കാസർകോട്: ദാനാധാരം കിട്ടിയ ശേഷം വൃദ്ധ മാതാപിതാക്കളെ സംരക്ഷിക്കാൻ വിസമ്മതിച്ച മകന്റെ സ്ഥലം ജില്ലാ കളക്ടർ പിടിച്ചെടുത്ത് ദമ്പതികൾക്ക് തിരിച്ചു നൽകി. മാതാപിതാക്കൾ നൽകിയ 1.80 ഏക്കർ ഭൂമിയാണ് കളക്ടർ പിടിച്ചെടുത്ത് നൽകിയത്. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണം ഉറപ്പുവരുത്തുന്ന 2007ലെ നിയമത്തിലെ 23-ാം വകുപ്പ് പ്രകാരമാണ് കളക്ടറുടെ ഉത്തരവ്.
പാലാവയൽ മലാങ്കടവിൽ പനന്താനത്ത് ഏലിയാമ്മയുടെ മകൻ കെ.എം. എബ്രഹാമിനെതിരെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് നടപടി. ശിഷ്ടകാലം സംരക്ഷിച്ചുകൊള്ളാമെന്ന ഉറപ്പിലാണ് പാലാവയൽ വില്ലേജിലുള്ള 1.80 ഏക്കർ ഭൂമി മകന് ദാനാധാര പ്രകാരം 2012ൽ പതിച്ചു നൽകിയതെന്ന് മാതാപിതാക്കളായ ഏലിയാമ്മയും ആഗസ്തി കാരക്കാട്ടും പരാതിയിൽ പറയുന്നു. എന്നാൽ സ്ഥലം രജിസ്റ്റർ ചെയ്തു നൽകിയശേഷം മകൻ നിലപാട് മാറ്റി. നിരന്തരം മകൻ മർദ്ദിച്ചിരുന്നതായും വൃദ്ധ ദമ്പതികൾ പറയുന്നു.
വിചാരണ വേളയിൽ രക്ഷിതാക്കളുടെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് മകൻ വ്യക്തമാക്കിയിരുന്നു. എന്നാൽ മകന് പതിച്ചു നൽകിയ സ്വത്തുക്കൾ തിരികെ വാങ്ങിനൽകണമെന്ന് ദമ്പതികൾ ആവശ്യമുന്നയിച്ചു. ഇതോടെയാണ് കളക്ടർ ഭൂമി കണ്ടുകെട്ടി മാതാപിതാക്കൾക്ക് നൽകാൻ ഉത്തരവിട്ടത്.
മുതിർന്ന പൗരന്മാരുടെ സംരക്ഷണ നിയമപ്രകാരം ദാനമായോ, അല്ലാതെയോ അവരുടെ ഭൂസ്വത്തുക്കൾ കൈമാറുകയും അത് ലഭിച്ചയാൾ സംരക്ഷണം നൽകാതെയുമിരുന്നാൽ അത്തരം കൈമാറ്റങ്ങൾക്ക് നിയമപ്രാബല്യം ഉണ്ടായിരിക്കില്ലെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു.