കണ്ണൂർ:കടുത്ത വേനൽ നേട്ടമായത് കുടിവെള്ള വില്പന കമ്പനികൾക്ക് .കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി ലാഭമാണ് ഇത്തവണ സ്വകാര്യ കമ്പനികൾ നേടിയത്. കഴിഞ്ഞ വർഷം കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ വില 20ൽ നിന്ന് 12 രൂപയാക്കി കുറച്ചിരുന്നു. എന്നാൽ ചില പ്രമുഖ കമ്പനികൾ ഈ തീരുമാനം അനുസരിക്കാതെ 20 രൂപക്ക് തന്നെ വിൽപന തുടർന്നു. സർക്കാർ കമ്പനികളുമായി ചർച്ച നടത്തി വില 13 രൂപയായി നിശ്ചയിരുന്നുവെങ്കിലും നടപ്പിലായില്ല.
വില നിയന്ത്രിച്ചു കൊണ്ടുള്ള ഓർഡിനൻസ് ഇറക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കുപ്പിവെള്ളത്തെ അവശ്യസാധനനിയമത്തിന്റെ പരിമിതിയിൽപെടുത്താനാവില്ലെന്ന് കാണിച്ച് വിദഗ്ദ സമിതി റിപ്പോർട്ട് നൽകിയതോടെ വിലനിയന്ത്രിക്കാനുള്ള നീക്കം തടസ്സപ്പെടുകയായിരുന്നു
നിലവിൽ ഒരു ലിറ്റർ കുപ്പിവെള്ളം 20 രൂപക്കാണ് മാർക്കറ്റുകളിൽ വിൽക്കുന്നത്. 25 രൂപക്ക് വിൽക്കുന്നവരുമുണ്ട്.
ബഹുരാഷ്ട്ര കമ്പനികളും ഇടനിലക്കാരും ചെറുകിട കച്ചവടക്കാരും ഒത്തുകളിച്ചാണ് വില കുറക്കാനുള്ള തീരുമാനം അട്ടിമറിച്ചതെന്നാണ് അസോസിയേഷൻ പറയുന്നത്.
ബഹുരാഷ്ട്ര കമ്പനിക്കാർ കൂടുതൽ ലാഭം കൊയ്യാനായി 20 രൂപ വിലയിട്ട കുപ്പികളാണ് ഇറക്കുന്നത്. ഇത് വിറ്റാൽ ലാഭം കൂടുതലുണ്ടാകുമെന്നതിനാൽ ചില്ലറ വിൽപനക്കാർ അവരുടെ ഉത്പന്നങ്ങൾ വാങ്ങാനാണ് താത്പര്യപ്പെടുന്നത്. പല പ്രദേശങ്ങളിലും 12 രൂപ വില രേഖപ്പെടുത്തിയ കുപ്പിവെള്ളം കച്ചവടക്കാർ മടക്കി . ഇതോടെ സംസ്ഥാനത്തെ ചെറുകിട കുപ്പിവെള്ള നിർമാതാക്കളും വില കൂട്ടാൻ നിർബന്ധിതരാവുകയാണ്. ജില്ലയിൽ തന്നെ പ്രധാന ബേക്കറികളിലുൾപ്പെടെ 20 രൂപയുടെ കുപ്പിവെള്ളമാണ് വിൽക്കപ്പെടുന്നത്.
ബഹുരാഷ്ട്ര കമ്പനികളും ഇടനിലക്കാരും ചെറുകിട കച്ചവടക്കാരും ഒത്തുകളിച്ചാണ് വില കുറക്കാനുള്ള തീരുമാനം അട്ടിമറിച്ചത്- കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ
ഉത്പാദനചിലവ് വെറും 3.70 രൂപ
എട്ടുരൂപയ്ക്ക് വിതരണം ചെയ്യാം
ബോട്ടിൽഡ് വാട്ടർ മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ തന്നെ വെളിപ്പെടുത്തിയതനുസരിച്ച് ഒരു കുപ്പി വെള്ളം ഉത്പാദിപ്പിക്കാൻ 3.70 രൂപയാണ് ചിലവ്. കുപ്പിയുടെ അടപ്പിനും ലേബലിനും 32 പൈസയും അടപ്പിന്റെ മുകളിലൊട്ടിക്കുന്ന കവറിന് ആറ് പൈസയും.പാക്കിംഗും വിതരണച്ചെലവും ചേർത്ത് 12 കുപ്പികളടങ്ങുന്ന ഒരു പാക്കറ്റിന്റെ ഉത്പാദന ചെലവ് 78.12 രൂപയാണ് . ഒരു കുപ്പിക്ക് 6.51 പൈസ. നികുതി ചേർത്താലും എട്ട് രൂപക്ക് ഇത് വിതരണം ചെയ്യാം.
ചെറുക്കണം ഉപഭോക്താക്കൾ
സ്വകാര്യ സംരംഭകരുടെ ചൂഷണം തടയുകയെന്ന ഉദ്ദേശത്തോട് കൂടി സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ കെ.ഐ .ഐ .ഡി. സി (കേരള ഇറിഗേഷൻ ഇൻഫ്രാ സ്ട്രക്ച്ചർ ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ ) കുപ്പിവെള്ള നിർമ്മാണ യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്. യൂണിറ്റിന്റെ ഒരു ലിറ്റർ കുപ്പിവെള്ളത്തിന് എം .ആർ. പി 15 രൂപ മാത്രമാണ്. ഉപഭോക്താക്കൾ പൊതുമേഖലാസ്ഥാപനത്തിന്റെ കുപ്പിവെള്ളം ചോദിച്ച് വാങ്ങാൻ തുടങ്ങിയാൽ ഭാവിയിലെങ്കിലും സ്വകാര്യകമ്പനികളുടെ ഈ കൊള്ളലാഭം ഒരു പരിധി വരെ തടയാൻ സാധിക്കും.