കാഞ്ഞങ്ങാട്: അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന ഹൊസ്ദുർഗ് കോടതിക്ക് സുസജ്ജമായ കെട്ടിട സമുച്ചയം വരുന്നു. അഞ്ചുനില കെട്ടിടമാണ് വിഭാവനം ചെയ്യുന്നത്. ഇതിന്റെ പ്രാരംഭ നടപടികൾക്ക് തുടക്കം കുറിച്ചു മണ്ണു പരിശോധന തുടങ്ങി.
കോടതി വളപ്പിൽ കേരള അഡ്വക്കറ്റ് ക്ലാർക്ക്സ് അസോസിയേഷൻ ഹൊസ്ദുർഗ് യൂണിറ്റ് ഓഫീസിന് മുൻവശത്തെ സ്റ്റേജിനോടു ചേർന്നാണ് മണ്ണു പരിശോധന തുടങ്ങിയത്. കോടതി വളപ്പിൽ പത്ത് സ്ഥലത്തു മണ്ണു പരിശോധിക്കാൻ പൈലിംഗ് നടത്തും.
ഹൊസ്ദുർഗിൽ നിലവിൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്ന്, രണ്ട്, സബ് കോടതി, മുൻസിഫ് കോടതി എന്നിവയാണു പ്രവർത്തിക്കുന്നത്. മുൻസിഫ് കോടതിക്കു ചെക്ക് കേസിന്റെ ചുമതല നൽകിയതിനാൽ സാങ്കേതികാർത്ഥത്തിൽ മുൻസിഫ് കോടതിക്കൊപ്പം തന്നെ ജെ.എഫ്.സി.എം മൂന്നാം കോടതിയും ഉണ്ട്. ശനിയാഴ്ചകളിൽ നടക്കുന്ന കുടുംബകോടതി പ്രതിവാര ക്യാമ്പ് സിറ്റിംഗ് നടത്തുന്നത് തൊട്ടടുത്ത ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പിലെ കെട്ടിടത്തിലാണ്.
ഓരോ കോടതിക്കും ഓരോ നിലയെന്ന രീതിയിലാണ് അഞ്ചു നിലക്കെട്ടിടം വിഭാവനം ചെയ്യുന്നത്. ഒരു നിലയിൽ സുസജ്ജമായ റെക്കോർഡ്സ് വിഭാഗമായിരിക്കും. ബാർ അസോസിയേഷൻ, കാന്റീൻ എന്നിവയെല്ലാം ഇതിൽ വരും. അടിയിൽ വാഹന പാർക്കിംഗ് സൗകര്യവുമുണ്ടാകും. മണ്ണു പരിശോധനാ ഫലം കിട്ടിയാലേ ഇക്കാര്യത്തിൽ അവസാന തീരുമാനമാകൂ. തുടർന്നു രൂപരേഖയും ആർക്കിടെക്ചറൽ ഡിസൈനും തയ്യാറാക്കും. കോടതി വളപ്പിന്റെ തെക്കു ഭാഗത്തു പ്രവേശന കവാടം വരും വിധമായിരിക്കും കെട്ടിടം.
മണ്ണു പരിശോധനയ്ക്കായി 6,20,000 രൂപയുടെ എസ്റ്റിമേറ്റിനാണ് സാങ്കേതികാനുമതി ലഭിച്ചത്. പൊതുമരാമത്ത് (കെട്ടിടം) വിഭാഗത്തിനാണു ചുമതല. ടെൻഡർ ക്ഷണിച്ച് മലപ്പുറത്തെ പി.കെ. ജംഷാദ് നസീരിയെയാണ് മണ്ണുപരിശോധനാ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ഇതു ദിവസങ്ങൾക്കകം പൂർത്തിയാകുമെന്നു പി.ഡബ്ല്യു.ഡി (ബിൽഡിംഗ്സ്) അസി. എൻജിനിയർ പി.പി. ശ്രീജിത്ത് പറഞ്ഞു.