രാസിപുരത്ത് നിന്ന് 60 കിലോമീറ്റർ അകലെയാണ് കൊള്ളിമല. എഴുപതോളം ഹെയർപിൻ വളവുകൾ കടന്നു ചെന്നാൽ വിനോദസഞ്ചാരികൾ ഭൂമിയിലെ സ്വർഗമെന്ന് വിശേഷിപ്പിക്കുന്ന കൊള്ളിമലയിലെത്താം. സമുദ്രനിരപ്പിൽ നിന്ന് ആയിരം അടി ഉയരത്തിലാണ് പ്രകൃതിരമണീയമായ ഈ പ്രദേശം. എന്നാൽ ഈ മലമടക്കുകളിൽ കുഞ്ഞുങ്ങളുടെ കരച്ചിൽ അപൂർവമായി മാത്രമാണ് കേൾക്കുക. പ്രത്യേകിച്ച് പെൺകുഞ്ഞുങ്ങളുടെ കരച്ചിൽ. പെൺകുഞ്ഞുങ്ങൾ പിറക്കുന്നത് ശാപമാണെന്ന് കരുതുന്ന ഒരു വലിയ വിഭാഗം ഇവിടെയുണ്ട്. പ്രത്യേകിച്ച് പട്ടികവർഗ വിഭാഗക്കാർ. പിറന്നത് പെൺകുഞ്ഞാണെങ്കിൽ നെന്മണി നാവിനടിയിലിട്ട് കൊന്നിരുന്ന ഉസിലംപെട്ടിയിൽ നിന്ന് മൂന്നരമണിക്കൂർ യാത്ര ചെയ്താൽ കൊള്ളിമലയിലെത്താം.
കേരളത്തിൽ നിന്നും നിരവധി വിനോദസഞ്ചാരികൾ ഈ പ്രദേശത്ത് എത്താറുണ്ട്. വിനോദസഞ്ചാരികളെ വശത്താക്കാനും ഇവിടെ സംഘങ്ങളുണ്ട്. തനിച്ച് വരുന്ന ദമ്പതികളെയാണ് ഇവർ ആദ്യം വലയിൽ വീഴ്ത്തുക. 'കൊളന്തയില്ലേ' എന്ന ചോദ്യത്തിൽ നിന്നാണ് തുടക്കം. കുട്ടികളില്ലെന്ന് അറിഞ്ഞാൽ സംഘം ഇവർക്ക് നിർദേശങ്ങൾ നൽകും. 'അമ്മാ നല്ല കൊളന്തയെ തരാം. പണം തന്നാൽ മതി.' സംഘത്തിന്റെ വാഗ്ദാനത്തിൽ വീഴുന്നവർ നിരവധിയാണ്.
ഈ സംഘത്തിലെ പ്രധാന വില്ലൻ കൊള്ളിമലയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് ഡ്രൈവർ മുരുകേശനാണ്. ആംബുലൻസ് വേഗത്തിൽ ഓടിക്കുന്നതിൽ മാത്രമല്ല, ഗർഭിണികളെ ശുശ്രൂഷിച്ച് കുഞ്ഞിനെ വശത്താക്കാനും മിടുക്കനാണ് മുരുകേശൻ. ആരോഗ്യപ്രവർത്തകരാരും തന്നെ ഇവിടേക്ക് തിരിഞ്ഞു നോക്കാറില്ല. ആവശ്യത്തിന് ചികിത്സയും മരുന്നും ലഭിക്കാതെ ഈ പട്ടികവർഗ കോളനിയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നൂറോളം പേരാണ് മരിച്ചത്. ഇതിൽ ഏറെപ്പേരും ഗർഭിണികളുമാണ്. ഇവിടെ നിന്നും ഗർഭിണികളെ പ്രസവത്തിനായി മുരുകേശൻ കൊണ്ടുപോകുന്നത് രാസിപുരം സർക്കാർ ആശുപത്രിയിലാണ് . ചിലപ്പോൾ ഹെയർപിൻ വളവും തിരിവും കടന്ന് ആംബുലൻസ് ആശുപത്രിയിലെത്തും മുമ്പ് തന്നെ പ്രസവം നടന്നിരിക്കും. ആംബുലൻസിൽ ഗർഭിണികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മുരുകേശൻ വിവരങ്ങളെല്ലാം ചോദിച്ചറിയും. എത്രാമത്തെ പ്രസവം, സാമ്പത്തികനില എങ്ങനെ? വീട്ടുകാർ ആരൊക്ക? തുടങ്ങിയവയൊക്കെ ചോദിച്ചറിയും. മൂന്നാമത്തെയോ നാലാമത്തെയോ പ്രസവമാണെന്നറിഞ്ഞാൽ മുരുകേശൻ കച്ചവടതന്ത്രം പുറത്തെടുക്കും.
'ഇങ്ങനെ കഷ്ടപ്പെട്ട് കുഞ്ഞുങ്ങളെ പോറ്റുന്നതിനെക്കാൾ വിൽക്കുന്നതല്ലേ നല്ലത് 'എന്നാവും അടുത്ത ചോദ്യം. ഗർഭധാരണത്തിന് നിയന്ത്രണങ്ങളൊന്നുമില്ലാത്ത കോളനിവാസികൾക്ക് ഈ ചോദ്യം ജീവിതത്തിന്റെ മറുകരയിലേക്കുള്ള പാലം കൂടിയായി മാറുന്നു. ദുരിതത്തിൽ കഴിയുന്ന കോളനി നിവാസികൾ മുരുകേശന്റെ ഉപദേശത്തിന് തലകുലുക്കും. അങ്ങനെ അവിഹിത ഗർഭങ്ങളും അഹിത സന്തതികളും മുരുകേശന്റെ ശിശുവിപണിക്ക് മുതൽക്കൂട്ടായി മാറും.
ആൺകുട്ടിക്ക് 50,000 രൂപയും പെൺകുഞ്ഞിന് 30000 രൂപയും വില പറഞ്ഞ് മുരുകേശൻ കച്ചവടം ഉറപ്പിക്കും. അവിടെ നിന്നും ആംബുലൻസ് നേരെ പോകുന്നത് രാസിപുരം സർക്കാർ ആശുപത്രിയിലേക്കാണ്. ശിശുകച്ചവടത്തിലെ പ്രധാന മുതലാളി അമുദവല്ലിയെ തേടി മുരുകേശൻ കുതിച്ചെത്തും. അപ്പോഴേക്കും അമുദവല്ലിയുടെ മൊബൈൽ ഫോണിലേക്ക് തുടരെ തുടരെ കാളുകൾ. എല്ലാം ആവശ്യക്കാരാണ്. 30000 രൂപ തന്റെ അക്കൗണ്ടിലേക്ക് അഡ്വാൻസ് ആയി അയയ്ക്കൂ. മറ്റുകാര്യങ്ങൾ നേരിൽ സംസാരിക്കാം എന്നു പറഞ്ഞ് ഫോൺ കട്ട് ചെയ്യുമ്പോഴേക്കും പ്രസവം കഴിഞ്ഞിരിക്കും. ഒരാഴ്ചയ്ക്കകം ജനനസർട്ടിഫിക്കറ്റും റെഡി. അതിനു 70000 രൂപ വേറെ നൽകണം. ഒരു റിസ്ക്കുമില്ലാതെ ക്ഷണനേരം കൊണ്ട് രക്ഷിതാക്കളുടെ കൈകളിലെത്തും സർട്ടിഫിക്കറ്റ്. നഗരസഭയുടെ റജിസ്ട്രേഷൻ വിഭാഗത്തിലും അമുദവല്ലിയുടെ സ്വന്തക്കാരുണ്ട്. കുഞ്ഞിനെ വാങ്ങുന്ന മാതാപിതാക്കളുടെ പേരും വിലാസവും പണവും നൽകിയാൽ മതി.
പെൺകുഞ്ഞ് പിറന്നാൽ മരണവീടു പോലെ
പെൺകുഞ്ഞ് പിറന്നു വീണാൽ മരണവീടു പോലെയാണ് കൊള്ളിമല കോളനി. പെൺകുഞ്ഞായാൽ മാതാപിതാക്കൾക്ക് ദോഷമുണ്ടാകുമെന്ന് അവർ കരുതുന്നു. ആൺകുഞ്ഞായാൽ അവിടെ ഉത്സവമാണ്. പിന്നെ കുഞ്ഞുങ്ങളെ കൈമാറുന്ന ചടങ്ങിലും ആഘോഷമുണ്ട്. മധുരമൊക്കെ നൽകി അതിഥികളെ സ്വീകരിക്കും. കുഞ്ഞിനെ കൊണ്ടുപോകാനെത്തുന്ന മാതാപിതാക്കളെ മാലയിട്ട് തുടി കൊട്ടി കോളനിയിലേക്ക് ആനയിക്കും.
കോളനിയിൽ നിന്നും രണ്ട് വർഷത്തിനിടെ 12 കുട്ടികളെ വില്പന നടത്തിയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന് ലഭിച്ച വിവരം. വില്പന പുറംലോകം അറിഞ്ഞതോടെ ആരോഗ്യവകുപ്പും പൊലീസും കോളനിയിൽ തലങ്ങും വിലങ്ങും പരിശോധന നടത്തി. ആരോഗ്യവകുപ്പ് അധികൃതർ കോളനിയിലെത്തിയ ദിവസം മിക്ക വീടുകളും അടച്ചുപൂട്ടിയ നിലയിലായിരുന്നു. തുറന്നു വച്ച വീടുകളാണെങ്കിൽ കുഞ്ഞുങ്ങളില്ലാത്തവയായിരുന്നു. വീട്ടുകാരോട് കുഞ്ഞുങ്ങളെ കുറിച്ച് ചോദിച്ചപ്പോഴും കൃത്യമായ മറുപടിയില്ല. കുഞ്ഞുങ്ങൾ ബന്ധുവീടുകളിലുണ്ടെന്നും അവർ സന്തോഷത്തോടെ കളിച്ചു രസിച്ച് ജീവിക്കട്ടെയെന്നുമായിരുന്നു മറുപടി. ഈ മറുപടിയിൽ കള്ളമുണ്ടെന്ന് കണ്ടാണ് ആരോഗ്യവകുപ്പ് അന്വേഷണം വിപുലപ്പെടുത്തിയത്. ഇരുപത് സംഘങ്ങളായാണ് അന്വേഷണം നടത്തിയത്. മുമ്പെങ്ങും കോളനിയുടെ പരിസരത്ത് പോലും പോകാത്ത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഈ വാർത്ത കേട്ടപ്പോൾ അരിച്ചു പെറുക്കി. അംഗൻവാടികൾ, ആശുപത്രികൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും വിവരം ശേഖരിച്ചു. വിവരം അന്വേഷിക്കാനെത്തിയ ആരോഗ്യവകുപ്പ് അധികൃതരെ വഴിയിൽ വച്ച് കൈയേറ്റം ചെയ്ത സംഭവവുമുണ്ടായി. അന്വേഷണത്തിനൊടുവിലാണ് കുഞ്ഞുങ്ങൾ ചുരമിറങ്ങി പുതിയ വിപണിയിലെത്തിയതായി ആരോഗ്യവകുപ്പ് കണ്ടെത്തിയത്. തമിഴ്നാട് സംസ്ഥാന ബാലാവകാശ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.
( നാളെ: കടത്തിന് കൂട്ട് കണവൻ )