കാസർകോട്: മീറ്ററുകൾ പ്രവർത്തിപ്പിക്കാതെ കാസർകോട് നഗരത്തിൽ ഓടുന്ന ഓട്ടോറിക്ഷകൾക്ക് പ്രത്യേക നിരക്കും. യൂണിയനുകളുടെ പേരില്ലാതെ പ്രിന്റ് ചെയ്ത നിരക്ക് സ്റ്റിക്കറുകൾ ഓട്ടോറിക്ഷകളുടെ ഡ്രൈവർ സീറ്റിനടുത്തും ഗ്ലാസിനും ഒട്ടിച്ചുവെച്ചിട്ടുമുണ്ട്. ഒന്നര കിലോമീറ്റർ ദൂരത്തിലുള്ള ഓട്ടത്തിന് നിശ്ചയിച്ച തുക 25 രൂപയാണ്. എന്നാൽ യാത്രക്കാർ ഡ്രൈവർക്ക് നൽകേണ്ടത് 27 രൂപയാണെന്ന് ഒട്ടിച്ച സ്റ്റിക്കറിൽ ഒരു കോളത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് കിലോമീറ്റർ ദൂരത്തിലുള്ള യാത്രയ്ക്ക് നിശ്ചയിച്ച തുക 28.60 രൂപയാണ്. ഇതിന് യാത്രക്കാർ നൽകേണ്ടത് 31 രൂപയാണ്. 35 രൂപയുടെ ഓട്ടത്തിന് നൽകേണ്ടത് 42 രൂപയാണ്. ഇങ്ങനെ ഓരോ ദൂരത്തിലുള്ള യാത്രയ്ക്കും നിശ്ചിത നിരക്കിനേക്കാൾ മൂന്നും നാലും അഞ്ചും രൂപ യാത്രക്കാരനിൽ നിന്ന് അധികം വാങ്ങുകയാണ് കാസർകോട് നഗരത്തിലെ ഒരുവിഭാഗം ഓട്ടോറിക്ഷ ഡ്രൈവർമാ‌ർ.

മീറ്റർ ചാർജ് വാങ്ങിയാണ് കേരളത്തിലെ മുഴുവൻ ഓട്ടോറിക്ഷ ഡ്രൈവർമാരും ജോലി ചെയ്യുന്നത്. എന്നാൽ മീറ്റർ ചാർജിന് പുറമെ പ്രത്യേകമായി അധികം തുക വാങ്ങുന്ന പതിവ് മറ്റൊരിടങ്ങളിലും കേട്ടുകേൾവിയില്ലാത്തതാണ്. മീറ്റർ പ്രവർത്തിപ്പിക്കാതെയാണ് കിലോമീറ്റർ മനക്കണക്കിൽ നിശ്ചയിച്ചു യാത്രക്കാരനിൽ നിന്നും പണം പറ്റുന്നത്. പഴയ ബസ് സ്റ്റാൻഡിൽ നിന്ന് റെയിൽവെ സ്റ്റേഷനിലേക്ക് നിശ്ചയിച്ച നിരക്ക് 25 രൂപയാണ്. എന്നാൽ സ്റ്റേഷനിൽ എത്തിയയുടനെ 30 രൂപ വേണമെന്ന് ചിലർ വാശിപിടിക്കും. 30 രൂപ നൽകിയാൽ അഞ്ചു രൂപ മടക്കിനൽകുന്ന സത്യസന്ധരായ എത്രയോ ഡ്രൈവർമാരും കാസർകോട് നഗരത്തിലുണ്ട്. അതേസമയം സർക്കാർ ഉത്തരവിലെ പിഴവുകാരണമാണ് അധികതുക ഈടാക്കേണ്ടിവരുന്നതെന്നും പറയുന്നുണ്ട്.

ഡ്രൈവർമാരിൽ പലരും തോന്നിയ പോലെയാണ് നിരക്ക് ഈടാക്കുന്നത് എന്നാണ് യാത്രക്കാരുടെ പരാതി. നഗരത്തിൽ ഓടുന്ന ഓട്ടോകളുടെ യാത്രാനിരക്ക് ഏകീകരിക്കാൻ നടപടിയൊന്നും ഉണ്ടാകുന്നില്ലെന്നും ഇവർ പറയുന്നു. മോട്ടോർ വാഹന വകുപ്പ് അധികാരികളുടെ ഭാഗത്ത് നിന്നും ശക്തമായ ഇടപെടലുകൾ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

മീറ്റർ വെക്കാതെ ഓട്ടോറിക്ഷാ ഡ്രൈവർമാർ തോന്നിയ പോലെ നിരക്ക് ഈടാക്കിയാൽ കർശന നടപടി എടുക്കും. അധികനിരക്ക് വാങ്ങുന്നുണ്ടെങ്കിൽ വണ്ടിയുടെ നമ്പർ സഹിതം പരാതി നൽകിയാൽ അന്വേഷണം നടത്തി പിഴ ഈടാക്കുന്നതിനും ലൈസൻസ് റദ്ദാക്കുന്നത് അടക്കുമുള്ള നടപടികൾ സ്വീകരിക്കുന്നതിനും യാതൊരു മടിയും കാണിക്കില്ല

എസ്. മനോജ്
(ആർ.ടി.ഒ ഇൻചാർജ് കാസർകോട് ആൻഡ് ആർ.ടി.ഒ എൻഫോഴ്സ്‌മെന്റ് വിഭാഗം )