കൂത്തുപറമ്പ്: കൈതേരി കപ്പണയിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. കുറ്റ്യാട്ടൂർ സ്വദേശി ഗിരിധരൻ, ഇരിട്ടിയിലെ ടോൺസൺ മാത്യു എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.30 മണിയോടെ കൂത്തുപറമ്പ്‌ നിടുംപൊയിൽ റോഡിൽ കൈതേരി ജുമാ മസ്ജിദിന് സമീപത്തായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ശക്തയായ ഇടിയിൽ ആൾട്ടോ കാറിൽ യാത്ര ചെയ്തവർക്കാണ് പരിക്കേറ്റത്. ഡ്രൈവർ ഉൾപ്പെടെ രണ്ടു പേരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂട്ടിയിടിയിൽ ആൾട്ടോ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. മാരുതി ബ്രീസാ കാറിനും സാരമായി കേട് പറ്റിയിട്ടുണ്ട്. തുടർന്ന് കൂത്തുപറമ്പ്‌ നിടുംപൊയിൽ റൂട്ടിൽ ഏറെനേരം വാഹന ഗതാഗതം തടസപ്പെട്ടു. കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് റോഡിൽ നിന്നും വാഹനങ്ങൾ നീക്കം ചെയ്തത്.