മാഹി: തിരഞ്ഞെടുപ്പ് ഫലം വന്നാൽ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ കേന്ദ്രത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വരുമെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.പള്ളുരിലെ സി.പി.എം.നേതാവ് കണ്ണിപ്പൊയിൽ ബാബുവിന്റെ ഒന്നാം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഇരട്ടപ്പിലാക്കൂലിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബാബുവിനെ കൊലപ്പെടുത്തിയത് ഉന്നത ആർ.എസ്.എസ് നേതൃത്വത്തിന്റെ ഗൂഢാലോചനയിലൂടെയാണെന്ന് കോടിയേരി പറഞ്ഞു.
ഒരു പൊതു പ്രവർത്തകൻ ജനങ്ങൾക്കിടയിൽ എങ്ങനെയാണ് പ്രവൃത്തിക്കേണ്ടതെന്നതിൽ ഒരു ഉത്തമ മാതൃകയാണ് ബാബു. സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, എം.എൽ.എ.മാരായ എം.എൻ.ഷംസീർ, എം.സ്വരാജ്, തലശ്ശേരി ഏറിയാ സെക്രട്ടറി എം.സി.പവിത്രൻ, ടി.സരേന്ദ്രൻ, വടക്കൻ ജനാർദ്ദനൻ, ടി.സി.പ്രദീപൻ എന്നിവർ പ്രസംഗിച്ചു.
കോറോത്ത് റോഡിൽ നടന്ന യോഗത്തിൽ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, ഡോ.വി.രാമചന്ദ്രൻ എം.എൽ എ, ടി.സരേന്ദ്രൻ, എം.സി.പവിത്രൻ തുടങ്ങിയവർ പ്രസംഗിച്ചു.