കോഴിമുട്ടയ്ക്കും ഇറച്ചിക്കോഴിക്കും പേരു കേട്ട നാടാണ് തമിഴ്നാട്ടിലെ നാമക്കൽ. ഒരു കോടി കോഴി മുട്ടയാണ് ഒരാഴ്ച കേരള വിപണിയിലേക്ക് ഒഴുകുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഐ. എസ്. ഒ സർട്ടിഫിക്കറ്റ് നേടിയ ഈ നാമക്കൽ നഗരസഭ അറിയപ്പെടുന്നത് ഇപ്പോൾ കോഴിക്കടത്തിന്റെ പേരിലല്ല. ചോരക്കുഞ്ഞുങ്ങളുടെ വിൽപ്പനയുടെയും വിപണിയുടെയും ഞെട്ടിപ്പിക്കുന്ന കഥകളാണ് നാമക്കലിന് പുതിയ പേരും പെരുമയും ചാർത്തിക്കൊടുത്തത്. നാമക്കലിൽ നിന്നും കൈക്കുഞ്ഞുങ്ങളെ കണ്ണൂരും തിരുവനന്തപുരത്തും കടൽ കടന്ന് ശ്രീലങ്കയിലേക്കും കൈമാറാൻ കൈവഴികൾ നിരവധിയാണ്. ഇടനിലക്കാരുടെ ഈ കൈവഴികൾ കടന്ന് തഴച്ചുവളരുന്ന ശിശുവ്യാപാരത്തിന്റെ കാണാപ്പുറം തേടിയുള്ള യാത്ര. ഇന്ന് മുതൽ.......
കോഴിമുട്ടയുടെയും ഇറച്ചിക്കോഴികളുടെയും രൂക്ഷഗന്ധമുയരുന്ന ഇടുങ്ങിയ തെരുവുകൾ.... തട്ടുകളിൽ മത്സരിച്ച് തിളയ്ക്കുന്ന ഓംലറ്റുകളുടെ ശബ്ദകോലാഹലങ്ങൾ..... പൊതുടാപ്പുകൾക്ക് ചുറ്റും നിന്ന് വെള്ളത്തിനായി യുദ്ധം ചെയ്യുന്ന വീട്ടമ്മമാർ......ഒരു ദിവസത്തെ തൊഴിലിലിനായി ഉടമയോട് യാചിക്കുന്ന സ്ത്രീ തൊഴിൽ സംഘങ്ങൾ.... തൊഴിലുടമകളുമായി വിലപേശുന്ന തൊഴിൽ വിപണിയുടെ ഇടനിലക്കാർ.....
ഇത് തമിഴ്നാട്ടിലെ നാമക്കൽ എന്ന പട്ടണത്തിലെ കാഴ്ചയാണ്. ഒരു പക്ഷെ പാണ്ടിനാട്ടിലെ ഈ പ്രദേശമില്ലെങ്കിൽ മലയാളിയുടെ ആഘോഷത്തിന്റെ തീൻമേശ ശൂന്യമാകുമായിരുന്നു. എന്നാൽ ഈ നാട്ടിൽ നിന്ന് ഇപ്പോൾ കോഴിമുട്ടകളും ഇറച്ചിക്കോഴികളും മാത്രമല്ല അതിർത്തി കടന്നെത്തുന്നത്. മുലപ്പാലിന്റെ മണം മാറാത്ത നവജാത ശിശുക്കളെ വിൽക്കുന്ന പ്രധാന കേന്ദ്രമായി നാമക്കൽ മാറിയിരിക്കയാണ്. സേലം, ഈറോഡ്, രാസിപുരം, കൊള്ളിമല തുടങ്ങിയ നഗരങ്ങളിലേക്കും ശിശുവാണിഭത്തിന്റെ നീരാളിക്കൈകൾ നീളുന്നു.
രാസിപുരം സർക്കാർ ആശുപത്രിയിലെ റിട്ട. നഴ്സിംഗ് അസിസ്റ്റന്റ് വള്ളിയമ്മാൾ നഗറിലെ അമുദവല്ലിയും ഭർത്താവ് രവിചന്ദ്രനും ചേർന്ന് നടത്തിയ വാണിഭത്തിൽ രണ്ടായിരത്തോളം കുഞ്ഞുങ്ങളാണ് പല കൈകൾ മാറി പുതിയ മാതാപിതാക്കളെ തേടിയെത്തിയത്. കുഞ്ഞിന് ജാതകവും ജനനസർട്ടിഫിക്കറ്റുകളും തയ്യാറാക്കി കൊടുക്കാനും നാമക്കലിൽ വൻസംഘങ്ങളുണ്ട്.
ഇടപാടിനെ ചൊല്ലി ഏജന്റും അമുദവല്ലിയും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ കുട്ടിക്കടത്ത് വൈറലായത്. കുഞ്ഞിന് വില 2.70 ലക്ഷം മുതൽ 4.50ലക്ഷം രൂപ വരെ. മൂന്ന് കിലോ തൂക്കമുള്ള കുഞ്ഞിന് 2.90 ലക്ഷം. സുന്ദരിയായ പെൺകുഞ്ഞിന് 3 ലക്ഷം. കറുത്ത ആൺകുഞ്ഞിന് 3.30 ലക്ഷം. വെളുത്ത ആൺ കുഞ്ഞിന് 3.70 ലക്ഷം. അമുൽ ബേബിക്ക് 4 ലക്ഷം. ഈ സംഭാഷണം ഇപ്പോൾ വെബ് സൈറ്റുകളിലും മറ്റും വൈറലാണ്. ഈ സംഭാഷണമാണ് കഴിഞ്ഞ 20 വർഷമായി തുടരുന്ന കുട്ടിക്കടത്തിന്റെ ഞെട്ടിപ്പിക്കുന്ന കഥകൾ പുറത്ത് കൊണ്ടുവരാൻ വഴി തുറന്നത്. വള്ളിയമ്മാൾ നഗറിലേക്ക് പോയി കുട്ടിക്കടത്തിനെ കുറിച്ച് അറിയണമെന്ന് പറഞ്ഞ് രാസിപുരം പൊലീസ് സ്റ്റേഷനിലെത്തി. അവർ എന്തും ചെയ്യാൻ മടികാണിക്കാത്തവരാണ്........ പൊലീസുകാരന്റെ വാക്കുകൾ മുഖവിലക്കെടുത്തായിരുന്നു യാത്ര.
രാസിപുരത്തിനടുത്ത കാട്ടുഗൊട്ടിയ വള്ളിയമ്മാൾ നഗറിലെ സാധാരണ കർഷക കുടുംബത്തിലാണ് അമുദവല്ലിയുടെ ജനനം. നഴ്സിംഗ് അസിസ്റ്റന്റായി ആരോഗ്യവകുപ്പിൽ ജോലി കിട്ടിയതോടെയാണ് ഈ കുടുംബം പച്ചപിടിച്ചത്. സേലം, പള്ളിപ്പാളയം, തിരുച്ചങ്കോട്, വേലൂർ തുടങ്ങിയ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ജോലി ചെയ്ത അമുദവല്ലി രാസിപുരം ഗവൺമെന്റ് ആശുപത്രിയിൽ നിന്നും നഴ്സിംഗ് അസിസ്റ്റന്റായി 2013ൽ സ്വയം വിരമിക്കുകയായിരുന്നു. ശിശുവ്യാപാരം വിപുലപ്പെടുത്താൻ കൂടിയായിരുന്നു ഈ സ്വയം വിരമിക്കൽ.
കഴിഞ്ഞ വർഷം വള്ളിയമ്മാൾ നഗറിലെ അഴുക്കുചാലിൽ ഒരു മാസത്തിനിടെ രണ്ട് ചോരക്കുഞ്ഞുങ്ങളെ ഉപേക്ഷിച്ച സംഭവമുണ്ടായി. ആരോഗ്യവകുപ്പിന്റെ പരിശോധന ഭയന്ന് അമുദവല്ലി ഉപേക്ഷിച്ച കുഞ്ഞുങ്ങളായിരുന്നു അവ. ......അമുദവല്ലിയുടെ ജീവിതം സിനിമാക്കഥയെ വെല്ലുന്നതാണ് അണ്ണാ. കുട്ടികളെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത് സിനിമയിൽ മാത്രം കണ്ടിട്ടുള്ളതാണ്. എന്നാൽ നമ്മുടെ അയൽപ്പക്കത്തും കൊളന്ത വ്യാപാരം എത്തിയെന്ന് അറിയുമ്പോൾ ഭയമാണ് അണ്ണാ.... അമുദവല്ലിയുടെ അയൽവാസിയും ഓട്ടോ ഡ്രൈവറുമായ മുരുകന് പറഞ്ഞ് മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല. ആ മുഖത്ത് വല്ലാത്ത ഭയം നിറഞ്ഞിരുന്നു. കുറച്ചു കാലം പാലക്കാട് ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത മുരുകന് മലയാളം നന്നായി അറിയാം. പക്ഷേ മുരുകൻ ഒന്നും പറയുന്നില്ല.
ചുട്ടുപൊള്ളുന്ന വെയിലിൽ ഒരു ഗ്ളാസ് കരിമ്പിൻ ജ്യൂസ് കഴിച്ചപ്പോൾ മുരുകൻ ഒരു രഹസ്യ സങ്കേതത്തിലേക്കാണ് ഓട്ടോയിൽ കൊണ്ടുപോയത്. കാട്ടൂർ കാട്ടുകൊട്ടിയയിലെ അഴുക്കുചാലുകളിലെ ഗന്ധം പിന്നിട്ടെത്തിയത് ഇരുനില വീടിന്റെ മുന്നിലായിരുന്നു. അണ്ണാ ഇത് അമുദവല്ലിയുടെ വീടാണ്. ഒരു ചെറിയ കൂരയിലായിരുന്നു താമസം. ഇപ്പോൾ നഗരത്തിൽ ഇതിനു പുറമെ രണ്ട് വീടുകളുണ്ട്. എല്ലാം ശിശുവ്യാപാരത്തിന്റെ മറവിൽ സമ്പാദിച്ചതാണ്. ഇതൊക്കെ ചോദിക്കാനും പറയാനും ഇവിടെ ആരുമില്ല. കേരളത്തിലാണെങ്കിൽ ഇവളൊക്കെ പണ്ടേ പൊലീസ് പിടിയിലാകുമായിരുന്നു. പൊലീസും കുട്ടിക്കടത്തിന്റെ ഇടനിലക്കാരും തമ്മിൽ ഒത്തുകളിയാ അണ്ണാ... മുരുകന്റെ വാക്കുകളിൽ പൊലീസിനോടുള്ള പ്രതിഷേധം.
കുട്ടിക്കടത്തിൽ പങ്കാളിയായി ഭർത്താവും:
52 കാരിയായ അമുദവല്ലിയ്ക്ക് കുട്ടിക്കടത്തിൽ പ്രധാനപങ്കാളിയായി പ്രവർത്തിച്ചത് ഭർത്താവും രാസിപുരം സഹകരണ ബാങ്ക് ജീവനക്കാരനുമായ രവിചന്ദ്രനാണ്. ഇവർക്ക് പുറമെ കൊള്ളിമല സെങ്കരി പവർകാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് ഡ്രൈവർ മുരുകേശൻ, ഏജന്റായ അരുൾസാമി( 48), വാടകയ്ക്ക് ഗർഭം ധരിക്കുന്ന സേലം, ഈറോഡ് വന്ധ്യതാ ചികിത്സാ കേന്ദ്രത്തിലെ പർവീൺ( 36), ഹസീന(26), ലീല( 36), സെൽവി( 29) എന്നിവരാണ് ഇതിനകം കുട്ടിക്കടത്തുമായി അറസ്റ്റിലായത്. കഴിഞ്ഞ മാസം 28നാണ് ജില്ലാ പൊലീസ് ചീഫ് ആർ. അരുളരാസുവിന്റെ നിർദേശത്തെ തുടർന്ന് രാസിപുരം പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സമൂഹമാദ്ധ്യമത്തിൽ വൈറലായ സംഭാഷണത്തിന്റെ ചുവട് പിടിച്ച് ആരോഗ്യവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ജി..മേശ് കുമാറാണ് എസ്.പിക്ക് പരാതി നൽകിയത്. കഴിഞ്ഞ ഇരുപത് വർഷത്തിനിടെ 2000 കുഞ്ഞുങ്ങളെ അമുദവല്ലിയും സംഘവും വിൽപ്പന നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
പി. ഇന്ദ്ര
വനിതാ പൊലീസ് ഓഫീസർ, രാസിപുരം
കുട്ടികടത്തുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. കേരളത്തിലടക്കം അമുദവല്ലി കുഞ്ഞുങ്ങളെ വിറ്റിട്ടുണ്ടെന്ന് ചില സാമൂഹ്യപ്രവർത്തകർ പരാതി നൽകിയിരുന്നു. ശ്രീലങ്കയിലേക്കും കുട്ടികളെ കടത്തിയെന്ന പരാതിയും നിലവിലുണ്ട്. അതൊക്കെ അന്വേഷിച്ചു വരികയാണ്. നേരത്തെ രാസിപുരം പൊലീസ് അന്വേഷിച്ച കേസ് ഇപ്പോൾ സേലം സി.ബി. സി. ഐ.ഡിയാണ് അന്വേഷിക്കുന്നത്. ഇതുസംബന്ധിച്ച എല്ലാ ഫയലുകളും അവർക്ക് കൈമാറാൻ എസ്.പി നിർദേശിച്ചിരുന്നു. തമിഴ്നാട്ടിൽ മാത്രം ഒതുങ്ങുന്നതല്ല ഈ കേസ്. പക്ഷെ ഇതുവരെയും പൊലീസിൽ പരാതി നൽകാൻ ഒരു മാതാപിതാക്കളും എത്തിയില്ലെന്നതാണ് വിചിത്രം. വളർത്താൻ കഴിയാത്ത മാതാപിതാക്കൾ കുഞ്ഞുങ്ങളുടെ നല്ല ഭാവി പ്രതീക്ഷിച്ചായിരിക്കും വിൽക്കുന്നത്.
( നാളെ: പെൺകുഞ്ഞുങ്ങൾ വാഴാത്ത കൊള്ളിമല)