നീലേശ്വരം: ചോയ്യങ്കോട് ചൂരിപ്പാറ പ്രദേശത്ത് മാലിന്യം തള്ളുന്നു. ചൂരിപ്പാറ പൊതുശ്മശാനത്തിലേക്ക് പോകുന്ന റോഡിൽ സ്വകാര്യ വ്യക്തിയുടെ മതിലിനകത്താണ് മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്.

വീട്ടിൽ സൽക്കാരങ്ങൾ കഴിഞ്ഞ പ്ലേറ്റുകളും ഗ്ലാസ്സുകളുമാണ് കൂടുലായി തള്ളിയിരിക്കുന്നത്. ഈ ഭാഗങ്ങളിൽ അടുത്തൊന്നും വീടുകൾ ഇല്ലാത്തതിനാൽ മാലിന്യം തള്ളുന്നവർക്ക് ആരേയും പേടിക്കാനുമില്ല. തൊട്ടടുത്ത സമീപത്തെ കുറ്റിക്കാടുകളിൽനിന്നും മദ്യപന്മാർ ഉപയോഗശേഷം വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും മാലിന്യത്തിന്റെ അടുത്ത് തന്നെ കിടപ്പുണ്ട്.
ഇനി മഴക്കാലം വരുന്നതോടെ വെള്ളംകെട്ടി നിൽക്കുന്ന ഈ പ്രദേശങ്ങളിൽ മാലിന്യംചീഞ്ഞ് പകർച്ചവ്യാധികൾ പകരാനും സാദ്ധ്യതയുണ്ട്. ആൾപാർപ്പില്ലാത്ത ഈ പ്രദേശങ്ങളിൽ ആരും ശ്രദ്ധിക്കാനില്ലാത്തതിനാലാണ് മാലിന്യം ഇവിടങ്ങളിൽ വലിച്ചെറിയുന്നത്. നാലു ഭാഗവും റോഡുള്ളതിനാൽ ഈ പ്രദേശത്ത് എത്തിപ്പെടാനും സൗകര്യമാണ്. ആരോഗ്യ വകുപ്പധികൃതരോ കുടുംബശ്രീ, തൊഴിലുറപ്പു തൊഴിലാളികളോ ഇത്തരം സ്ഥലങ്ങളിൽ ശ്രദ്ധ പതിപ്പിക്കാത്തതും മാലിന്യങ്ങൾ തള്ളുന്നവർക്ക് അനുഗ്രഹമാണ്.