കൊട്ടിയൂർ: ആചാരം കൊണ്ടും അനുഷ്ഠാനം കൊണ്ടും സവിശേഷമായ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ പതിനായിരങ്ങൾക്ക് ഭക്തജനങ്ങൾക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന പ്രവൃത്തി ഏതാണ്ട് പൂർത്തിയായി.

അക്കരെ കൊട്ടിയൂരിൽ ഊരാളന്മാർക്കും മറ്റുമായുള്ള കയ്യാലകളുടെ പ്രവൃത്തി അന്തിമഘട്ടത്തിലെത്തി. കുടിവെള്ള സൗകര്യം ഒരുക്കുന്നതിനായി ദേവസ്വത്തിന്റെ കിണറുകൾക്ക് പുറമെ പന്ന്യാംമലയിലെ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ നിന്നും ആവശ്യാനുസരണം കുടിവെള്ളം എത്തിക്കാനുള്ള നടപടി പൂർത്തിയായി. കുടിവെള്ളം ക്വാളിറ്റി ടെസ്റ്റിന് വിധേയമാക്കിക്കഴിഞ്ഞു. തീർത്ഥാടകരുടെ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അക്കരെ കൊട്ടിയൂരിലെ ചില കയ്യാലകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിയും പൂർത്തിയായി വരുന്നു. അക്കരെ കൊട്ടിയൂരിലെ നടപ്പന്തലിന്റെ മേൽക്കൂരകൾ കഴിഞ്ഞ തവണ പ്ലാസ്റ്റിക് കൊണ്ടാണ് മേഞ്ഞതെങ്കിൽ ഉത്സവ നഗരി 100 ശതമാനം പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി നടപ്പന്തലിന്റെ മേൽക്കൂരകൾ ഇത്തവണ ഓലകൊണ്ട് മേഞ്ഞു കഴിഞ്ഞു. സ്‌നാനഘട്ടങ്ങളുടെയും ശൗചാലയങ്ങളുടെയുംെ പ്രവൃത്തിയും മിക്കവാറും പൂർത്തിയായി.

ആഗസ്റ്റിൽ ഉണ്ടായ പ്രളയത്തെത്തുടർന്ന് വൻതോതിതിൽ കല്ലും മരങ്ങളും വന്നടിഞ്ഞ സ്‌നാനഘട്ടം ശുചീകരിക്കുന്നത് വെല്ലുവിളിയായെങ്കിലും പൂർത്തിയായിക്കഴിഞ്ഞു. പാർക്കിംഗിന് ദേവസ്വത്തിന്റെ സ്ഥലത്തിന് പുറമെ സമീപത്തെ സ്‌കൂളുകളുടെ ഗ്രൗണ്ടുകൾ കൂടി പ്രയോജനപ്പെടുത്തി തീർത്ഥാടനം കൂടുതൽ സുഗമമാക്കാനുള്ള നടപടികളും പൂർത്തിയായി.

കഴിഞ്ഞ വർഷത്തെ പ്രളയത്തെത്തുടർന്ന് അക്കരെ ക്ഷേത്രത്തിലെ കിഴക്കേനടയിൽ മന്ദംചേരിയിൽ ബാവലിപ്പുഴയ്ക്ക് കുറുകെയുള്ള കോൺക്രീറ്റ് നടപ്പാലം മരങ്ങൾ വന്നടിഞ്ഞതിനെത്തുടർന്ന് അപകട ഭീഷണിയിലായിരുന്നു. പാലത്തിന്റെ ഒരു തൂൺ ചരിഞ്ഞതിനൊപ്പം 2 സ്ലാബുകളും ഒരു വശത്തേക്ക് ചരിഞ്ഞ നിലയിലായിരുന്നു. വൈശാഖ മഹോത്സവത്തിനെത്തുന്ന ഭക്തജനങ്ങളെ അക്കരെ കൊട്ടിയൂരിലേക്ക് കടത്തിവിടുന്ന പ്രധാന പാലവുമാണ് ഈ നടപ്പാലം. ഇതു പരിഗണിച്ച് പാലം ബലപ്പെടുത്തുന്നതിനുള്ള നടപടികളും ദേവസ്വം തുടങ്ങിക്കഴിഞ്ഞു. പാലത്തിന്റെ സ്പാനുകൾ ജാക്കി വെച്ച് ഉയർത്തിയ ശേഷം ചരിഞ്ഞതൂൺ പൂർവ്വസ്ഥിതിയിലാക്കി തൂണിന്റെ അടിഭാഗത്ത് കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്.

പടം :പ്രളയത്തെത്തുടർന്ന് ബലക്ഷയം സംഭവിച്ച മന്ദംചേരി പാലം ബലപ്പെടുത്തുന്നതിനുള്ള പ്രവൃത്തി തുടങ്ങിയപ്പോൾ