ഈസ്റ്റ് എളേരി പഞ്ചായത്തിലെ ഏച്ചിപ്പൊയിലിനടുത്ത അമ്പത്തിയാറ് കോളനിയിലെ കാഴ്ച

വെള്ളരിക്കുണ്ട്: വേനൽമഴ തുടങ്ങിയതോടെ ഈസ്റ്റ് എളേരി പഞ്ചായത്ത് ഒന്നാംവാർഡിലെ അമ്പത്തിയാറ് കോളനിക്കാരുടെ ജീവിതം കൂടുതൽ ദുരിതത്തിൽ. മഴകൊള്ളാതെ കിടന്നുറങ്ങാൻ അടച്ചുറപ്പുള്ളൊരു വീടില്ല കോളനിയിൽ. ഓലകൊണ്ടു മേഞ്ഞതും പ്ലാസ്റ്റിക് ഷീറ്റു വലിച്ചു കെട്ടിയതുമൊക്കെയായ അടച്ചുറപ്പിലാത്ത ഷെഡിലാണ് ഇവർ ജീവിതം തള്ളിനീക്കുന്നത്. കുടിവെള്ളത്തിനു പോലും പൈസ കൊടുക്കണം ഇവർക്ക്.

അഞ്ച് കുടുംബങ്ങളാണ് കോളനിയിലുള്ളത്. കോളനിയിലേക്ക് എത്തിച്ചേരാൻ നല്ലൊരു റോഡുപോലുമില്ല.

കഴിഞ്ഞ ദിവസം പെയ്ത മഴയിലും വീശിയടിച്ച കാറ്റിലും കോളനിയിലെ രാജേഷിന്റെ വീട് പൂർണ്ണമായി തകർന്നു. മഴയത്ത് വെള്ളം അകത്തേക്ക് കയറിയപ്പോൾ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയതുകൊണ്ട് മാത്രമാണ് ഇവരുടെ ജീവൻപോലും തിരിച്ചു കിട്ടിയത്. പൊട്ടിയ വീടിന് ഷീറ്റു വലിച്ചു കെട്ടിയിരിക്കുകയാണ് രാജേഷ്. അടുത്ത ശക്തമായ മഴയിലും കാറ്റിലും വീണ്ടും പൊട്ടിപ്പോകുന്ന് അറിയാം.പക്ഷെ വെറെ വഴിയില്ലല്ലോ? ...രാജേഷ് ചോദിക്കുന്നു.

കാറ്റും മഴയും കോളനിക്കാർക്ക് പേടിയാണ്. വെറും നിലത്ത് കിടന്നുറങ്ങുമ്പോൾ ചിലപ്പോൾ ഇഴജന്തുക്കളോ മറ്റോ വന്നാലോയെന്ന ആധിയിൽ രാത്രികളിൽ പോലും പേടിച്ചാണ് ഇവരുടെ ഉറക്കം. കാറ്റൊക്കെ വന്നാല് ഞങ്ങള് എണീച്ച് നിക്കും...വീട് പൊട്ടി വീഴൂന്ന് തോന്നിയാ കുട്ടികളെം എടുത്ത് ഓടലാ രജനി പറയുന്നു.'കോളനിയിലെ അഞ്ച് വീട്ടുകാരിൽ ആർക്കേലും വീടു കിട്ടിയാ മതിയായിരുന്നു. മഴവരുമ്പോൾ അവിടെയേലും കേറി നിക്കാലോ. അത്രേം ചെയ്ത തന്നാ മതി ഞങ്ങക്ക്' മഹിമ പറയുന്നു.

മഴയിൽ കോളനിയിലെ കുടിലുകളെല്ലാം തന്നെ തകരാറായ നിലയിലാണ്. പ്രമോട്ടറോ ട്രൈബൽ ഓഫീസറോ പോലും ഈ വഴിക്ക് വരാറെയില്ലെന്നാണ് ഇവിടുത്തുകാരുടെ പരാതി. ആരും ഞങ്ങളെ മനുഷ്യരായി കൂട്ടീട്ടില്ലേയെന്നാണ് ഇവിടെയെത്തുന്നവരോട് ഇവർ ചോദിക്കുന്നത്.

''രണ്ടു ദിവസത്തെ പണിക്കൂലി തന്നെ വെള്ളം വാങ്ങാൻ കൊടുക്കണം. പഞ്ചായത്ത് ഇവിടെ ടാങ്കിൽ വെള്ളം കൊണ്ടൊന്ന് ഒഴിക്കും. പക്ഷേ ആ വെള്ളത്തിന്റെ നിറവും മണവും സഹിക്കാൻ പറ്റൂല...അത് ഉപയോഗിക്കാൻ പേടിച്ചിട്ടാണ് കാശ് കൊടുത്തു വെള്ളം വാങ്ങുന്നത്..'' കോളനിയിലെ മഹിമ


ഗോത്രവാഹിനിയോ...അതെന്താ
കോളനിയിലേക്ക് എത്താൻ നല്ലൊരു റോഡു പോലുമില്ല. സ്‌കൂളിലേക്ക് കുട്ടികളെ പറഞ്ഞയയ്ക്കണമെങ്കിൽ വണ്ടിക്ക് വേണം വിടാൻ. നഴ്സറിയിൽ തുടങ്ങി 10ാംതരം വരെ പഠിക്കുന്ന ഏഴ് കുട്ടികളുണ്ട് കോളനിയിൽ. കൂലിപ്പണിയെടുത്ത് കിട്ടുന്ന കാശിന് 500 രൂപ കൊടുത്ത് കുടിക്കാനും കുളിക്കാനുമൊക്കെയുള്ള വെള്ളം വാങ്ങണം. വീട്ടിലേക്ക് സാധനം വാങ്ങണം. കുട്ടികളെ സ്‌കൂളിലയയ്ക്കാനും പൈസ വേണം. അപ്പോ ഗോത്രവാഹിനിയുടെ വണ്ടി വരാറില്ലേയെന്ന് ചോദിച്ചാൽ അങ്ങനൊന്ന് ഇവർ കേട്ടിട്ടുപോലുമില്ലത്രേ.