കാസർകോട്: പെരിയ കല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം നേതാക്കളെ പ്രതിചേർക്കില്ല. എം.എൽ.എയുടെയും ജില്ലയിലെ മുതിർന്ന ചില നേതാക്കളുടെയും മൊഴിയെടുത്തെങ്കിലും പ്രതിചേർക്കാൻ മാത്രമുള്ള കുറ്റങ്ങളൊന്നും ഇവർ ചെയ്തിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ വിലയിരുത്തൽ. സി.പി.എം ഉന്നത നേതാക്കൾക്കെതിരെ തെളിവുകളും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
സി.പി.എം ഉദുമ ഏരിയാ സെക്രട്ടറി കെ. മണികണ്ഠൻ പ്രതികളെ ഒളിവിൽ പാർപ്പിക്കാൻ സഹായം ചെയ്തുവെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.എം. പ്രദീപൻ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പ്രതികൾ വെളുത്തോളിയിലെത്തിയപ്പോൾ ബാലകൃഷ്ണൻ, ഗോപൻ, ഏരിയാ സെക്രട്ടറി മണികണ്ഠൻ എന്നിവർ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ മണികണ്ഠനെ ചോദ്യം ചെയ്തപ്പോൾ പ്രതികൾ വസ്ത്രം മാറുകയും രക്തംപുരണ്ട വസ്ത്രങ്ങൾ നശിപ്പിക്കുകയും ചെയ്ത വെളുത്തോളിയിൽ താൻ അപ്രതീക്ഷിതമായി എത്തിയതാണെന്നായിരുന്നു മൊഴി.
ഗൃഹപ്രവേശന ചടങ്ങിലേക്ക് കൂടാനത്ത് ഒരു വീട്ടിലേക്ക് പോയി മടങ്ങുമ്പോൾ ഏതാണ്ട് 8.30 മണിയായി. വെളുത്തോളിയിൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് കണ്ട് അവിടെ എത്തുകയായിരുന്നു. ഇതു സംബന്ധിച്ച് ഫോണിൽ ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്നുമുള്ള മണികണ്ഠന്റെ മൊഴികൾ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. കൊലപാതകം നടന്ന പ്രദേശം തന്റെ ഏരിയാ കമ്മിറ്റിയുടെ പരിധിയിൽ വരുന്ന സ്ഥലമല്ലെന്നും ഇതുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും മണികണ്ഠൻ മൊഴി നൽകിയിരുന്നുവെന്ന് അറിയുന്നു.
വ്യക്തമായ തെളിവില്ലാതെ വെറും ആരോപണത്തിന്റെ പേരിൽ മാത്രം നേതാക്കളെ പ്രതി ചേർക്കാൻ കഴിയില്ലെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. കേസിന്റെ നടപടി ക്രമങ്ങളുടെ ഭാഗമായാണ് കെ. കുഞ്ഞിരാമൻ എം.എൽ.എ, മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, കെ. മണികണ്ഠൻ തുടങ്ങിയ നേതാക്കളുടെ മൊഴി രേഖപ്പെടുത്തിയത്. ഇതോടെ കുറ്റം ചെയ്തവരെന്ന് കണ്ടെത്തിയ 12 പ്രതികളിൽ കേസ് അവസാനിക്കുമെന്നാണ് സൂചന. ഇതിൽ 11 പേരെയും ഇതിനകം അറസ്റ്റുചെയ്ത് കഴിഞ്ഞു. പെരിയയിലെ ചുമട്ടുതൊഴിലാളി സുബീഷിനെ മാത്രമാണ് ഇനി പിടികിട്ടാനുള്ളത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവർ ഫെബ്രുവരി 17നാണ് കൊല്ലപ്പെടുന്നത്. കേസിൽ ഹൈക്കോടതി ക്രൈംബ്രാഞ്ചിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ രണ്ടാം പ്രതി സജി സി ജോർജ്, ഒമ്പതാംപ്രതി മുരളി, പത്താംപ്രതി രഞ്ജിത്ത് എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ക്രൈംബ്രാഞ്ചിനോട് റിപ്പോർട്ട് തേടിയത്.