കണ്ണൂർ : യാത്രക്കാരുടെ പ്രതിഷേധം ഭയന്ന് കണ്ണൂർ റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് വെൻഡിങ് യന്ത്രങ്ങൾ ഒന്നടങ്കം റെയിൽവേ അധികൃതർ എടുത്ത് മാറ്റി. വർദ്ധിച്ച തിരക്ക് കാരണം കൗണ്ടറുകളിൽ നിന്ന് സമയത്തിന് ടിക്കറ്റ് കിട്ടാത്ത നിത്യ ദുരിതത്തിന് അറുതി വരുത്താൻ കൂടുതൽ ടിക്കറ്റ് കൗണ്ടറുകൾ ഉടൻ ആരംഭിക്കുക, പ്രവർത്തനരഹിതമായ ടിക്കറ്റ് വെൻഡിംഗ് യന്ത്രങ്ങൾ കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേർസ് കോഓർഡിനേഷൻ കമ്മിറ്റി ഇന്നലെ പ്രതിഷേധ ദിനം ആചരിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. എന്നാൽ മുദ്രാവാക്യം മുഴക്കി എത്തിയ യാത്രക്കാർ വെൻഡിംഗ് യന്ത്രങ്ങൾ കാണാത്തതിനാൽ ടിക്കറ്റ് കൗണ്ടറിന് മുമ്പിൽ റീത്ത് വെച്ച് പ്രതിഷേധം രേഖപ്പെടുത്തി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് രാജൻ തീയറേത്ത് ഉദ്ഘാടനം ചെയ്തു.കോഓർഡിനേഷൻ ചെയർമാൻ അഡ്വ.റഷീദ് കവ്വായി അദ്ധ്യക്ഷനായി.കോഓർഡിനേറ്റർ ദിനു മൊട്ടമ്മൽ, കെ.ജയകുമാർ, ആർട്ടിസ്റ്റ് ശശികല, രമേശൻ പനച്ചിയിൽ, ചന്ദ്രൻ മന്ന, വസന്തൻ പള്ളിയാംമൂല, കെ.ഹരിദാസൻ, കെ.വി.സത്യപാലൻ, സുമ പള്ളിപ്രം, യഹിയ നൂഞ്ഞേരി, സൗമി ഇസബൽ എന്നിവർ പ്രസംഗിച്ചു.
പടം : റെയിൽവേ വെൻഡിങ്ങ് യന്ത്രങ്ങൾ പുന: സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ കണ്ണൂർ റെയിൽവേ സ്റ്റേഷൻ ടിക്കറ്റ് കൗണ്ടറിന് മുമ്പിൽ റീത്ത് വെച്ച് പ്രതിഷേധിക്കുന്നു.