കണ്ണൂർ: കള്ളവോട്ട് വിവാദം നിയമ നടപടികളിലേക്ക് കടന്നത് ഇരു മുന്നണികളെയും ഒരു പോലെ ഉലയ്ക്കുന്നു. ആദ്യഘട്ടത്തിൽ സി.പി.എം മാത്രമാണ് പ്രതിസ്ഥാനത്തുണ്ടായിരുന്നത്. എന്നാൽ ഇന്നലെ പത്തു പേർക്കെതിരെ പൊലീസ് കേസെടുത്തപ്പോൾ ഒമ്പതു പേരും മുസ്ലിം ലീഗ് പ്രവർത്തകരാണ്. ഇതോടെ യു. ഡി. എഫും വെട്ടിലായിരിക്കുകയാണ്. തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള യു.പി സ്കൂളിലെ 166-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ലീഗ് പ്രവർത്തകർക്കെതിരെയാണ് ജില്ലാ കളക്ടർ മീർ മുഹമ്മദ് അലിയുടെ നിർദ്ദേശപ്രകാരം മയ്യിൽ പൊലീസ് കേസെടുത്തത്. റിട്ടേണിംഗ് ഓഫീസറുടെ പരാതിയിലാണ് നടപടി. അതോടൊപ്പം മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് കുന്നിരിക്ക സ്കൂളിലെ ബൂത്തിൽ കള്ളവോട്ട് ചെയ്ത സി.പി.എം പ്രവർത്തകൻ സായൂജിനെതിരെ കൂത്തുപറമ്പ് പൊലീസും കേസെടുത്തിട്ടുണ്ട്.
ഇന്ത്യൻ ശിക്ഷാ നിയമം സെക്‌ഷൻ 171, സി,ഡി,എഫ് പ്രകാരമാണ് കേസ്. അബ്ദുൾ സലാം, മർഷാദ്, കെ.പി ഉനൈസ്, കെ. മുഹമ്മദ് അനസ്, മുഹമ്മദ് അസ്ലം, അബ്ദുൾ സലാം, കെ.പി സാദിഖ്, ഷമൽ, മുബഷിർ എന്നീ ലീഗ് പ്രവർത്തകരാണ് പ്രവാസികളുടെ വോട്ട് ചെയ്തത്. ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ, മൈക്രോ ഒബ്‌സർവർ എന്നിവർ ഗുരുതരമായ വീഴ്ച നടത്തിയെന്നും ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ആവശ്യപ്പെട്ടിരുന്നു. എളുപ്പത്തിൽ കേസ് ഒതുക്കി തീർക്കാൻ സാധിക്കാത്തത് പാർട്ടികൾക്ക് അകത്തും പ്രശ്നങ്ങൾക്ക് വഴി വെക്കും.
സി.പി.എം പ്രവർത്തകനായ സായൂജ് സി.പി.ഐ നേതാവും ബൂത്ത് ഏജന്റുമായ അത്തിക്ക സുരേന്ദ്രന്റെ മകൻ അഖിൽ അത്തിക്കയുടെ വോട്ടാണ് ബൂത്ത് 52ൽ ചെയ്തത്. ഇയാൾ 47-ാം നമ്പർ ബൂത്തിലെ വോട്ടറാണ്. ആൾമാറാട്ടത്തിനാണ് ഇയാൾ കുടുങ്ങിയത്. ഇയാളെ സഹായിച്ചെന്ന് സംശയിക്കുന്ന കെ.പി മുഹമ്മദ് ഷാഫിയുടെ പങ്കും അന്വേഷിക്കും. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നടന്ന കള്ളവോട്ട് കേസിൽ തിരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരടക്കം നിയമ നടപടി നേരിടുന്നതും ആശങ്കയേറ്റുന്നു.
അതേസമയം ധർമ്മടത്ത് കള്ളവോട്ട് ചെയ്തെന്ന് കരുതുന്നവർക്ക് വ്യാപകമായി നോട്ടീസ് നൽകുന്നുണ്ട്. സി.പി.എം ജില്ലാ കമ്മിറ്റി അംഗമായ പി. ബാലന്റെ അടുത്ത ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും കള്ളവോട്ട് ചെയ്തെന്നാണ് ആരോപണം. വേങ്ങാട് സൗത്ത് യു.പി സ്കൂളിലെ 46-ാം നമ്പർ ബൂത്തിലെ വിസ്മയയുടെ വോട്ടാണ് ചെയ്തത്. തുടർന്ന് കുട്ടി തിങ്കളാഴ്ച ഹാജരാകണം. വർഷങ്ങളായി ഗുജറാത്തിൽ കഴിയുന്ന എൻ.കെ മുഹമ്മദ്, അബ്ദുൾ അസീസ് എന്നിവരുടെ വോട്ടും കള്ളവോട്ടാണെന്നാണ് വാദം. മംഗളൂരുവിൽ സ്ഥിര താമസമാക്കിയ ഒരാളുടെ വോട്ട് അഞ്ജന എന്ന യുവതി ചെയ്തെന്നും പറയപ്പെടുന്നു.