gold-smuggling

കണ്ണൂർ: സ്വർണക്കടത്ത് സംഘം കണ്ണൂർ വിമാനത്താവളവും തട്ടകമാക്കുമ്പോൾ ഡി.ആർ.ഐ നിരീക്ഷണം ശക്തമാക്കി. കഴി‍ഞ്ഞ ഡിസംബറിൽ വിമാനത്താവളം തുറന്നപ്പോൾത്തന്നെ സ്വർണക്കടത്തുകാർ ഇവിടം പ്രധാന കടത്തുവഴിയായി തിരഞ്ഞെടുക്കുമോയെന്ന ആശങ്കകളുണ്ടായിരുന്നു. ഇതേത്തുടർന്ന് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ)​ പ്രത്യേകം ശദ്ധനൽകിയിരുന്നു. ഡിസംബർ ഒമ്പതിന് ഉദ്ഘാടനം കഴിഞ്ഞവിമാനത്താവളത്തിൽ ഇതേമാസം അവസാനമാകുമ്പോഴേക്കും രണ്ട് കിലോഗ്രാം സ്വർണം കടത്തുന്നത് ഡി.ആർ.ഐ പിടികൂടി. കഴിഞ്ഞ മാർച്ചിൽ 2.708 കിലോഗ്രാം സ്വർണവുമായി ഷാർജയിൽ നിന്നെത്തിയ കാസർകോട് ഉപ്പള സ്വദേശിയെയാണ് കസ്റ്റംസ് പിടികൂടിയത്. തുടർന്നുള്ള ദിവസം അബുദാബിയിൽ നിന്നെത്തിയ എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായ കാസർകോട് സ്വദേശി 280 ഗ്രാം സ്വർണം കുഴമ്പ് രൂപത്തിൽ കവറുകളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചതും കണ്ടെത്തി.


ഈ മാസം ആദ്യ ആഴ്ചയിൽ 2.675 കിലോ സ്വർണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. 2 കിലോഗ്രാം സ്വർണം അയൺ ബോക്‌സിലും ബാക്കി പേസ്റ്റ് രൂപത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലും ആയിരുന്നു. ഇതോടെ കേരളത്തിൽ കൊച്ചി, കോഴിക്കോട്, കർണാടകത്തിൽ മംഗളൂരു, ബംഗളൂരു വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് സ്വർണക്കടത്ത് നടത്തുന്ന സംഘം കണ്ണൂരിലും ചുവടുറപ്പിക്കുന്നതായി സൂചനകൾ ലഭിച്ചു. കേരളത്തിൽ ഇടയ്ക്ക് സ്വർണക്കടത്തിൽ ചെറിയ കുറവുണ്ടായെങ്കിലും ഇപ്പോൾ വീണ്ടും സജീവമാവുകയാണ്. നേരത്തെ കോഴിക്കോട് ഡി.ആർ.ഐ സ്വ‍ർണം ശുദ്ധീകരിക്കുന്ന കേന്ദ്രമുൾപ്പെടെ കണ്ടെത്തിയതോടെ ഇവിടത്തെ കടത്തുകാർ ബംഗളൂരിലേക്ക് തടക്കം മാറ്റി. തുടർന്ന് ബംഗളൂരിലും നിരീക്ഷണം ശക്തമാക്കി.

കോഴിക്കോട് നീലേശ്വരത്താണ് വിമാനത്താവളങ്ങൾ വഴി മിശ്രിത രൂപത്തിൽ കടത്തിക്കൊണ്ട് വരുന്ന സ്വർണ്ണം വേർതിരിച്ചെടുക്കുന്ന രഹസ്യകേന്ദ്രം ഡി.ആർ.ഐ കണ്ടെത്തിയത്. ഇവിടെ നിന്ന് ലഭിച്ച കുറേപ്പേരുകൾ സംബന്ധിച്ച അന്വേഷണം ഡി.ആർ.ഐ നടത്തിയിരുന്നു. ഇതിൽ അഞ്ചുപേർക്കെതിരെ കോഫേപോസ ചുമത്തി. മൂന്നുപേർ പൂജപ്പുര ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. രണ്ടുപേർ വിദേശത്തേക്ക് കടന്നു. വിദേശത്തുള്ള ചിലർക്ക് കേസുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇവരെ പിടികൂടുന്നത് സംബന്ധിച്ച ശ്രമം ഡി.ആർ.ഐ നടത്തിവരുന്നുണ്ട്.