നീലേശ്വരം: നീണ്ട മുറവിളിക്കും പരാതിക്കും ഒടുവിൽ നഗരസഭ ഇടപെട്ട് സി.സി.ടി.വി കാമറ സ്ഥാപിച്ചെങ്കിലും അതിനുവേണ്ടി ചിലവഴിച്ച തുക വെള്ളത്തിലാകുമെന്ന് ആശങ്ക. ആറുമാസം മുമ്പ് 14,20,000 രൂപ ചിലവാക്കി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച 24 സി.സി.ടി.വി കാമറകളിൽ പലതും പ്രവർത്തനരഹിതമായിരിക്കുകയാണ്.
നീലേശ്വരം പാലത്തിനും നെടുങ്കണ്ടവളവിലും റോഡിന്റെ ഇരുഭാഗത്തുമായി അന്യദേശത്ത് നിന്നും മാലിന്യങ്ങൾ തള്ളുന്നത് കണ്ടുപിടിക്കാനാണ് കാര്യമായും ഈ സ്ഥലങ്ങളിൽ കാമറ സ്ഥാപിച്ചത്. കാമറ സ്ഥാപിച്ചതിനു പിന്നാലെ ഇവരണ്ടും സാമൂഹ്യദ്രോഹികൾ എറിഞ്ഞു തകർത്തിരുന്നു. ഇപ്പോഴും ഈ ഭാഗങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നതിൽ കയ്യും കണക്കുമില്ല. നഗരസഭയുടെ മറ്റു ഭാഗങ്ങളിൽ സ്ഥാപിച്ച കാമറകളിൽ ഒട്ടു മിക്കതും ഇപ്പോൾ പ്രവർത്തനരഹിതമായിരിക്കുകയാണ്. നഗരപ്രദേശങ്ങളിൽ നടക്കുന്ന അക്രമവും കവർച്ചയും തടയുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് കാമറ സ്ഥാപിച്ചത്.
മഴക്കാലം വരുന്നതോടെ മോഷ്ടാക്കളുടെ ശല്യം വർദ്ധിക്കും. ഇതിനുമുമ്പ് കാമറകൾ അറ്റകുറ്റപ്പണി ചെയ്ത് പ്രവർത്തിപ്പിച്ചില്ലെങ്കിൽ മോഷ്ടാക്കളുടെയും സാമൂഹ്യ ദ്രോഹികളുടെയും ശല്യം വർധിക്കും.
ബോർഡ് കത്തിനശിച്ചെന്ന് അധികൃതർ
നഗരസഭയിൽ വെച്ച മൊത്തം സി.സി.ടി.വി കാമറയിൽ നിന്ന് നഗരസഭ ഓഫീസിൽ സ്വീകരിക്കുന്ന ടി.വിയുടെ ബോർഡ് കത്തിനശിച്ചതിനാലാണ് കാമറ പ്രവർത്തിക്കാത്തതെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി. കാമറകൾക്ക് മൂന്നുവർഷം വാറണ്ടിയുണ്ടെങ്കിലും കരാറേറ്റെടുത്ത കമ്പനി അറ്റകുറ്റപ്പണി ചെയ്യാൻ യഥാസമയം വരുന്നില്ലെന്നും ഇവർ പറയുന്നു.