാണ് പ്രതിഷേധിച്ചത്. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ വെള്ളം മുടങ്ങി ഒരാഴ്ച്ച കഴിഞ്ഞിട്ടും നടപടി ഇല്ലാതായപ്പോഴായിരുന്നു പ്രതിഷേധം.
മാടായിപ്പാറയിൽ സ്ഥാപിച്ച ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭീമൻ സംഭരണിയിൽ നിന്നാണ് മാടായി, ഏഴോം, ചെറുതാഴം, കുഞ്ഞിമംഗലം, രാമന്തളി എന്നീ പഞ്ചായത്തുകളിലേക്കും പയ്യന്നൂർ മുൻസിപ്പാലിറ്റിയിലേക്കും ഏഴിമല നാവിക അക്കാദമിയിലേക്കും ശുദ്ധജലം എത്തിക്കുന്നത്. ഇതിനായി ചില ഭാഗങ്ങളിലേക്കുള്ള വാൾവ് അടക്കുന്നതാണ് കോളനിവാസികളെ ദുരിതത്തിലാക്കുന്നത്. ഇവിടെ പൊതുകിണർ ഇല്ലാത്തതും ജലക്ഷാമം രൂക്ഷമാക്കുന്നു,.
മാടായി മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡായ ഈ സ്ഥലത്ത് മൂന്ന് വർഷം മുമ്പ് പൊതുകിണറിന് അപേക്ഷ നൽകിയെങ്കിലും ഇത് ചുവപ്പ് നടയിൽ പെട്ടു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയാണ് പ്രതിഷേധിച്ചത്. തുടർന്ന് പഴയങ്ങാടി പൊലീസും ജല അതോറിറ്റി എൻജിനീയർമാരും സ്ഥലത്തെത്തി ഇന്ന് മൂന്നോടെ വെള്ളം തുറന്ന് കൊടുക്കും എന്ന വ്യവസ്ഥയിൽ നാട്ടുകാർ പിരിഞ്ഞു പോയി.