ഇരിട്ടി :കൊട്ടിയൂർ മഹാദേവക്ഷേത്രത്തിലെ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ച് കൊണ്ട് യാഗഭൂമിയിൽ നടക്കുന്ന ആദ്യ ചടങ്ങായ നീരെഴുന്നള്ളത്ത് ഇന്ന് നടക്കും. ഇന്ന് രാവിലെ ഇക്കര ക്ഷേത്രത്തിന് സമീപത്തെ ആയില്യാർക്കാവിലെ പുണ്യാഹത്തിന് ശേഷമാണ് നീരെഴുന്നള്ളത്ത് നടക്കുക.

വൈശാഖ മഹോത്സവം നടത്തുന്ന അടിയന്തര യോഗക്കാർ പ്രത്യേകവഴിയിലൂടെ മന്ദം ചേരിയിലെത്തി ആദ്യം ഒറ്റപ്പിലാൻ, പുറം കലയൻ, കണിശൻ, ആശാരി, പെരുവണ്ണാൻ എന്നിസ്ഥാനിക്കർ വാവലി പുഴയിൽ കുളിച്ച് നിർശേഖരിച്ച് യാഗഭൂമിയിലെത്തി ചില ഗൂഢകർമ്മങ്ങൾ ചെയ്യും ഇതിന് ശേഷം മറ്റ് അടിയന്തര യോഗക്കാർ കൂവയിലയിൽ നീരെഴുന്നള്ളിച്ച് യാത്രഭുമിയിലെത്തും .ഈ സംഘത്തിലെ പടിഞ്ഞാറ്റ രാമചന്ദ്രൻ നമ്പൂതിരി തിടപ്പള്ളിയിലുടെ മണിത്തറയിലെത്തി ചില കർമ്മങ്ങൾ ചെയ്യും .അതിന് ശേഷം ഭഗവദ് വിഗ്രഹത്തിൽ നീരഭിഷേകം നടത്തി തൃത്തറയിൽ നിന്ന് അഷ്ടബന്ധവും തിരുവടുപ്പിൽ നിന്ന് ഭസ്മവും ശേഖരിച്ച് ഇക്കര ക്ഷേത്രത്തിൽ തിരിച്ചെത്തും .രാത്രിയിൽ ആയില്യാർക്കാവിൽ പ്രത്യേകപൂജയും നടക്കും .ഇന്ന് നടക്കുന്ന നീരെഴുന്നള്ളത്തോടെ വൈശാഖ മഹോത്സവത്തെ വരവേൽക്കാൻ കൊട്ടിയൂർ ഒരുങ്ങും.

നെയ്യമൃത് സംഘങ്ങൾ മഠങ്ങളിൽ പ്രവേശിച്ചു
ഇരിട്ടി : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന നെയ്യാട്ടത്തിനുളള നെയ്യുമായി പോകേണ്ട വ്രതക്കാർ വിവിധ മഠങ്ങളിൽ പ്രവേശിച്ച് കഠിനവ്രതം ആരംഭിച്ചു. പത്തുദിവസത്തെ വേറെ വെപ്പിന് ശേഷം ഞായറാഴ്ച മുതലാണ് ഇവർ മഠങ്ങളിൽ പ്രവേശിച്ച് കഠിന വ്രതം തുടങ്ങിയത്.
കീഴൂർ മഹാദേവ ക്ഷേത്രത്തോടനുബന്ധിച്ച മഠത്തിൽ 21 പേരാണ് ഇത്തവണ മഠം കാരണവർ പി.ആർ. ഉണ്ണികൃഷ്ണൻ കാരണവരുടെ നേതൃത്വത്തിൽ വ്രതം നോൽക്കുന്നത് . ക്ഷേത്രം മേൽശാന്തി കുഞ്ഞികൃഷ്ണൻ നമ്പൂതിരി മഠത്തിൽ പ്രവേശിക്കുന്നതിന്റെ ഭാഗമായുള്ള കലശം കുളിക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.
പായം കാടമുണ്ട മഹാവിഷ്ണു ക്ഷേത്രം മഠത്തിൽ നിന്നും കൈതേരി കൃഷ്ണൻ, തില്ലങ്കേരി ഗംഗാധരൻ എന്നിവരുടെ നേതൃത്വത്തിയതിൽ 12 പേരാണ് കലശം കുളിച്ച് മഠത്തിൽ പ്രേവേശിച്ചതു. കീഴ്പ്പാട്ടില്ലത്ത് ശങ്കരൻ നമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്വം നൽകി. കീഴൂർ ഇടവയുടെ കീഴിലുള്ള പുന്നാട് കുഴുമ്പിൽ, കാക്കയങ്ങാട് പാല , ആറളം, വട്ടക്കയം തുടങ്ങിയ മഠങ്ങളിലും വ്രതക്കാർ കലശം കുളിച്ച് മഠത്തിൽ കയറി കഠിന വ്രതം ആരംഭിച്ചു.
17 ന് അർദ്ധരാത്രിയോടെയാണ് അക്കരെ കൊട്ടിയൂരിൽ നെയ്യഭിഷേകം . അഞ്ചു ദിവസത്തെ കഠിന വ്രതത്തിന് ശേഷം വ്രതക്കാർ നെയ്യഭിഷേകത്തിനുള്ള നെയ്യുമായി 17 ന് പുലർച്ചെ കൊട്ടിയൂരിലേക്ക് കാൽനടയായി പുറപ്പെടും.

( പടം ഇരിട്ടി കീഴൂർ മഠത്തിലെ നെയ്യമൃത് വ്രതക്കാർ മഠത്തിൽ പ്രവേശിക്കുന്നതിന് മുൻപ് കലശം കുളിക്കുന്നു )