election-2019

കാസർകോട്: തന്റെ സഹായി തിരഞ്ഞെടുപ്പു ഫണ്ട് മോഷ്‌ടിച്ചെന്നാരോപിച്ച് കാസർകോട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. കൊല്ലം സ്വദേശി പൃഥ്വിരാജിനെതിരെയാണ്, എട്ടു ലക്ഷം രൂപ മോഷ്‌ടിച്ചതായി ആരോപിച്ച് ഉണ്ണിത്താന്റെ പരാതി.

പരാതി അന്വേഷണത്തിനായി മേൽപ്പറമ്പ് പൊലീസിന് കൈമാറി. പരാതി നൽകിയ കാര്യം കൊല്ലത്തുള്ള ഉണ്ണിത്താൻ സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പറയാൻ അദ്ദേഹം തയ്യാറായില്ല. സ്ഥാനാർത്ഥിയായി ഉണ്ണിത്താൻ കാസർകോട്ട് എത്തിയപ്പോൾ അദ്ദേഹത്തിന്റെ പെട്ടിയും കിടക്കയും ചുമന്നു കൊണ്ടുവന്നയാളാണ് പൃഥ്വിരാജ്.

ഉണ്ണത്താൻ താമസിച്ചിരുന്ന മേൽപ്പറമ്പിലെ വാടക വീട്ടിൽ നിന്നാണ് പണം നഷ്‌ടമായത്. കാസർകോട്ടു തന്നെ ലോഡ്‌ജിൽ താമസിച്ചിരുന്ന ഇയാളെ ഇടയ്‌ക്ക് സ്ഥലത്തുനിന്ന് കാണാതായിരുന്നു. പിന്നീട് തിരികെ വന്ന പൃഥ്വിരാജ് തിരഞ്ഞെടുപ്പ് പ്രചാരണം പകുതി പിന്നിട്ടപ്പോൾ നാട്ടിലേക്കു മടങ്ങിയതായാണ് പറയുന്നത്.