ചക്കരക്കൽ: അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേർന്നുള്ള നഗരമായിട്ടും ചക്കരക്കല്ലിലെ ഗതാഗത കുരുക്കിന് അറുതിയില്ല. കണ്ണൂർ-അഞ്ചരക്കണ്ടി റോഡുകൾ സംയോജിക്കുന്ന ഇവിടെ ധാരാളം വ്യാപാര സ്ഥാപനങ്ങളും സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. അതേസമയം ഇവിടെ എത്തുന്ന വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

കഷ്ടിച്ച് രണ്ടു ബസുകൾക്ക് മാത്രം കടന്നുപോകാൻ വീതിയുള്ള റോഡരികിലാണ് വാഹന പാർക്കിംഗ്. റോഡ് വീതികൂട്ടാൻ വർഷങ്ങളായി ആവശ്യം ഉയരുന്നുണ്ടെങ്കിലും സ്ഥലം ഏറ്റെടുപ്പ് തർക്കത്തിൽ കുരുങ്ങി കിടക്കുകയാണ്. ചരക്കിറക്കാനെത്തുന്ന ലോറികളാണ് കുരുക്ക് മുറുകാൻ പ്രധാന കാരണം. ഗതാഗത നിയന്ത്രണത്തിനായി ട്രാഫിക് സിഗ്നലുകളോ പൊലീസുകാരോ ഇവിടെയില്ല. ചക്കരക്കൽ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിട്ടും ഫലം ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
വാഹനങ്ങൾ ഭൂരിഭാഗവും പാർക്ക് ചെയ്യുന്നത് മുഴപ്പാല റോഡിലാണ്. ഇവിടെയും ബ്ലോക്കിന് കുറവില്ല.150ഓളം ഓട്ടോകളാണ് ടൗൺ പെർമിറ്റോടെ ഓടുന്നത്. എണ്ണത്തിലുള്ള വർദ്ധന കാരണം ഓട്ടോ സ്റ്റാൻഡ് നിറഞ്ഞതിനാൽ റോഡരികിലാണ് ഇവരുടേയും പാർക്കിംഗ്. ഇതും പ്രശ്നം സങ്കീർണമാക്കുന്നു. ഇക്കാര്യത്തിൽ അടിയന്തിര പരിഹാരം വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.