നീലേശ്വരം: ബസ് സ്റ്റാൻഡിലെ വി.എസ്. ഓട്ടോസ്റ്റാൻഡ് സി.ഐ.ടി.യു.യൂനിറ്റ് വൈസ് പ്രസിഡന്റ് ഹരിഷ്‌ കരുവാച്ചേരിയുടെ ഓട്ടോറിക്ഷ കത്തിച്ച സംഭവത്തിൽ ഉൾപ്പെട്ടവരാണെന്ന് സംശയിക്കുന്ന രണ്ടു പേരുടെ ദൃശ്യങ്ങൾ സി.സി.ടി.വി യിൽ നിന്നും ലഭിച്ചു. രണ്ടു ബൈക്കുകളിലായി എത്തിയവരാണ് തീവെപ്പിന് പിന്നിലെന്നാണ് സൂചന. ഇവർ ഓട്ടോറിക്ഷയ്ക്ക് സമീപം വന്ന് തിരിച്ചു പോയതായി സമീപവാസികൾ പറയുന്നു. ഇന്നലെ രാവിലെ കണ്ണൂരിൽ നിന്നെത്തിയ ഫോറൻസിക് അധികൃതർ പരിശോധനകൾ നടത്തി സാമ്പിളുകൾ പരിശോധനക്കായി കൊണ്ടുപോയി.

അവധിക്കാല അധ്യാപക ശില്പശാല

തൃക്കരിപ്പൂർ : അധ്യാപന രംഗത്ത് പുതിയ അറിവുകളും രീതികളും സൃഷ്ടിക്കാനുള്ള അവസരമൊരുക്കിക്കൊണ്ട് അവധിക്കാല അധ്യാപക ശില്പശാലകൾക്ക് തുടക്കമായി. നാലുനാൾ നീളുന്ന ഒത്തുചേരലിൽ അക്കാഡമിക ഇടപെടലുകളുടെ തുടർച്ചയും വളർച്ചയും, അന്താരാഷ്ട്ര നിലവാരവും അന്വേഷണാത്മക പഠന തന്ത്രങ്ങളും അന്താരാഷ്ട്ര നിലവാരവും, അക്കാഡമിക പഠനവും ഗുണമേൻമാ വിദ്യാഭ്യാസവും, നിലവാരത്തെളിവുകളിൽ തിളങ്ങുന്ന ക്ലാസ് മുറികൾ, ഗവേഷണാത്മക അധ്യാപനവും നൂതനാശയ പ്രവർത്തനങ്ങളും എന്നീ വിഷയങ്ങളിലൂന്നിയുള്ള ക്ലാസുകളാണ് നടക്കുന്നത്.

ശില്പശാലയിൽ ഉരുത്തിരിയുന്ന കർമപദ്ധതികൾ സ്‌കൂളിൽ ചെന്ന് ക്രോഡീകരിച്ച് ഓരോ വിദ്യാലയവും തങ്ങളുടെ അക്കാഡമിക മാസ്റ്റർ പ്ലാനിന്റെ ഭാഗമാക്കും..
ചെറുവത്തൂർ ഉപജില്ലയിലെ ഉദിനൂർ സെൻട്രൽ എ.യു.പി സ്‌കൂളിൽ യു.പി വിഭാഗം ശില്പശാല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.കെ വിജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക വി. ചന്ദ്രിക അധ്യക്ഷയായിരുന്നു. പി.വേണുഗോപാലൻ സ്വാഗതം പറഞ്ഞു.
എൽ.പി വിഭാഗം ശില്പശാല ചന്തേര ജി.യു.പി സ്‌കൂൾ, ചന്തേര ഐ.ഐ.എ.എൽ.പി സ്‌കൂൾ എന്നിവിടങ്ങളിലാണ് നടക്കുന്നത്. ചന്തേര ജി.യു.പി സ്‌കൂളിൽ പ്രഥമാധ്യാപിക എ.എം മേരി ഉദ്ഘാടനം ചെയ്തു. ബി.പി.ഒ. പി.വി ഉണ്ണിരാജൻ അധ്യക്ഷനായിരുന്നു. പി.വി ഗണേശൻ സ്വാഗതം പറഞ്ഞു.
ചന്തേര ഇസ്സത്തുലിൽ ഡയറ്റ് സീനിയർ ലക്ചറർ ടി ആർ ജനാർദനൻ ഉദ്ഘാടനം ചെയ്തു. വിനയൻ പിലിക്കോട് അധ്യക്ഷനായിരുന്നു. പി.ടി രാജേഷ്, പി.കെ സരോജിനി എന്നിവർ സംസാരിച്ചു. ഡി.ഡി.ഇ ഡോ. ഗിരീഷ് ചോലയിൽ ശില്പശാലാ കേന്ദ്രങ്ങൾ സന്ദർശിച്ചു.