ഗൾഫിലേക്ക് കടന്ന പ്രതിയെ പിടികൂടാനായില്ല
അന്വേഷണ സംഘത്തലവനെ മാറ്റിയേക്കും
കാസർകോട്: പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്‌ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ 90 ദിവസത്തിനുള്ളിൽ കോടതിയിൽ കുറ്റപത്രം നൽകാൻ ക്രൈംബ്രാഞ്ച് നടത്തിയ നീക്കം പാളുന്നു. കേസിലെ 11-ാം പ്രതി സി.ഐ.ടി.യു പ്രവർത്തകൻ സുബീഷിനെ അറസ്റ്റുചെയ്യാൻ സാധിക്കാത്തതാണ് കുറ്റപത്രം വൈകാൻ മുഖ്യകാരണം. ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയതോടെ ഗൾഫിലേക്ക് കടന്ന ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റുചെയ്യാനുള്ള നീക്കം വിജയിച്ചില്ല.
അതിനിടെ, അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.എം. പ്രദീപിനെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചയുടനെ ലോക്കൽ പൊലീസിലേക്ക് മാറ്റുമെന്നും അറിയുന്നു.
കൃപേഷിനെയും ശരത്തിനെയും ഫെബ്രുവരി 17ന് രാത്രി ഏഴര മണിയോടെ കല്യോട്ട് കൂരാങ്കര റോഡരികിൽ ബൈക്ക് തടഞ്ഞുനിറുത്തി വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. ഇരട്ടക്കൊലപാതകത്തിന് 17ന് 90 ദിവസം പൂർത്തിയാവുകയാണ്. ക്രൈംബ്രാഞ്ചിന്റെ മുമ്പിൽ ഇനിയാകെയുള്ളത് അഞ്ചു ദിവസമാണ്. ഇതിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുക സാദ്ധ്യമല്ലെന്നാണ് മുതിർന്ന പൊലീസ് ഓഫീസർ അഭിപ്രായപ്പെട്ടത്.
ഗൾഫിലുള്ള പ്രതിയെ അറസ്റ്റു ചെയ്യാതെ കുറ്റപത്രം സമർപ്പിച്ചാൽ അതു കേസിനെ ദുർബലമാക്കും. 90 ദിവസം കഴിഞ്ഞാൽ ജയിലിൽ കഴിയുന്ന പ്രതികൾക്കെല്ലാം ജാമ്യം ലഭിക്കുന്ന സാഹചര്യമുണ്ടാവും. മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഇപ്പോൾ തന്നെ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
മുഖ്യപ്രതി സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ (36), എച്ചിലടുക്കത്തെ ഡ്രൈവർ സജി ജോർജ് (38), കെ.എം. സുരേഷ് (27), കെ. അനിൽകുമാർ (33), ബേഡകം കുണ്ടംകുഴിയിലെ എ. അശ്വിൻ (18), കല്ല്യോട്ടുകാരായ ശ്രീരാഗ് (22), ജി. ഗിജിൻ (26) എന്നിവരെയാണ് ആദ്യം ലോക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. പെരിയ തന്നിത്തോട്ടെ എ. മുരളി (36), കണ്ണോത്ത് താനിത്തിങ്കലിൽ സി. രഞ്ജിത്ത് (24), പെരിയ തന്നിത്തോട്ടെ പ്രദീപ് (34), ആലക്കോട്ടെ കെ. മണികണ്ഠൻ (39) എന്നിവരെ ക്രൈംബ്രാഞ്ചും അറസ്റ്റ് ചെയ്തു.