തളിപ്പറമ്പ്: തളിപ്പറമ്പ് എ.ഇ.ഒ ഓഫീസിൽ നിന്നും അഡ്മിഷൻ രജിസ്റ്ററിലെ പേജ് കീറിയെടുത്ത സംഭവത്തിൽ മുൻ സീനിയർ സൂപ്രണ്ടായിരുന്ന വനിതയെ പൊലീസ് ചോദ്യം ചെയ്തു. അദ്ധ്യാപക സംഘടനകൾ സമരത്തിനിറങ്ങിയതോടെയാണ് അന്വേഷണം സജീവമായത്. സംഭവത്തിൽ സംശയത്തിലുള്ള ഇവരെ സ്റ്റേഷനിൽ വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്തത്. ഏപ്രിൽ 30നായിരുന്നു ഇവർ സർവീസിൽ നിന്ന് വിരമിച്ചത്. ഏപ്രിൽ രണ്ടിന് എ.ഇ.ഒ മോഷണം സംബന്ധിച്ച് പരാതി നൽകി. പരാതിയിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ആറിന് ഉച്ചയോടെ കീറിയ രേഖ കടലാസിൽ ഒട്ടിച്ച നിലയിൽ തിരികെ ലഭിച്ചത്. ജീവനക്കാരുടെ വിരലടയാളമുൾപ്പെടെ ശേഖരിച്ച് പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും അന്വേഷണം നിലച്ച മട്ടായിരുന്നു.