കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ആദ്യ ചടങ്ങായ നീരെഴുന്നള്ളത്ത് ഇന്നലെ അക്കരെ കൊട്ടിയൂരിൽ നടന്നു. കൊട്ടിയൂർ പെരുമാളിന്റെ സ്വയംഭൂവിഗ്രഹം കണ്ടെത്തിയതിന്റെ ആചാര സ്മരണകളോടെയാണ് നീരെഴുന്നള്ളത്ത് നടന്നത്. ശൈവ സന്നിധിയിലേക്ക് തീർത്ഥവുമായി സ്ഥാനികർ പ്രവേശിക്കുന്ന ചടങ്ങാണിത്.പതിനൊന്ന് മാസത്തോളം മനുഷ്യർക്ക് പ്രവേശനമില്ലാതിരുന്ന അക്കരെ സന്നിധിയിലേക്ക് ആദ്യമായി സ്ഥാനികരും ആചാര്യന്മാരും അടിയന്തിരക്കാരും പ്രവേശിക്കുന്ന ദിവസം കൂടിയാണ് നീരെഴുന്നള്ളത്ത് നാൾ.
കൂത്തുപറമ്പിനടുത്ത് തിരൂർക്കന്ന് ഗണപതി ക്ഷേത്രത്തിൽ നിന്ന് മണിയൻ ചെട്ടിയാൻ സ്ഥാനികന്റെ നേതൃത്വത്തിലുള്ള സംഘം കിള്ളിയുമായി ശനിയാഴ്ച പുറപ്പെട്ട് എടയാറിലും പേരാവൂർ തെരുവിലും മണത്തണ കരിമ്പനക്കൽ ഗോപുരത്തിലും തങ്ങിയ ശേഷം ഇന്നലെ രാവിലെ ഇക്കരെ കൊട്ടിയൂരിലെത്തി കിളളി സമർപ്പിച്ചു. കൊട്ടിയൂരിലെ യാഗോത്സവത്തിൽ പൂജാസമയത്ത് മണിത്തറയെ കിഴക്കേനടയിൽ നിന്ന് മറച്ച് വേർതിരിക്കാനുള്ള തുണിയാണ് കിളളി. തുടർന്ന് ഒറ്റപ്പിലാൻ, കാടൻ, പുറങ്കലയൻ,കൊല്ലൻ ആശാരി എന്നിവർ ചേർന്ന് ഇക്കരെ ക്ഷേത്രസന്നിധിയിലും അക്കരെ ക്ഷേത്രത്തിന്റെ കിഴക്കേനടയായ മന്ദംചേരിയിൽ ബാവലി പുഴയുടെ കരയിൽ വച്ചും തണ്ണീർ കുടി ചടങ്ങ് നടത്തി.തുടർന്ന് അടിയന്തിരയോഗക്കാരും ആചാര്യന്മാരും സ്ഥാനികരും അക്കരെ കടക്കുന്ന ചടങ്ങായ നീരെഴുന്നള്ളത്ത് നടന്നു.ഇക്കരെ കൊട്ടിയൂരിൽ നിന്നും പ്രത്യേകവഴികളിലൂടെ നടന്ന് മന്ദംചേരിയിലെത്തിയ ആചാര്യന്മാരും അടിയന്തിരയോഗക്കാരും ഉരുളിക്കുളത്തിന് സമീപത്തു നിന്നും കൂവയില ശേഖരിച്ചു.ഇവർ ബാവലിക്കരയിലെത്തുമ്പോൾ ഒറ്റപ്പിലാൻ, ആശാരി, പുറങ്കലയൻ എന്നീ സ്ഥാനികർ മറുകരയിൽ കാത്തു നിന്നിരുന്നു.സ്ഥാനികർ കുളിച്ച് ശുദ്ധി വരുത്താനായി ബാവലിയിൽ ഇറങ്ങിയപ്പോൾ ഒറ്റപ്പിലാൻ, ആശാരി, പുറങ്കലയൻ എന്നിവർ അക്കരെ സന്നിധാനത്ത് പ്രവേശിച്ചു.ഇവർ തിരവഞ്ചിറ കടന്ന് മണിത്തറയുടെ കിഴക്ക് ഭാഗത്ത് നിലയുറപ്പിച്ചു. സുമുദായി ജന്മശാന്തി സ്ഥാനികരുടെ നേതൃത്വത്തിൽ അവകാശികളും അടിയന്തിരക്കാരും പിന്നാലെ മണിത്തറയിലെത്തി. കൂവയിലയിൽ ശേഖരിച്ച തീർത്ഥം പടിഞ്ഞിറ്റ നമ്പൂതിരി സ്വയംഭൂവിൽ അഭിഷേകം ചെയ്തു.തുടർന്ന് സാഷ്ടാംഗം നമസ്‌കരിച്ച് സംഘം മടങ്ങി .അർദ്ധരാത്രിയോടെ ആയില്യാർക്കാവിൽ ഗൂഢ പൂജയും അപ്പട നിവേദ്യവും നടന്നു. നീരെഴുന്നത്തോടെ ഭക്തി സാന്ദ്രമായ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തുടക്കമായി.17 ന് നെയ്യാട്ടം നടക്കും.
പടം :വൈശാഖോത്സവത്തിന്റെ ഭാഗമായി കൊട്ടിയൂരിൽ നടന്ന നീരെഴുന്നള്ളത്ത്