കാഞ്ഞങ്ങാട്: ബാലാവകാശ നിയമവും ചൈൽഡ്‌ലൈൻ പ്രവർത്തനവും കാര്യക്ഷമമായി നടക്കുമ്പോഴും കുട്ടികളെ ഉപയോഗിച്ചുള്ള യാചന പൊടിപൊടിക്കുന്നു. പ്രത്യേകിച്ചും വിശേഷാവസരങ്ങളിലാണ് വൻ തോതിൽ യാചകർ നഗരങ്ങളിൽ ചേക്കേറുന്നത്.
ഭിക്ഷാടനമാഫിയയുടെ പ്രവർത്തനം സജീവമാകുമ്പോഴും ഇതിനുപിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം വിജയിച്ചിട്ടില്ല. നോമ്പു കാലമായതിനാൽ യഥേഷ്ടം പണം ലഭിക്കുന്നതു മുതലാക്കുകയാണ് ഭിക്ഷാടന മാഫിയ. പള്ളികൾ കേന്ദ്രീകരിച്ചും മറ്റുമാണ് ഇവരുടെ പ്രവർത്തനം.
പടന്നക്കാടു പിഞ്ചുകുഞ്ഞിനെയെടുത്ത് സ്ത്രീയും ഒമ്പതു വയസു പ്രായം തോന്നിക്കുന്ന മറ്റൊരു കുട്ടിയുമായി പള്ളിക്കു മുന്നിൽ ഭിക്ഷാടനം നടത്തുമ്പോൾ ചിലയാളുകൾക്ക് സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് ഭിക്ഷാടനമാഫിയയുടെ കളി പുറത്തായത്. ഹിന്ദി സംസാരിക്കുന്ന ഇവർ പറഞ്ഞത് ആയിരം രൂപ പിരിഞ്ഞുകിട്ടിയാൽ അമ്പതു രൂപ തങ്ങൾക്ക് ലഭിക്കുമെന്നാണ്. ബാക്കി 950 രൂപയും ഏജന്റിനു (ബോസിനു) നൽകണമത്രെ. എന്നാൽ ഈ ഏജന്റ് ആരാണെന്ന് സ്ത്രീക്ക് അറിയില്ലെന്നും പറയുന്നു.
ഇവരെ പോലെ നിരവധിപേരാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ യാചകരായി തമ്പടിച്ചിരിക്കുന്നത്. ഇവരിൽ നിന്നൊക്കെ ഏജന്റ് ലക്ഷങ്ങളാണ് കൊയ്യുന്നത്.
പ്രയോജനം കാണാതെ അന്നം പദ്ധതി
കാഞ്ഞങ്ങാട്ട് ഭിക്ഷാടനം പൂർണ്ണമായും ഇല്ലാതാക്കുന്നതിന് ജനമൈത്രി പൊലീസും റോട്ടറി ക്ലബ്ബും സംയുക്തമായി നടപ്പിലാക്കിയ അന്നം പദ്ധതി കൊണ്ട് നേരിയ ഗുണം പോലും ഉണ്ടായില്ല. ഭിക്ഷ യാചിക്കുന്നത് ഭക്ഷണത്തിനു വേണ്ടിയാണെന്നും ഭക്ഷണം നൽകിയാൽ ഭിക്ഷ യാചിക്കുന്നവർ അതിൽ നിന്നും പിന്തിരിയുമെന്നും കണക്കാക്കിയാണ് അന്നം പദ്ധതി തുടങ്ങിയത്.