-k-sudhakaran-

കണ്ണൂർ: വരുന്ന 23ന് ലോക്‌‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കേന്ദ്രത്തിൽ ഭരണമാറ്റം ഉണ്ടായാലും ഇല്ലെങ്കിലും ഒരു കാര്യത്തിൽ ഏതാണ്ട് ഉറപ്പ്- കണ്ണൂർ കോർപ്പറേഷനിൽ ഭരണമാറ്റം ഉണ്ടാവും. കോർപ്പറേഷനിൽ എൽ.ഡി.എഫ് ഭരണം നിലനിറുത്തുന്നത് കോൺഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച പി.കെ. രാഗേഷിന്റെ ബലത്തിലാണ്. എന്നാൽ, രാഗേഷ് വീണ്ടും കോൺഗ്രസിലേക്ക് മടങ്ങുന്നുവെന്നാണ് വിവരം. അതോടെ കോർപ്പറേഷൻ ഭരണം വീണ്ടും യു.ഡി.എഫിന്റെ കൈകളിലെത്തും.

കോർപ്പറേഷനിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും 27 വീതം സീറ്റുകൾ ലഭിച്ചതോടെയാണ് വിമതനായി നിന്ന് മത്സരിച്ച രാഗേഷ് താരമായി മാറിയത്. കണ്ണൂർ നഗരസഭയായിരുന്നപ്പോൾ യു.ഡി.എഫിനായിരുന്നു ഭരണം. കോർപ്പറേഷനായി മാറിയ കണ്ണൂർ നഗരഭരണം ആർക്കാണെന്ന് തീരുമാനിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. മേയർ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അനുകൂലമായി നിന്ന രാഗേഷ് തന്റെ നിലപാട് ആദ്യംതന്നെ വ്യക്തമാക്കി. കോൺഗ്രസിനോടുള്ള എതിർപ്പ് അറിയിച്ച രാഗേഷ് പക്ഷെ, യു.ഡി.എഫിൽ മുസ്ലിംലീഗിന് അനുവദിച്ച ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇതോടെ നറുക്കെടുപ്പിൽ ഡെപ്യൂട്ടി മേയർ സ്ഥാനം യു.ഡി.എഫിനായി. ഇങ്ങനെ നഗരഭരണം അപ്പുറവും ഇപ്പുറവുമില്ലാതെ പോകുന്നതിനിടെ ഇടതുപക്ഷം രാഗേഷിനെ തങ്ങൾക്കൊപ്പം നിറുത്തി ഡെപ്യൂട്ടി മേയർ പദവി സമ്മാനിച്ച് ഭരണം പിടിക്കുകയായിരുന്നു.


കഴിഞ്ഞ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ. സുധാകരനോടുള്ള എതിർപ്പ് പ്രകടമാക്കിയാണ് പി.കെ. രാഗേഷും സംഘവും ഐക്യജനാധിപത്യ സംരക്ഷണ സമിതി രൂപീകരിച്ച് മത്സര രംഗത്തിറങ്ങിയത്. ഇതിനുമുമ്പ് തന്നെ പി.കെ. രാഗേഷും കെ. സുധാകരനും വളരെയധികം അകന്നിരുന്നു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ. സുധാകരനെതിരെ രാഗേഷ് നടത്തിയ നീക്കങ്ങളും അകൽച്ചയ്ക്ക് ആക്കംകൂട്ടി. എന്നാൽ, ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സുധാകരന് രാഗേഷ് നേതൃത്വം നൽകുന്ന സംരക്ഷണ സമിതി അപ്രതീക്ഷിതമായി പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ ഇരുവർക്കുമിടയിൽ മഞ്ഞുരുകി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കെ. സുധാകരനും ഡി.സി.സി ജനറൽ സെക്രട്ടറി എം.കെ. മേഹനനും രാഗേഷിന്റെ വീട്ടിലെത്തി ചർച്ച നടത്തി. ഇതിൽ രാഗേഷ് കോൺഗ്രസിലേക്ക് മടങ്ങിവരാനുള്ള സന്നദ്ധത അറിയിച്ചതോടെ കോർപ്പറേഷൻ ഭരണവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായി.

അതേസമയം, രാഗേഷിന്റെ ചുവടുമാറ്റം ഏതാണ്ട് ഉറപ്പായതോടെ നഗരഭരണം നിലനിറുത്താൻ എൽ.ഡി.എഫ് അണിയറ നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. യു.ഡി.എഫിൽ ഭിന്നതയുണ്ടാക്കി രാഗേഷിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് നീക്കം. ഇത്തരത്തിൽ രാഗേഷിനെ പുറത്താക്കാനായാൽ മുൻ കോൺഗ്രസ് നേതാവും ഇപ്പോൾ ഇടതു സ്വതന്ത്രനുമായ അംഗത്തെ ഡെപ്യൂട്ടി മേയറാക്കാനാണ് ശ്രമം. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം രാഗേഷ് കോൺഗ്രസിലേക്ക് മടങ്ങുമെന്ന പ്രഖ്യാപനം നടത്തുമെന്നാണ് അറിയുന്നത്.

മേയർ ചർച്ച

ഭരണം ലഭിച്ചാൽ ആരെ മേയർ ആക്കുമെന്ന ചർച്ചയും യു.ഡി.എഫിൽ സജീവമായിട്ടുണ്ട്. പി.കെ രാഗേഷ് തിരികെയെത്തിയാൽ ഡെപ്യൂട്ടി മേയർ സ്ഥാനം അദ്ദേഹത്തിന് നൽകേണ്ടിവരും. അതോടെ യു.ഡി.എഫിൽ മുസ്ലിംലീഗിന് നല്കേണ്ട സ്ഥാനമെന്താണെന്ന ചർച്ച സജീവമാവും. നേരത്തെ കോൺഗ്രസിന് മേയർ സ്ഥാനവും ലീഗിന് ഡെപ്യൂട്ടി മേയർ സ്ഥാനവുമായിരുന്നു ഉദ്ദേശിച്ചിരുന്നത്. ഇതുപ്രകാരം മേയർ സ്ഥാനത്തേക്ക് കെ.പി.സി.സി ജനറൽ സെക്രട്ടറി സുമാ ബാലകൃഷ്ണനാണ് മത്സരിച്ചത്. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ലീഗിലെ സി. സമീറും. കോൺഗ്രസിന് 17ഉം ലീഗിന് 10 ഉം കൗൺസിലർമാരാണുള്ളത്. രാഗേഷിനെ ഡെപ്യൂട്ടി മേയറാക്കിയാൽ മേയർ സ്ഥാനവും ഡെപ്യൂട്ടി മേയർ സ്ഥാനവും കോൺഗ്രസിന് നല്കാൻ ലീഗ് തയാറായേക്കില്ല. മേയർ സ്ഥാനത്തിന് വേണ്ടി ലീഗ് അവകാശവാദം ഉന്നയിച്ചേക്കാം. അങ്ങനെയെങ്കിൽ സി. സീനത്തിനെയോ റഷീദയെയോ ആകും മുസ്ലിംലീഗ് പരിഗണിക്കുക. രാഗേഷ് സ്ഥാനമൊന്നും ആഗ്രഹിക്കുന്നില്ലെങ്കിൽ സുമാ ബാലകൃഷ്ണനെ മേയറാക്കി ഡെപ്യൂട്ടി മേയർ സ്ഥാനം ലീഗിന് നൽകി പ്രശ്നം പരിഹരിച്ചേക്കും.