ൾക്ക് കുട്ടിയെ വേണമെന്ന ആവശ്യവുമായി നടത്തിയ സംഭാഷണത്തിലൂടെയാണ് അമുദവല്ലിയുടെ വ്യാപാരം പുറംലോകം അറിഞ്ഞിരുന്നത്. വിവാഹം കഴിഞ്ഞ് ഏഴ് വർഷമായിട്ടും കുട്ടികളില്ലാത്ത ദമ്പതികൾ മറ്റൊരാൾ വഴി ഏജന്റിനെ സമീപിച്ച ശേഷമായിരുന്നു ഫോൺ സംഭാഷണം. നിയമപരമായി ദത്തെടുക്കൽ അതിസങ്കീർണമായ നടപടിയാണെന്ന് കുഞ്ഞിനെ വാങ്ങാൻ ഫോൺ വിളിച്ചയാളെ അമുദവല്ലി പറഞ്ഞ് ധരിപ്പിക്കുകയും ചെയ്തിരുന്നു. അപേക്ഷ നൽകി ആറുമാസമെങ്കിലും കാത്തിരിക്കണമെന്നും സംഭാഷണത്തിൽ ഓർമ്മിപ്പിച്ചു. വർഷങ്ങൾ കാത്തിരുന്നിട്ടും കുഞ്ഞിക്കാല് കാണാൻ യോഗമില്ലാത്ത ദമ്പതികൾ അമുദവല്ലിയുടെ സംഭാഷണത്തിൽ വീണു പോകുകയായിരുന്നു.
ഇതിനു തൊട്ടുമുമ്പാണ് കണ്ണൂരിലെ ഒരു ന്യൂജനറേഷൻ ബാങ്കിൽ നിന്ന് 10 ലക്ഷം രൂപ അമുദവല്ലിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത സംഭവമുണ്ടായത്. ബാങ്ക് ഉദ്യോഗസ്ഥരായ ദമ്പതികൾക്ക് കുഞ്ഞുങ്ങളില്ലായിരുന്നു. സേലത്തെ ഒരു ഇൻഫെർട്ടിലിറ്റി ക്ളിനിക്കിൽ ചികിത്സയ്ക്ക് പോയ ദമ്പതികളിൽ നിന്നാണ് അമുദവല്ലിയെക്കുറിച്ച് ഇവർ അറിയുന്നത്. അതേസമയം തമിഴ്നാട്, കേരള പൊലീസ് ഇത് സ്ഥിരീകരിക്കുന്നില്ല. ഇതേക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് നാമക്കൽ പൊലീസ് പറഞ്ഞു. ദമ്പതികൾ പണം നൽകിയെങ്കിലും കുഞ്ഞിനെ കിട്ടിയതുമില്ല. പണം നഷ്ടപ്പെട്ട ദമ്പതികൾ പൊലീസിൽ പരാതി നൽകാനും തയ്യാറായില്ലെന്നും സൂചനയുണ്ട്. ദത്തെടുക്കലിന്റെ സങ്കീർണതകൾ ഒഴിവാക്കാനാണ് ദമ്പതികൾ ഇത്തരമൊരു കുറുക്കുവഴി തേടിയിരുന്നത്.
ഒന്നിലേറെ കുട്ടികളുള്ള പാവപ്പെട്ട ദമ്പതികൾ, ഗർഭിണികളായ അവിവാഹിതർ, ആൺകുട്ടികളെ ആഗ്രഹിക്കുന്നവർ തുടങ്ങിയവരാണ് അമുദവല്ലിയുടെ ഇരകൾ. കോളനികളിലും മറ്റും ജീവിക്കുന്ന സ്ത്രീകൾക്ക് ഒരു ദിവസം 100 രൂപയിൽ താഴെയാണ് കൂലി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാസിപുരം, വേലൂർ, കൊള്ളിമല എന്നിവിടങ്ങളിൽ അപ്രത്യക്ഷമായ പെൺകുട്ടികളുടെ എണ്ണം നൂറിലേറെയാണ്. പെൺകുട്ടികളുടെ സംരക്ഷണച്ചെലവ് ഏറ്റെടുക്കാൻ കഴിയാത്തതാണ് വില്പനയ്ക്ക് കാരണമാകുന്നത്. ആശുപത്രിയിൽ ജനിച്ചയുടൻ തന്നെ നിർദ്ധനരായ മാതാപിതാക്കളെ സ്വാധീനിച്ച് ഇടപാട് ഉറപ്പിക്കുന്നതാണ് രീതി. എന്നാൽ മാതാപിതാക്കൾക്ക് കിട്ടുന്നത് തുച്ഛമായ തുകയാണ്. ഇടനിലക്കാർക്ക് കിട്ടുന്നതോ ലക്ഷങ്ങൾ. കുട്ടികളെ വിറ്റവർക്കെതിരെ മാത്രമല്ല, വാങ്ങിയവർക്കെതിരെയും തമിഴ്നാട് രാസിപുരം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജനന സർട്ടിഫിക്കറ്റുകളും ആശുപത്രിരേഖകളും പരിശോധിച്ച് കാണാതായ കുട്ടികളെ കണ്ടെത്തണം. ഇതിന് മാസങ്ങൾതന്നെ വേണ്ടിവരുമെന്ന് നാമക്കൽ എസ്.പി.ആർ. അരുളരാസു പറഞ്ഞു. അതേസമയം വില്പന ചെയ്ത കുട്ടികളെ തിരിച്ചെടുത്ത് എങ്ങോട്ട് കൊണ്ടുപോകുമെന്ന ആശങ്കയും പൊലീസിനുണ്ട്. കുട്ടികൾ മാതാപിതാക്കളെന്നു ധരിച്ചവരുമായി ഇണങ്ങി കഴിയുന്നതിനിടെ പറിച്ചെറിയാൻ ബുദ്ധിമുട്ടാണെന്ന് പൊലീസ് തന്നെ സമ്മതിക്കുന്നുണ്ട്.
തിരുവനന്തപുരത്തെ വീട്ടമ്മയും കുഞ്ഞിനെ വാങ്ങി
തമിഴ്നാട് സ്വദേശിയായ മൂന്നുമാസം പ്രായമുള്ള പെൺകുഞ്ഞിനെ കഴിഞ്ഞ വർഷം തിരുവനന്തപുരം എയർപോർട്ടിന് സമീപത്തെ വീട്ടിൽ നിന്നും ശിശുക്ഷേമസമിതി പ്രവർത്തകർ കണ്ടെത്തിയിരുന്നു. തമിഴ്നാട്ടിലെ സേലത്ത് നിന്ന് കുഞ്ഞിനെ വിലകൊടുത്തു വാങ്ങിയതാണെന്നാണ് സമിതിയിലെത്തിയ വീട്ടമ്മ പറഞ്ഞത്.
തമിഴ്നാട് ജയലളിത ആശുപത്രിയിൽവച്ച് ആറ് കുട്ടികളുള്ള വള്ളിയെന്ന സ്ത്രീയിൽ നിന്നാണ് കുഞ്ഞിനെ വാങ്ങിയതെന്നും കുഞ്ഞിനെ വാങ്ങിയതിൽ ദുരുദ്ദേശ്യമൊന്നുമില്ലെന്നും വളർത്താനാണെന്നുമാണ് വീട്ടമ്മ പറഞ്ഞത്. എന്നാൽ നിയമങ്ങളൊന്നും പാലിക്കാതെ മുദ്രപത്രത്തിൽ കരാറുണ്ടാക്കി കുഞ്ഞിനെ കൈമാറിയത് നിയമവിരുദ്ധമായതിനാൽ കുട്ടിയെ സമിതി ഏറ്റെടുക്കുകയും ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. കുഞ്ഞിനെ വിറ്റ വള്ളി അമുദവല്ലിയുടെ സംഘത്തിൽപ്പെട്ടതുമാണ്. തമിഴ്നാട്ടിലെ പ്രശസ്ത ആശുപത്രികളുമായെല്ലാം അമുദവല്ലിക്ക് ബന്ധമുണ്ട്. പ്രധാനപ്പെട്ട പല ആശുപത്രികളിലും അമുദവല്ലിയ്ക്ക് ജോലി ചെയ്തിട്ടുമുണ്ട്.
ദത്തെടുക്കലിനും കടമ്പകളേറെ
സർക്കാരിന്റെ ദത്തെടുക്കൽ നിയമങ്ങൾ കർശനമായതിനാൽ കുട്ടികളെ ആവശ്യമുള്ള ദമ്പതികളെ കണ്ടെത്തി ഏജന്റുമാർ വഴി സമീപിക്കുകയാണ് പതിവ്. ദത്തെടുക്കലിനെക്കുറിച്ച് അറിയാനുള്ള അവകാശം കുട്ടികൾക്കുണ്ട്. സ്വയം അറിയാനുള്ള അവകാശം ന്യായവും ശരിയുമാണ്. ദത്തെടുക്കപ്പെട്ട കുട്ടിക്ക് വളർന്നു വരുന്ന കുടുംബത്തിന്റെ ദത്തെടുക്കൽ നിലയെക്കുറിച്ച് അറിയാൻ അവകാശമുണ്ട്. വാസ്തവത്തിൽ, മാതാപിതാക്കൾ ദത്തെടുക്കലിനെപ്പറ്റി പറയുക എന്നത് ഒരു പ്രധാന തലമാണ്. ഇത് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാനും അതിനെ അംഗീകരിക്കാനും കുട്ടിയെ സന്നദ്ധമാക്കുന്നു. മൂന്നാമത്തെ വയസു മുതൽ ഇത് തുടങ്ങുന്നത് നല്ലതാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
രണ്ട് വർഷം , ജനിച്ചത്
980 കുട്ടികൾ
2017 നു ശേഷം രാസിപുരം സർക്കാർ ആശുപത്രിയിൽ മാത്രം 980 പ്രസവമാണ് നടന്നത്. ഇതിൽ പകുതിയും പെൺകുഞ്ഞുങ്ങളാണ്. അതേസമയം നഗരസഭയിൽ നിന്ന് ഇക്കാലയളവിൽ 4500 ജനന സർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തതെന്നും ആരോഗ്യവകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഈ സർട്ടിഫിക്കറ്റുകൾ എങ്ങനെ കിട്ടി എന്ന പരിശോധന നടന്നുവരികയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
ശ്രീലങ്കൻ കടത്ത് : അന്വേഷണം
അവസാനഘട്ടത്തിൽ
ശ്രീലങ്കയിലേക്കും കുഞ്ഞുങ്ങളെ കടത്തിയെന്ന പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. രാസിപുരത്തെ പൊതുപ്രവർത്തകൻ അഡ്വ.വിശ്വരാജാണ് പൊലീസിൽ ഇതു സംബന്ധിച്ച് പരാതി നൽകിയത്. കഴിഞ്ഞ വർഷം അമുദവല്ലിയുടെ നേതൃത്വത്തിൽ ശ്രീലങ്കയിലേക്ക് ആറ് കൈക്കുഞ്ഞുങ്ങളെ കടത്തിയെന്നാണ് വിശ്വരാജിന്റെ പരാതി. അമുദവല്ലിയുടെ പാസ്പോർട്ടും മറ്റും പരിശോധിക്കണമെന്നും വിശ്വരാജ് ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യം കുട്ടികളെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുകയും അവിടെ നിന്നും ശ്രീലങ്കയിലേക്ക് കൈമാറിയെന്നുമാണ് വിശ്വരാജിന്റെ പരാതി.
നിയമത്തെക്കുറിച്ചുള്ള അജ്ഞതയും കോളനി വാസികളുടെ ദാരിദ്ര്യവുമാണ് കുട്ടിക്കടത്തിനു പിന്നിലെന്നും രാസിപുരത്തെ സാമൂഹ്യപ്രവർത്തകയായ എ. ശർമ്മിള പറഞ്ഞു. പൊലീസ് തന്നെ നിയമം ലംഘിക്കുന്ന കാഴ്ചയാണ് ഇവിടെ. കേരളം പോലുള്ള അയൽ സംസ്ഥാനങ്ങളിൽ നിയമവാഴ്ച നടപ്പിലാക്കുമ്പോൾ തമിഴ്നാട്ടിൽ അതൊക്കെ ലംഘിക്കപ്പെടുകയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പുവരുത്തേണ്ട പൊലീസ് ഇത്തരം കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നും ശർമ്മിള പറഞ്ഞു. കർശന നടപടികൾ കൊണ്ടു മാത്രമെ ഇത് അവസാനിപ്പിക്കാനാകൂ.
( അവസാനിച്ചു)