കാസർകോട്: സമഗ്ര ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തുന്ന മഴക്കാല പൂർവശുചീകരണത്തിൽ പൈവളിഗെ ഗ്രാമപഞ്ചായത്തിലെയും മൊഗ്രാൽ പുത്തൂരിലെയും പാതയോരങ്ങൾ മാലിന്യമുക്തമായി.

പൈവളിഗെ പഞ്ചായത്തിലെ പാതയോരങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് പതിവായിരുന്നു. 11,12 തീയതികളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ മാലിന്യം നീക്കം ചെയ്തു. ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം 13ാം വാർഡിൽ പഞ്ചായത്ത് പ്രസിഡന്റ് ഭാരതി ജെ ഷെട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ പരിധിയിൽപെട്ട തോട്ടങ്ങളിലും ശുചീകരണപ്രവർത്തനങ്ങൾ നടത്തി. വാർഡ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, തൊഴിലുറപ്പു തൊഴിലാളികൾ, ഓട്ടോ ഡ്രൈവർമാർ, വിവിധ ക്ലബ് പ്രവർത്തകർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു.

മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിൽ നാട്ടുകാരുടെ പിന്തുണയോടെ വിവിധ വാർഡുകളിലായി നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ വാർഡ് അംഗങ്ങൾ, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി പ്രവർത്തകർ, വിദ്യാർത്ഥികൾ, വിവിധ ക്ലബ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. വാർഡുതല ശുചീകരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പരിധിയിലുള്ള തോടുകൾ, കനാലുകൾ, ഡ്രെയ്‌നേജ് തുടങ്ങിയവയിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ ബി. അഷ്റഫ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സുന്ദരൻ, റഷീദ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ ഷൈലജ, രാജി തുടങ്ങിയവർ സംബന്ധിച്ചു.

പടം.. പൈവളിഗെ ഗ്രാമപഞ്ചായത്തിൽ നടന്ന ശുചീകരണ പ്രവർത്തനം