നീലേശ്വരം: രാജാ റോഡ് വികസനവുമായി ബന്ധപ്പെട്ട് അതിന്റെ വിശദമായ പദ്ധതി റിപ്പോർട്ട് തയാറായി. രാജാ റോഡ് വികസനത്തോടൊപ്പം തന്നെ കച്ചേരി കടവിൽ പാലമടക്കമുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇനി റോഡിന്റെ ഇരു ഭാഗത്തും ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വില കണക്കാക്കി എസ്റ്റിമേറ്റ് തയ്യാറാക്കണം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചാൽ സങ്കേതികാനുമതി ലഭിക്കുന്ന മുറയ്ക്ക് ടെണ്ടർ നടപടിയിലേക്ക് നീങ്ങും. 40 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്.
എം. രാജഗോപാലൻ എം.എൽ.എയുടെയും നഗരസഭയുടെയും ഇടപെടലിനെ തുടർന്നാണ് രാജാ റോഡ് വികസനം നടപ്പിലാവാൻ പോകുന്നത്. ആറ് മാസം മുമ്പാണ് രാജാ റോഡിന്റെ ഇരുഭാഗങ്ങളിലും അളന്ന് തിട്ടപ്പെടുത്തിയത്. മാർക്കറ്റ് റോഡ് മുതൽ പോസ്റ്റ് ഓഫീസ് വരെയാണ് റോഡ് വികസിപ്പിക്കുന്നത്. ഗതാഗത തടസം നേരിടുന്ന രാജാ റോഡിന് നീണ്ട മുറവിളിക്കുശേഷം ഇടതുപക്ഷ സർക്കാരാണ് കഴിഞ്ഞ ബഡ്ജറ്റിൽ 40 കോടി വകയിരുത്തിയത്.
എട്ടുകോടിരൂപ ചെലവിൽ ബസ് സ്റ്റാൻഡും പൊളിച്ചുപണിയുന്നുണ്ട്.
മാമ്പഴ പുളിശ്ശേരിയും മാങ്ങാപ്പൊരിയുമായി നാട്ടുമാമ്പഴഫെസ്റ്റ്
തൃക്കരിപ്പൂർ: പിലിക്കോട് ഗ്രാമ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി, പൈതൃകം നാട്ടുമാവ് പദ്ധതി, കുടുംബശ്രീ സി.ഡി.എസ് സംയുക്തമായി സംഘടിപ്പിച്ച നാട്ടുമാമ്പഴ ഫെസ്റ്റ് ശ്രദ്ധേയമായി. കാലിക്കടവിൽ നടന്ന പരിപാടി കാസർകോട് വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ ഇ പി രാജ്‌മോഹൻ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തിലെ 16 വാർഡുകളിൽ നിന്നുള്ള ഓരോ യൂണിറ്റുകളാണ് മേളയിൽ പങ്കെടുത്തത്. നിത്യജീവിതത്തിൽ മാമ്പഴത്തെ എങ്ങിനെ വിനിയോഗിക്കാം. മാമ്പഴം കൊണ്ടുള്ള മൂല്യവർധിത ഉത്പ്പന്നങ്ങളുടെ സാധ്യതകളും വിനിയോഗവും എങ്ങിനെ ഉപയോഗപ്പെടുത്താം തുടങ്ങിയവ ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു മാമ്പഴ ഫെസ്റ്റ്. ഗോമാങ്ങ, കോയക്കാൻ മാങ്ങ, കടുക്കാച്ചി, പഞ്ചസാരൻ, വെല്ലത്താൻ തുടങ്ങി വിവിധതരം നാടൻ മാമ്പഴങ്ങളോടൊപ്പം മാമ്പഴ മിഠായി, ഫ്രൂട്ടി, സ്‌ക്വാഷ് തുടങ്ങിയ മധുര വിഭവങ്ങൾ, മാമ്പഴ പുളിശ്ശേരി, പെരക്ക് , പച്ചടി, അച്ചാർ തുടങ്ങിയ കറി ഉത്പന്നങ്ങൾ, മാങ്ങാപ്രഥമൻ,ഫലൂദ, ഫുഡ്ഡിംഗ്, ചായക്ക് പലഹാരമായി ഉപയോഗിക്കാവുന്ന മാങ്ങാപ്പൊരി തുടങ്ങി വിപണന സാധ്യതകൾ ഉള്ള മാങ്ങകൊണ്ടുള്ള വിവിധതരം ഉത്പന്നങ്ങളാണ് മേളയിൽ എത്തിയത്.
നാട്ടിൻപുറങ്ങളിൽ നിന്നും സുലഭമായി ലഭിക്കുന്ന മാങ്ങകൾ അവഗണിച്ച് വിപണിയിൽകിട്ടുന്ന അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വിഷമയമായ മാങ്ങകൾ ഉപയോഗിക്കുന്നതിനെതിരെയുള്ള സന്ദേശവും കൂടിയായി ഫെസ്റ്റ്. വിജയികൾക്ക് 3000 ,2000 , 1000 എന്നിങ്ങനെ സമ്മാനങ്ങളും നൽകി. പിലിക്കോട് പഞ്ചായത്ത് കാര്യാലയത്തിന് സമീപം നടന്ന ഫെസ്റ്റിൽ പൈതൃകം നാട്ടുമാവ് കൺവീനർ കെ.പി രാമചന്ദ്രൻ, പിലിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. രമേശൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. ശൈലജ, എം. കുഞ്ഞിരാമൻ, എം.ടി.പി മൈമൂനത്ത്, കെ. ദാമോദരൻ, ബി.എം.സി കോർഡിനേറ്റർ കെ. കൃഷ്ണൻ, എം. വിനയൻ സംസാരിച്ചു. കൃഷി ഓഫീസർ കെ. ജലേശൻ സ്വാഗതവും വി. ലീന നന്ദിയും പറഞ്ഞു.