മട്ടന്നൂർ: മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി നഗരസഭയിലെ 12000 വീടുകളും സ്ഥാപനങ്ങളും പൊതുഇടങ്ങളും വൃത്തിയാക്കാൻ ആലോചന യോഗത്തിൽ ധാരണ. വാർഡുകളിൽ ശുചീകരണവും പകർച്ചവ്യാധി പ്രതിരോധവും അസൂത്രണം ചെയ്യാൻ 10ന് വാർഡ് സഭകൾ ചേരും. 50 വീടുകൾ അടങ്ങിയ സ്‌ക്വാഡ് രൂപീകരിച്ച് പ്രവർത്തിക്കും.15 മുതൽ 18വരെ നഗരസഭ പരിധിയിൽ ബോധവത്കരണത്തിനായി ആരോഗ്യ സന്ദേശയാത്ര നടത്തും. 35 സ്വീകരണ കേന്ദ്രങ്ങളിൽ നാടകം അവതരിപ്പിക്കും. 18ന് വൈകിട്ട് 4ന് സമാപന സന്ദേശറാലി വായാന്തോട് നിന്നാരംഭിച്ച് ബസ് സ്റ്റാൻഡ് പരിസരത്ത് അവസാനിക്കും. സമാപന സന്ദേശ റാലിയുടെ സംഘാടക സമിതി യോഗം 13ന് നഗരസഭ ഹാളിൽ ചേരും. ആലോചനാ യോഗം നഗരസഭാ അദ്ധ്യക്ഷ അനിത വേണു ഉദ്ഘാടനം ചെയ്തു. നഗരസഭാ ഉപാദ്ധ്യക്ഷൻ പി. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. സുരേശൻ, ഹെൽത്ത് ഇൻസ്‌പെക്ടർ പി.വി രാഗേഷ്, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, വാർഡ് കൗൺസിലർമാർ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ആശ വർക്കർമാർ എന്നിവർ പങ്കെടുത്തു.