കാസർകോട്: ബേക്കൽ സ്വദേശിയുടെ അരലക്ഷത്തോളം രൂപയും തൃക്കരിപ്പൂർ സ്വദേശിനിയുടെ 11,000 രൂപയും എസ്.ബി.ഐ ബാങ്ക് അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്തു. ബേക്കൽ മൗവ്വലിലെ ഷരീഫിന്റെ മകൻ അഫ്സൽ, തൃക്കരിപ്പൂർ ഓരിയിലെ പി.പി രേഷ്മ എന്നിവരുടെ അക്കൗണ്ടുകളിൽ നിന്നാണ് പണം നഷ്ടമായത്.

അഫ്സലിന്റെ എസ്.ബി.ഐ കാഞ്ഞങ്ങാട് ബ്രാഞ്ചിലെ അക്കൗണ്ടിൽ നിന്നാണ് 51,000 രൂപ നഷ്ടപ്പെട്ടത്. കഴിഞ്ഞദിവസം ഷരീഫിന്റെ ഫോണിലേക്ക് പണം പിൻവലിച്ചതുമായി ബന്ധപ്പെട്ട സന്ദേശം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഷരീഫ് കാഞ്ഞങ്ങാട് എസ്.ബി.ഐ ശാഖയുമായി ബന്ധപ്പെട്ടപ്പോഴാണ് പണം നഷ്ടപ്പെട്ടതായി മനസ്സിലായത്. ഏപ്രിൽ 30, മേയ് 1 തീയ്യതികളിൽ ഗുജറാത്തിലെ ഒരു എ.ടി.എം കൗണ്ടറിൽ നിന്നാണ് നാല് തവണയായി ഷരീഫിന്റെ അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചത്. സംഭവത്തെ തുടർന്ന് എസ്.ബി.ഐ ബാങ്ക് അധികൃതർക്കും ബേക്കൽ പൊലീസിലും ഷരീഫ് പരാതി നൽകി.

ഓരിയിലെ പി.പി രേഷ്മയുടെ എസ്.ബി.ഐ അക്കൗണ്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം 11,000 രൂപ പിൻവലിച്ചത്. മൊബൈലിൽ സന്ദേശം വന്നപ്പോഴാണ് വിവരമറിഞ്ഞത്. തുടർന്ന് ചന്തേര പൊലീസ് സ്റ്റേഷനിലും എസ്.ബി.ഐ ചെറുവത്തൂർ ശാഖയിലും പരാതി നൽകുകയായിരുന്നു. കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിരവധിപേരുടെ എസ്.ബി.ഐ അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടമായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ വ്യാപകമാകുന്നത് ഇടപാടുകാരെ ആശങ്കയിലാഴ്ത്തുകയാണ്. ഇതുസംബന്ധിച്ച് പൊലീസിലും മറ്റുബന്ധപ്പെട്ട കേന്ദ്രങ്ങളിലും പരാതി നൽകിയെങ്കിലും പ്രതികളെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

ഓടിക്കൊണ്ടിരിക്കുന്ന കാറുകൾക്ക്

മുകളിൽ മരം വീണു

കാസർകോട്: മരം വീണ് ഓടിക്കൊണ്ടിരിക്കുകയായിരുന്ന രണ്ട് കാറുകൾ തകർന്നു. തലനാരിഴയ്ക്കാണ് യാത്രക്കാർ പരിക്കുകളോടെ രക്ഷപ്പെട്ടത്. കാഞ്ഞങ്ങാട്ടെയും കാസർകോട്ടെയും യാത്രക്കാർ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് ഡിസയർ, ഇഗ്നിസ് കാറുകളാണ് പൂർണമായും തകർന്നത്. വെള്ളിയാഴ്ച വൈകിട്ട് 4.45 മണിയോടെ ഉപ്പള ദേശീയപാതയിലാണ് അപകടം.

അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂർ ഗതാഗതം സ്തംഭിച്ചു. പൊലീസും ഉപ്പളയിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ചു നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.