കാസർകോട്: പഠിക്കുന്ന കാലത്ത് അഭിഭാഷകൻ ആകാനായിരുന്നു ആഗ്രഹം. ഇപ്പോൾ രാഷ്ട്രീയക്കാരനും ജനപ്രതിനിധിയുമായി. എന്നാൽ ഐ.എ.എസുകാരനാകാനുള്ള മോഹം മനസ്സിൽ കൊണ്ടുനടക്കുകയാണ് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ. ഇനി ഐ.എ.എസുകാരനാകാൻ കഴിയുമോ എന്നതാണ് അദ്ദേഹത്തിന്റെ ആശങ്ക. സിവിൽ സർവിസ് സെലക്ഷൻ ലഭിച്ച രാവണേശ്വരത്തെ പി.നിധിൻ രാജ്, ബദിയടുക്കയിലെ രഞ്ജിന മേരി വർഗീസ് എന്നിവർക്ക് കാസർകോട് പ്രസ് ക്ലബ് ഒരുക്കിയ ആദരം പരിപാടിയിലാണ് എം.എൽ.എ മനസുതുറന്നത്. എന്നാൽ മറുപടി പറഞ്ഞ പി. നിധിൻരാജ് എം.എൽ.എയുടെ ആഗ്രഹം പൊളിച്ചടുക്കി. 21 വയസ് മുതൽ 32 വയസ് വരെയാണ് പരീക്ഷ എഴുതാനുള്ള പ്രായപരിധി. മനസിന് ചെറുപ്പമാണെങ്കിലും പ്രായം കൂടിയതിനാൽ ആ മോഹം എം.എൽ.എ മാറ്റിവെച്ചോ എന്ന നിധിൻ രാജിന്റെ മറുപടി കേട്ട് സദസിൽ കൂട്ടച്ചിരി ഉയർന്നു.

സിവിൽ സർവിസ് പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന വിദ്യാർഥികൾ പങ്കെടുത്ത ചടങ്ങ് ചോദ്യങ്ങളും ഉത്തരങ്ങളുമായി വിജ്ഞാനപ്രദമായി. സിവിൽ സർവിസ് മോഹം സാക്ഷാത്കരിക്കാനുള്ള ഓരോ ചുവടും വിദ്യാർഥികൾ ചോദിച്ചറിഞ്ഞു. എ.പി.ജെ അബ്ദുൾ കലാം പറഞ്ഞത് പോലെ സ്വപ്നങ്ങൾ കണ്ടുകൊണ്ടിരിക്കണമെന്നും രക്ഷിതാക്കളും അധ്യാപകരും സുഹൃത്തുക്കളും പിന്തുണച്ചാൽ കൂടുതൽ പേർക്ക് ഐ.എ.എസ്സുകാരാകാൻ കഴിയുമെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

സർവിസിൽ കയറിയാൽ നാടിനെയും ജനങ്ങളെയും സേവിക്കുമെന്നും അധികാരങ്ങളും സമ്മർദ്ദങ്ങളും വഴിമുടക്കില്ലെന്നും പറഞ്ഞ ഇരുവരും കടമ്പകൾ കടന്നതിന്റെ അനുഭവങ്ങളും പങ്കുവെച്ചു.

എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി കാസർകോട് എ.എസ്.പി ഡി ശില്പ ഉപഹാരം സമ്മാനിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.വി ജയരാജൻ, തെരേസാ വർഗീസ്, രവീന്ദ്രൻ രാവണേശ്വരം എന്നിവർ സംസാരിച്ചു. പ്രസ്‌ക്ലബ്ബ് സെക്രട്ടറി ഒ.വി സരേഷ് സ്വാഗതവും വിനോയ് മാത്യു നന്ദിയും പറഞ്ഞു.

പടം ..സിവിൽ സർവിസ് പരീക്ഷയിൽ റാങ്ക് നേടിയ രഞ്ജിന മേരി വർഗീസ്, നിധിൻ രാജ് എന്നിവർക്ക് എ.എസ്.പി ഡി. ശില്പ ഉപഹാരം സമ്മാനിക്കുന്നു.

എരിഞ്ഞിക്കീൽ തറവാട് കളിയാട്ടത്തോടനുബന്ധിച്ച് കെട്ടിയാടിയ ഉച്ചൂളിക്കടവത്ത് ഭഗവതി.

പട്ടേന ജനശക്തി ഗ്രന്ഥാലയം ജില്ലാ ലൈബ്രറി കൗൺസിലുമായി സഹകരിച്ച് ഒരുക്കിയ കുട്ടികൾക്കായുള്ള നാടക പരിശീലനക്കളരി നാടകകൃത്ത് എൻ. ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു.