കാസർകോട്:പെരിയ കല്യോട്ട് ഇരട്ടക്കൊലപാതകത്തിൽ എം.എൽ.എയും ഏരിയാ സെക്രട്ടറിയും അടക്കമുള്ള സി. പി.എം നേതാക്കൾ പ്രതികളാകില്ല. ഇവരെ പ്രതിചേർക്കാനുള്ള കുറ്റങ്ങളോ തെളിവുകളോ ഇല്ലെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ വിലയിരുത്തൽ.
ഉദുമ ഏരിയ സെക്രട്ടറി കെ. മണികണ്ഠൻ പ്രതികളെ ഒളിവിൽ പാർപ്പിക്കാൻ സഹായിച്ചെന്ന് അന്വേഷണ സംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.എം പ്രദീപൻ സമർപ്പിച്ച റിപ്പോർട്ടിൽ പ്രതികൾ വെളുത്തോളിയിൽ എത്തിയപ്പോൾ ബാലകൃഷ്ണൻ, ഗോപൻ, ഏരിയാ സെക്രട്ടറി മണികണ്ഠൻ എന്നിവർ സ്ഥലത്തുണ്ടായിരുന്നു എന്നാണ് പറഞ്ഞിരുന്നത്. പ്രതികൾ വസ്ത്രം മാറുകയും രക്തം പുരണ്ട വസ്ത്രങ്ങൾ നശിപ്പിക്കുകയും ചെയ്ത വെളുത്തോളിയിൽ താൻ അപ്രതീക്ഷിതമായി എത്തിയതാണെന്നാണ് മണികണ്ഠന്റെ മൊഴി.
ജനുവരി 24ന്റെ ഗൃഹപ്രവേശനത്തിന് ക്ഷണിക്കാനായി 17ന് രാത്രി താൻ കൂടാനത്തെ സദാശിവ അഡിഗയുടെ വീട്ടിൽ ചെന്ന് മടങ്ങുമ്പോൾ എട്ടരയോടെ വെളുത്തോളിയിൽ ആളുകൾ കൂടിയത് കണ്ട് അവിടെ എത്തുകയായിരുന്നു. ഇതു സംബന്ധിച്ച് ഫോണിൽ ആരുമായും ബന്ധപ്പെട്ടില്ലെന്നുമുള്ള മണികണ്ഠന്റെ മൊഴി ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു.
കേസിന്റെ നടപടികളുടെ ഭാഗമായാണ് കെ. കുഞ്ഞിരാമൻ എം.എൽ.എ, മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, കെ. മണികണ്ഠൻ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തിയത്. കുറ്റം ചെയ്തെന്ന് കണ്ടെത്തിയ 12 പ്രതികളിൽ കേസ് അവസാനിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് ഉദ്ദേശിക്കുന്നത്. ഇതിൽ 11 പേരെയും അറസ്റ്റുചെയ്‌തു. കേസ് ആദ്യം അന്വേഷിച്ച ലോക്കൽ പൊലീസ് വിട്ടയച്ച പെരിയയിലെ ചുമട്ടുതൊഴിലാളി സുബീഷിനെ മാത്രമാണ് ഇനി പിടികിട്ടാനുള്ളത്. വിട്ടയച്ച ശേഷം മൂന്നു ദിവസം ചുമട്ടുതൊഴിലിൽ ഏർപ്പെട്ട സുബീഷ് ക്രൈംബ്രാഞ്ചിന്റെ പിടിയിലാകുമെന്ന് ഉറപ്പായതോടെയാണ് വിദേശത്തേക്ക് കടന്നത്.