ചിത്താരിപ്പുഴ 70 മുതൽ 100 മീറ്റർ വരെ വീതിയുണ്ടായിരുന്ന
30 മുതൽ 40 മീറ്റർ വരെയായി ചുരുങ്ങി
കാഞ്ഞങ്ങാട്: ചിത്താരിപ്പുഴയിൽ ഇനി ഒരിറ്റു വെള്ളം കിനിയില്ല. കാരണം മനുഷ്യനിർമ്മിതം തന്നെ. അനിയന്ത്രിതമായ മണലൂറ്റും ചെങ്കൽ ക്വാറികളും ചിത്താരിപ്പുഴയെ അത്രകണ്ട് ബാധിച്ചിട്ടുണ്ട്. ഒരു ദശാബ്ദമായി പുഴ മെലിഞ്ഞുണങ്ങാൻ തുടങ്ങിയിട്ട്. അധികാരികളുടെ ഭാഗത്തു നിന്ന് പുഴയെ രക്ഷിക്കാൻ ഒരു ശ്രമവും ഇതുവരെ നടന്നിട്ടില്ല. പുഴയുടെ കൈവഴികളിലെ വയലുകൾ നികന്നതും ഇടവഴികൾ റോഡുകൾക്ക് വഴിമാറിയതും വ്യാപകമായ കൈയേറ്റവുംനീർത്തടങ്ങൾ നികന്നതും പുഴയുടെ നാശത്തിന് പ്രധാന കാരണമായി.
കൊടും വേനലിൽ പോലും ജലസമൃദ്ധിയുണ്ടായിരുന്ന ചിത്താരി പുഴ ഇന്നിപ്പോൾ മെലിഞ്ഞുണങ്ങി പൂഴിപരപ്പുകളും മൺതുരുത്തുകളുമായി മാറിയത് ആരേയും വേദനിപ്പിക്കുന്ന കാഴ്ചയാണ്. അജാനൂർ പഞ്ചായത്തിലെ ഫീൽഡ് മാപ്പ് അനുസരിച്ച് ചിത്താരിപ്പുഴയുടെ വീതി 70 മുതൽ 100 മീറ്റർ വരെയായിരുന്നു. എന്നാൽ ഇന്നത് 30 മുതൽ 40 മീറ്റർ വരെയായി ചുരുങ്ങിയിരിക്കുന്നു.
പഞ്ചായത്ത് റോഡ് നിർമ്മിച്ചും കരിങ്കൽ ഭിത്തി കെട്ടി മണ്ണിട്ട് നികത്തിയുമുള്ളകൈയേറ്റവുമാണ് ഇതിന് കാരണം. ചിത്താരിപ്പുഴയുടെ അജാനൂർ അഴിമുഖം ഭാഗത്ത് രണ്ട് കിലോമീറ്ററോളമാണ് വറ്റിവരണ്ടത്. ചേറ്റുകുണ്ട് ഭാഗത്ത് നിന്ന് വടക്കോട്ടൊഴുകി നാലു കിലോമീറ്ററിലധികം സഞ്ചരിച്ചാണ് പുഴ അജാനൂർ കടപ്പുറം അഴിമുഖത്തൂടെ കടലിൽ ചേർന്നിരുന്നത്.
കഴിഞ്ഞ ഏതാനും ദിവസം കൊണ്ട് തന്നെ അജാനൂർ ഭാഗത്ത് രണ്ടുകിലോമീറ്ററിലധികം പുഴ തീർത്തും വറ്റി. പുഴയിൽ ബാക്കി സ്ഥലങ്ങളിലും ദിവസം തോറും മണൽത്തുരുത്തുകൾ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. പറമ്പുകളോട് ചേർന്ന് ഒരു നേർത്ത തോടിന്റെ രൂപത്തിലാണ് ഇവിടെ പുഴയൊഴുകുന്നത്. അടുത്ത കാലത്തൊന്നും പുഴ ഇങ്ങനെമാറിയിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. പുഴയെ ആശ്രയിച്ച്
ജീവിക്കുന്ന മത്സ്യതൊഴിലാളികൾക്കും ജീവിതം വഴിമുട്ടിയ സ്ഥിതിയാണ്. പുഴയിൽ അടിഞ്ഞ് കൂടിയ മണ്ണെടുത്ത് ആഴംകൂട്ടിയാൽ ഒരു പരിധിവരെ പുഴയെ സംരക്ഷിക്കാനാവും.
ചിത്താരിപ്പുഴ
അജാനൂർ, പള്ളിക്കര, പുല്ലൂർ പെരിയ, മടിക്കൈ പഞ്ചായത്തുകളുടെയും കാഞ്ഞങ്ങാട് നഗരസഭയുടെയും അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെയും ജീവനാഡിയാണ് ചിത്താരിപ്പുഴ. ഇടനാടൻ ചെങ്കൽ കുന്നുകളാണ് അരയി, ചിത്താരിപ്പുഴകളുടെ ഉദ്ഭവകേന്ദ്രം. ഇരിയ പുണൂർ ഭാഗത്തു നിന്ന് ഉത്‌ഭവിക്കുന്ന ചെറിയ അരുവി പലതായി ചേർന്നാണ് ചിത്താരിപ്പുഴയായി മാറുന്നത്. ഇരിയ വാഴുന്നോറുടേയും പട്ടമ്മാരുടേയും കുളങ്ങളിൽ നിന്നാണ് ചിത്താരിപ്പുഴയുടെ നിലവിലെ ഉദ്ഭവകേന്ദ്രം.