mani
കെ. മണികണ്ഠൻ

കാസർകോട് : പെരിയ കല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് സി.പി.എം നേതാക്കൾ കൂടി അറസ്റ്റിലായി. ഉദുമ ഏരിയാ സെക്രട്ടറിയും സംസ്ഥാന യുവജനക്ഷേമ ബോർഡ് മെമ്പറുമായ കെ. മണികണ്ഠൻ (40), പെരിയ ബ്രാഞ്ച് സെക്രട്ടറി എൻ. ബാലകൃഷ്ണൻ (55) എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.എം. പ്രദീപിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.

ഹൊസ്ദുർഗ് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി (സെക്കൻഡ്)യുടെ ചുമതലയുള്ള ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) വിദ്യാധരൻ പെരുമ്പള ഇരുവർക്കും ജാമ്യം അനുവദിച്ചു. രണ്ട് പേരുടെ ആൾജാമ്യവും അര ലക്ഷം രൂപയുടെ ബോണ്ടുമാണ് ഉപാധി.

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി.

കൊലക്കേസ് പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചു, തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നു എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. പ്രതികളെ രക്ഷപ്പെടുത്താനും ഒളിവിൽ പോകാനും സഹായിച്ചത് മണികണ്ഠനാണെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു. കൊലപാതകത്തിന് ശേഷം എത്തിയ പ്രതികളുടെ ഒരു സംഘത്തിന് ചട്ടഞ്ചാലിലെ സി.പി.എം ഉദുമ ഏരിയാ കമ്മിറ്റി ഓഫീസ് തുറന്നുകൊടുക്കാൻ നിർദ്ദേശിച്ചത് മണികണ്ഠനാണെന്നും പ്രതികൾ രക്ഷപ്പെട്ടതിൽ ഇയാൾക്ക് പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

ക്രൈംബ്രാഞ്ച് എസ്.പിയും ഡിവൈ.എസ്.പിയും ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിലും മണികണ്ഠനെ പരാമർശിച്ചിരുന്നു.

ഈമാസം ആദ്യം മണികണ്ഠനെയും ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമൻ, മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഡോ. വി.പി.പി. മുസ്തഫ എന്നിവരെയും ക്രൈംബ്രാഞ്ച് ക്യാമ്പ് ഓഫീസിൽ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.

ഫെബ്രുവരി 17 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്തും കൊല്ലപ്പെട്ടത്.

സി.ബി.ഐ അന്വേഷണം

തടയാനുള്ള ഗൂഢാലോചന

പെരിയ: നിസാര വകുപ്പുകൾ ചുമത്തി സി.പി.എം നേതാക്കളുടെ അറസ്റ്റ് കാണിച്ചതിന് പിന്നിൽ സി.ബി.ഐ അന്വേഷണം വരുന്നത് തടയാനുള്ള ഗൂഢാലോചനയാണെന്ന് കൃപേഷിന്റെ അച്ഛൻ കൃഷ്ണനും ശരത് ലാലിന്റെ അച്ഛൻ സത്യനാരായണനും പ്രതികരിച്ചു. മണികണ്ഠനും ബാലകൃഷ്ണനും കൊലപാതകത്തിൽ വ്യക്തമായ പങ്കുണ്ടെന്ന് തങ്ങൾ നേരത്തേ പറഞ്ഞതാണ്. ജാമ്യം കിട്ടുന്ന വകുപ്പുകൾ ചേർത്ത് അറസ്റ്റ് കാണിച്ചത് പ്രഹസനമാണ്. മക്കളെ കൊന്നതിൽ സി.പി.എമ്മിലെ ഉന്നതർക്ക് പങ്കുണ്ടെന്ന് തങ്ങൾ പറഞ്ഞത് സത്യമായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് തെളിയിച്ചതിൽ സന്തോഷമുണ്ടെന്നും ഇവർ പറഞ്ഞു.