ചെറുവത്തൂർ: വീരമലക്കുന്നു ടൂറിസം പദ്ധതിക്ക് ജീവൻ വയ്ക്കുന്നതും കാത്ത് നാട്ടുകാർ. ടൂറിസ്റ്റ് കേന്ദ്രമാക്കാനായി സർക്കാർ നിയോഗിച്ച ഉന്നത ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി പോയതല്ലാതെ നീണ്ട എട്ടുമാസങ്ങൾ കഴിഞ്ഞിട്ടും കാര്യങ്ങൾക്ക് പുരോഗതി കൈവന്നിട്ടില്ല.
സമനിരപ്പിൽ നിന്നും നൂറു മീറ്ററോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കുന്നിൻ മുകളിൽ ചിൽഡ്രൻസ് പാർക്ക്, വിശ്രമ കേന്ദ്രം, ജൈവോദ്യാനം, റോപ്പ് വേ എന്നിവ നിർമ്മിച്ച് പദ്ധതി നടപ്പിലാക്കാനായിരുന്നു തീരുമാനം. കുന്നിൻ മുകളിലുള്ള ചെറിയ പാറക്കുളം വൈവിധ്യവൽക്കരണത്തിലൂടെ വിപുലീകരിക്കാനും പദ്ധതിയുണ്ടായിരുന്നു. പാത്ത് വേ, മഴവെള്ള സംഭരണി തുടങ്ങിയവയും നിർമ്മിക്കും. ഇതിനായി വനം വകുപ്പിന്റെ 36 ഏക്കർ ഭൂമിയും റവന്യു വകുപ്പിന്റെ 10 ഏക്കറും ചേർത്ത് ചെറുവത്തൂരിന്റെ മുഖം മാറ്റാനായിരുന്നു ലക്ഷ്യം. നീലേശ്വരം നഗരസഭയിൽ ഉൾപ്പെടുന്ന ചീറ്റക്കുന്നിലേക്കുള്ള തേജസ്വിനിയുടെ മുകളിലൂടെയുള്ള റോപ്പ് വേ കൂടി ഉൾപ്പെടുത്തി പദ്ധതി പിന്നീട് വിപുലീകരിക്കാനും ലക്ഷ്യമിട്ടിരുന്നു.
സർക്കാർ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കാത്തതാണ് പദ്ധതിക്ക് ജീവൻവയ്ക്കാതെ പോയതെന്ന് ആരോപണമുണ്ട്. 2018 സെപ്റ്റംബർ മാസത്തിൽ സ്ഥലം എം.എൽ.എ എം. രാജഗോപാലൻ, ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, ജില്ലാ കളക്ടർ സജിത്ത് ബാബു, ഡി.എഫ്.ഒ രാജീവ്, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പത്മിനി മൊഹന്തി, തഹസിൽദാർ തുളസീധരൻ പിള്ള, ഡി.ടി.പി.സി സെക്രട്ടറി ബിജു, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ, വില്ലേജ് ഓഫീസർ കഞ്ഞൂട്ടൻ തുടങ്ങിയവരാണ് വീരമലക്കുന്നു സന്ദർശിച്ചത്. സംഘം റിപ്പോർട്ട് സമർപ്പിച്ചശേഷം പദ്ധതി നടപ്പിലാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് അന്ന് ലഭിച്ച വിവരം. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും പദ്ധതി ഫയലിൽ ഉറങ്ങുകയാണ്.
വീരമലക്കുന്ന്
ചെറുവത്തൂർ നഗരത്തിൽ നിന്നും കഷ്ടിച്ച് ഒരു കിലോമീറ്റർ ദൂരത്തായി ദേശീയപാതയോരത്ത് കാര്യങ്കോട് പുഴയുടെ തീരത്താണ് വീരമലക്കുന്ന്. കവ്വായി കായലിന്റെ കൈവഴിയായി ഒഴുകുന്ന കാര്യങ്കോട് പുഴയുടെയും തീരങ്ങളുടെയും പ്രകൃതിഭംഗിയും വിദൂരദൃശ്യങ്ങളും കാണാൻ നിരവധി ടൂറിസ്റ്റുകളാണ് വീരമലക്കുന്ന് സന്ദർശിക്കുന്നത്. ഏറെക്കൂറെ വിജനമായ പ്രദേശത്ത് ഒരു സുരക്ഷ സംവിധാനവും നിലവിലില്ല.