കണ്ണൂർ: താണ മുഴത്തടം സ്കൂളിന് സമീപത്തെ പോസ്റ്റ് ഓഫീസിൽ ശൗചാലയമില്ലാത്തത് സ്ത്രീകളടങ്ങിയ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നു. ഇതോടെ സമീപത്തെ വീടുകളാണ് ഇവർക്ക് ആശ്രയം. മൂന്ന് സ്ത്രീകളും രണ്ട് പോസ്റ്റുമാൻമാരുമാണ് ഇവിടെ ജോലി ചെയ്യുന്നത്. ആധികാരികൾക് പരാതി നൽകിയെങ്കിലും പരിശോധനകൾ നടത്തി പോയതല്ലാതെ നടപടികൾ ഉണ്ടായില്ല.
രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെയാണ് ജോലി സമയം. എന്നാൽ പലപ്പോഴും വൈകിയായിരിക്കും ഇവർ ഓഫീസിൽ നിന്നിറങ്ങുക. വേനലവധി ആയതിനാൽ സമീപത്തെ വീട്ടുകാർ വീട് പൂട്ടി നാട്ടിൽ പോയത് ഇവരെ പ്രയാസത്തിലാക്കിയിട്ടുണ്ട്. എന്നാൽ എത്ര കാലം ഇവരെ ബുദ്ധിമുട്ടിക്കുമെന്നാണ് വനിതാ ജീവനക്കാരുടെ ചോദ്യം.
ഇടിഞ്ഞു വീഴാനൊരുങ്ങി ഓഫീസ് കെട്ടിടം
താണ പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ സ്ഥിതിയും ഏറെ ദയനീയമാണ്. ഒരു മഴക്കാലം കൂടി വന്നാൽ കെട്ടിടം പൊളിഞ്ഞ് വീഴുമോയെന്നാണ് ആശങ്ക. 50 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ സീലിംഗ് ഏത് നിമിഷവും പൊളിഞ്ഞ് വീഴുന്ന സ്ഥിതിയിലാണ്. പല തവണ അടർന്ന് വീണിട്ടുമുണ്ട്. അപ്പോഴൊക്കെ തലനാരിഴക്കാണ് ജീവനക്കാർ രക്ഷപ്പെട്ടത്. പുതിയ കെട്ടിടത്തിലേക്ക് മാറുമെന്ന് പറയുന്നതല്ലാതെ ഇതിനുള്ള നീക്കമൊന്നും ഉണ്ടാകുന്നില്ല.