പയ്യന്നൂർ: അനധികൃതമായി വിദേശമദ്യവില്പന നടത്തുന്നുവെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥനെ പ്രതി കടിച്ചു പരിക്കേൽപ്പിച്ചു. പയ്യന്നൂർ എക്‌സൈസ് ഓഫിസിലെ പ്രിവന്റീവ് ഓഫിസർ വി.കെ.വിനോദിനെയാണ് ഏഴിമല ചെരിച്ചിലിലെ റിച്ചൻ തോമസ് അക്രമിച്ചത്. കടിയേറ്റ പരിക്കുകളാടെ വിനോദിനെ പയ്യന്നൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചക്ക് 2.15 ഓടെ രാമന്തളി ഗ്രാമപഞ്ചായത്തിലെ നീലകരിച്ചാലിലാണ് സംഭവം.റിച്ചൻ തോമസ് അനധികൃതമായി മദ്യവിൽപ്പന നടത്തുന്നതായി കാണിച്ച് എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിനും എക്‌സൈസ് വിജിലൻസ് വിഭാഗത്തിനും പരാതി ലഭിച്ചിരുന്നു.കമ്മീഷണറുടെ നിർദ്ദേശപ്രകാരം അന്വേഷത്തിനെത്തിയപ്പോഴായിരുന്നു അക്രമം. പ്രിവന്റീവ് ഓഫിസർമാരായ എ.അസീസ്,
വി. കെ.വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥർ എത്തിയത്.വാഹനം ഇറങ്ങിയ ഉടൻ പ്രതി വിനോദിനെ കടിച്ചു പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ മുമ്പ് അഞ്ചോളം കേസുകളുണ്ടായതായി എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താനായില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പയ്യന്നൂർ പൊലീസ് സി.ഐ ഹരിപ്രസാദ് അറിയിച്ചു. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും അക്രമിച്ചതിനുമാണ് കേസ്.