ജില്ലാ പൊലീസ് ചീഫിനും വിമർശനം
കണ്ണൂർ:പോസ്റ്റൽ ബാലറ്റ് പേപ്പർ കണ്ടെത്തുന്നതിന് ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫീസിന്റെ മൂക്കിന് താഴെയുള്ള പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് തലശേരി എ. എസ്.പി അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയതിൽ ഡി.ജി.പിക്കും ആഭ്യന്തരവകുപ്പിനും കടുത്ത അതൃപ്തി. റെയ്ഡിനെ തുടർന്ന് ജില്ലയിലെ പൊലീസുകാരിൽ ഒരു വിഭാഗം എസ്.പി ജി. ശിവവിക്രമിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ജില്ലാ പൊലീസ് ആസ്ഥാനം പ്രവർത്തിക്കുന്ന കണ്ണൂരിന്റെ ചുമതലയുള്ള ഡിവൈ. എസ്.പി കെ.വി.വേണുഗോപാലിനെ മാറ്റി തലശേരി എ. എസ്.പിയെ നിയോഗിച്ചതാണ് പൊലീസ് സേനയിൽ അമർഷത്തിന് കാരണമായത്.
എസ്.പിയെ മാറ്റണമെന്ന് ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥർ ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ എസ്.പിക്ക് സ്ഥാനചലനമുണ്ടാകുമെന്നാണ് സൂചന.ശനിയാഴ്ച രാത്രി 7.30 മുതൽ ഒരു മണിക്കൂർ സമയമാണ് റെയ്ഡ് നടത്തിയത്. എ. എസ്.പി ഒറ്റയ്ക്കാണ് റെയ്ഡ് നടത്തിയത്. ഗൺമാനെ പുറത്ത് നിർത്തിയായിരുന്നു പരിശോധന. എസ്.പിയുടെ നടപടി പൊലീസ് സേനയ്ക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന തരത്തിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗം ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡി.ജി.പി എസ്.പിയോട് വിശദീകരണം ചോദിച്ചേക്കും.
കണ്ണൂർ റേഞ്ച് ഐജിയും റെയ്ഡിനെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് പൊലീസ് അസോസിയേഷൻ നേതാക്കൾ ആരോപിക്കുന്നത്. സംഭവത്തിൽ ആഭ്യന്തരവകുപ്പും ഇടപെടുന്നതായാണ് സൂചന. പൊലീസുകാരുടെ ശുചിമുറിയിലടക്കം പരിശോധന നടത്തിയിരുന്നു. ക്യാമ്പിലെ ശുചിമുറികളും കെട്ടിടഭാഗങ്ങളും ഉൾപ്പെടെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.റെയ്ഡ് പൊലീസുകാരുടെ മനോവീര്യം തകർക്കാൻ യു.ഡി. എഫ് നടത്തിയ കെണിയാണെന്നും ഇതി. എസ്.പിയടക്കമുള്ളവർ കരുക്കളായെന്നുമാണ് ഇവരുടെ വാദം.കണ്ണൂരിലെ കോൺഗ്രസ് പ്രമുഖന്റെ നിർദേശ പ്രകാരമാണ് റെയ്ഡ് നടത്തിയതെന്നാണ് എൽ.ഡി. എഫ് ആരോപിക്കുന്നത്.