കുട്ടികളിൽ നല്ല ശീലങ്ങളും സ്വഭാവങ്ങളും വളർത്തിയെടുക്കേണ്ടത് വീടുകളിൽ നിന്ന് തന്നെയാണ്. ഇതിന് മാതാപിതാക്കൾ സ്വയം തങ്ങളുടെ വീഴ്ചകളും ഗുണങ്ങളും തിരിച്ചറിയണം. ഇതിന് ആദ്യം ചെയ്യേണ്ടത് കുടുംബത്തെ അംഗീകരിക്കുകയെന്നതാണ്. പക്വതയോടെ കാര്യങ്ങൾ നോക്കിക്കാണണം. കുട്ടികൾക്ക് നല്ല മാതൃക നൽകാൻ ശ്രമിക്കണം. ഉദാഹരണത്തിന് പിതാവിന്റെ മദ്യപാനവും പുകവലിയും കുട്ടികളെ സ്വാധീനിക്കാൻ ഇടയുണ്ടെന്ന് മനസിലാക്കി ഇതിൽ നിന്ന് മാറിനിൽക്കുക.
കുട്ടികളുടെ കഴിവുകളും പരിമിതികളും മനസിലാക്കി അവരെ സ്വീകരിക്കണം. ശിക്ഷയും പരിഹാസവുമല്ല ശിക്ഷണമാണ് അവർക്കാവശ്യം. ഒരിക്കലും മറ്റുള്ളവരുമായി താരതമ്യപ്പെടുത്തരുത്. അമിതമായ പരിഗണനയും അവഗണനയും അരുത്. പ്രായത്തിനനുസരിച്ച് സ്വാതന്ത്ര്യം നൽകണം. നല്ല ശീലങ്ങളും മൂല്യങ്ങളും ചെറുപ്പത്തിലേ വളർത്തിയെടുക്കണം. സഹവർത്തിത്വം സൃഷ്ടിക്കപ്പെടുന്നത് കളിയിലൂടെയായതിനാൽ കളിക്കാൻ അനുവദിക്കുക. പഠിക്കാൻ സഹായിക്കുകയും അതിനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയും വേണം. പ്രശ്‌നങ്ങളുണ്ടായാൽ ഭയരഹിതമായി നിങ്ങളെ സമീപിക്കാൻ അവസരമൊരുക്കണം.
മാതാപിതാക്കളാണ് ആദ്യ ഗുരുക്കന്മാരെന്നും വീടാണ് ആദ്യ വിദ്യാലയമെന്നും ഒരിക്കലും മറക്കരുത്. പ്രതിസന്ധികളോ പരാജയമോ ഉണ്ടായാൽ കുട്ടിയെ കുറ്റപ്പെടുത്താതെ അവർക്ക് തണലായി രക്ഷിതാക്കളുണ്ടാവണം. അനുസരണയും വിധേയത്വവും മാത്രം പഠിപ്പിച്ചാൽ പോര, ഉത്തരവാദിത്വ ബോധവും അച്ചടക്കവും മനഃശാസ്ത്ര സമീപനങ്ങളിലൂടെ കുട്ടികളിൽ വളർത്താൻ യത്‌നിക്കണം. കുടുംബ ബന്ധങ്ങളിൽ ശാന്തിയും സമാധാനവും ഉണ്ടായിരിക്കണം. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക സൗഹൃദ സംഭാഷണങ്ങളിൽ ഏർപ്പെടുക. കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ സന്ദർഭോചിതമായി മാതാപിതാക്കൾ ചർച്ച ചെയ്തു സമ്മാനങ്ങൾ വാങ്ങിച്ചുകൊടുക്കാം. പണം കൊടുത്ത് സ്വഭാവം നന്നാക്കുന്നത് ശരിയല്ല. നിങ്ങളെ പോലെ കുട്ടികൾക്കും സവിശേഷമായ വ്യക്തിത്വമുണ്ടെന്ന കാര്യം പരിഗണിക്കണം.