തളിപ്പറമ്പ്: കീഴാറ്റൂർ തോടിൽ മലിനജലം ഒഴുകിയെത്തി മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവത്തിൽ പരാതിയുമായി നാട്ടുകാർ രംഗത്ത്.വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ നഗരസഭാ ചെയർമാന് നൽകിയ പരാതിയെ തുടർന്ന് ആരോഗ്യ വിഭാഗം സ്ഥലം സന്ദർശിച്ചു.

ബുധനാഴ്ച്ച ഉച്ചയ്ക്കുണ്ടായ വേനൽമഴക്കു ശേഷമാണ് കീഴാറ്റൂർ തോടിൽ മാലിന്യം ഒഴുക്കിയെത്തിയത്. കടുത്ത ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ മീനുകൾ ചത്തു പൊങ്ങിയതായും കണ്ടെത്തി. കീഴാറ്റൂരിലെ മാലിന്യ പ്രശ്‌നങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. തളിപ്പറമ്പ് നഗരത്തിലെ മാലിന്യങ്ങൾ മുഴുവൻ ഒഴുകിയെത്തിയിരുന്നത് കീഴാറ്റൂരിലേക്കായിരുന്നു. നഗരസഭയിലെ 30, 31 വാർഡുകളെയാണ് മാലിന്യ പ്രശ്‌നം രൂക്ഷമായി ബാധിച്ചിരുന്നത്. പാളയാട്, കീഴാറ്റൂർ, കൂവോട് എന്നിവിടങ്ങളിലാണ് മാലിന്യങ്ങൾ കെട്ടിക്കിടക്കാറുള്ളത്. ഇപ്പോൾ തോട്ടിൽ കാടും മറ്റ് ഖരമാലിന്യങ്ങളും നിറഞ്ഞ് പല സ്ഥലങ്ങളിലായി മലിനജലം കെട്ടി കിടക്കുകയാണ്. ഇതിന് പുറമെയാണ് ബുധനാഴ്ച്ച മാലിന്യം ഒഴുക്കി വിട്ടതായി ശ്രദ്ധയിൽ പെടുന്നത്. മഴക്കാലമെത്തുന്നതിനു മുൻപായി തോട് ശുചീകരിക്കുന്നതിനുളള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ഏതെങ്കിലും രാസവസ്തുക്കൾ കലർന്നതാകാം മീനുകൾ ചത്തു പൊങ്ങിയതിന് പിന്നിലെന്നും
തോട്ടിൽ പല സ്ഥലങ്ങളിലായി സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തുന്ന രീതിയിലുള്ള തടസം നീക്കുന്നതിന്
ഉടൻ നടപടി സ്വീകരിക്കുമെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ പി.പി ബൈജു പറഞ്ഞു.

പടം. മലിനജലം എത്തിയ തോട് ഹെൽത്ത് ഇൻസ്‌പെക്ടർ പി.പി ബൈജു പരിശോധിക്കുന്നു '